കൊച്ചിയില്‍ വീണ്ടും മഴ ശക്തമാകുന്നു; പല സ്ഥലങ്ങളിലും വെള്ളക്കെട്ട്

മേനകയിലും പത്മ ജംഗ്ഷനിലുമാണ് പ്രധാനമായും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്
ഫോട്ടോ: ആല്‍ബിന്‍ മാത്യു
ഫോട്ടോ: ആല്‍ബിന്‍ മാത്യു

കൊച്ചി; കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കൊച്ചി നഗരം വെള്ളത്തിലായതിന് പിന്നാലെ വീണ്ടും മഴ ശക്തമാകുന്നു. നഗരത്തില്‍ ബുധനാഴ്ച വൈകിട്ടോടെ തുടങ്ങിയ മഴ നിര്‍ത്താതെ പെയ്യുകയാണ്. തുടര്‍ന്ന് നഗരത്തിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. മേനകയിലും പത്മ ജംഗ്ഷനിലുമാണ് പ്രധാനമായും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. കടകളിലേക്കും വെള്ളം കയറിയിട്ടുണ്ട്. 

വോട്ടെണ്ണല്‍ നടക്കുന്ന മഹാരാജിസ് കൊളേജിന് മുന്നിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇത് ഫയര്‍ഫോഴ്‌സ് എത്തി വെള്ളം പമ്പ് ചെയ്തു നീക്കി. കഴിഞ്ഞ ദിവസം മണിക്കൂറുകള്‍ നീണ്ട മഴയില്‍ നഗരം വെള്ളത്തിനടിയിലായതോടെ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ നടപ്പാക്കിയിരുന്നു. വിവിധ കാനകള്‍ വൃത്തിയാക്കുകയും മറ്റും ചെയ്തതോടെ വെള്ളക്കെട്ട് നീക്കാനായിരുന്നു. എന്നാല്‍ മേനക ജംഗ്ഷനില്‍ ഓപ്പറേഷന്‍ ബ്രേക്ക്ത്രൂ നടപ്പാക്കിയിരുന്നില്ല. ഇതോടെ നഗരത്തിന്റെ ഹൃദയ ഭാഗം വെള്ളത്തിനടിയിലാവുകയായിരുന്നു. 

നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് കൊച്ചി നഗരസഭയെ ഹൈക്കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ജില്ലാ കളക്ടറെ കണ്‍വീനറാക്കി ദൗത്യ സംഘം രൂപീകരിക്കാന്‍ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. കഴിഞ്ഞ പ്രളയത്തില്‍ നിന്നടക്കം ഒരു പാഠവും പഠിച്ചില്ലെന്ന് ചൂണ്ടികാട്ടിയാണ് കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്‌നത്തില്‍ കോര്‍പ്പറേഷന്റെ പിടിപ്പുകേടിനെതിരെ കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കളക്ടര്‍ രംഗത്തിറങ്ങിയില്ലെങ്കില്‍ കൊച്ചിയുടെ സ്ഥിതി എന്താകുമെന്ന് കോര്‍പ്പറേഷന്‍ ആലോചിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. അതിനിടെയാണ് ജനങ്ങളെ ആശങ്കയിലാക്കി വീണ്ടും മഴ ശക്തമാകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com