പതിനാറായിരം നാല്‍പ്പതിനായിരമാക്കി, മികച്ച നേട്ടമെന്ന് കെ സുരേന്ദ്രന്‍

കോന്നി ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച നേട്ടമാണ് കൈവരിച്ചതെന്ന് ബിജെപി നേതാവും മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍
പതിനാറായിരം നാല്‍പ്പതിനായിരമാക്കി, മികച്ച നേട്ടമെന്ന് കെ സുരേന്ദ്രന്‍

കൊച്ചി:  കോന്നി ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച നേട്ടമാണ് കൈവരിച്ചതെന്ന് ബിജെപി നേതാവും മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍. ഇത്തവണ 40,000 വോട്ടുകളാണ് എന്‍ഡിഎയ്ക്ക് ലഭിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത് കേവലം 16000 വോട്ടുകള്‍ മാത്രമായിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടു വ്യത്യാസം രണ്ടു ശതമാനം മാത്രമാണെന്നും ഫെയ്‌സ്ബുക്ക് വീഡിയോയില്‍ സുരേന്ദ്രന്‍ പറഞ്ഞു.

എല്‍ഡിഎഫും യുഡിഎഫും ജാതിതിരിച്ചുളള പ്രചാരണമാണ് നടത്തിയത്. പച്ചയായി ജാതിതിരിച്ചുളള  പ്രചാരണം കേരള തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായിട്ടാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.എല്‍ഡിഎഫ് സംസ്ഥാന മെഷീനറി മുഴുവന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിച്ചു. പാവപ്പെട്ടവരുടെ വീടുകളിലും കോളനികളിലും മന്ത്രിമാര്‍ നേരിട്ടെത്തി വാഗ്ദാനങ്ങള്‍ നല്‍കി. ജോലി നല്‍കാമെന്നും മറ്റും പറഞ്ഞ് ജനങ്ങളെ കൈയിലെടുക്കാനാണ് ഇവര്‍ ശ്രമിച്ചത്. കുടുംബശ്രീയുടെ യോഗം വിളിച്ച് വോട്ട് ഉറപ്പാക്കാന്‍ ശ്രമിച്ചു. എന്‍ഡിഎയെയും ജനങ്ങളെയും ഭിന്നിപ്പിക്കാനും ശ്രമിച്ചു. എന്നാല്‍ ജനങ്ങള്‍ ഇത് തളളിക്കളഞ്ഞു എന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

സാമുദായിക വോട്ടുകള്‍ ലഭിച്ചു. മതന്യൂനപക്ഷങ്ങളുടെ വോട്ടും ഉറപ്പാക്കാന്‍ സാധിച്ചു. ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണ ലഭിച്ചതായും സുരേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകര്‍ അഹോരാത്രം പ്രവര്‍ത്തിച്ചു. ജാതീയമായ ഭിന്നിപ്പുകള്‍ക്ക് ശ്രമിച്ചപ്പോള്‍ രാഷ്ട്രീയം പറഞ്ഞാണ്എന്‍ഡിഎ പ്രചാരണം നടത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാണിച്ചാണ് വോട്ടുതേടിയത്. തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടം കൈവരിക്കാന്‍ സഹായിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും നന്ദി പറയുന്നതായും കെ സുരേന്ദ്രന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com