വരന്‍ കെട്ടിയ മൂന്നരപ്പവന്റെ താലിമാലയും സ്വര്‍ണ്ണാഭരണങ്ങളുമായി ഒളിച്ചോട്ടം; വധുവും കാമുകനും റിമാന്‍ഡില്‍

വിവാഹത്തിനുപിന്നാലെ ഹാളില്‍നിന്ന് ഒളിച്ചോടിയ വധുവിനെയും കാമുകനെയും കൂട്ടാളികളെയും കോടതി റിമാന്‍ഡ് ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: വിവാഹത്തിനുപിന്നാലെ ഹാളില്‍നിന്ന് ഒളിച്ചോടിയ വധുവിനെയും കാമുകനെയും കൂട്ടാളികളെയും കോടതി റിമാന്‍ഡ് ചെയ്തു. നവവരന്റെ പരാതിയില്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റി( മൂന്ന്) ന്റേതാണ് നടപടി. വിശ്വാസവഞ്ചന, ഗൂഢാലോചന, ചതി എന്നീ വകുപ്പുകള്‍ ചുമത്തി കസബ പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തത്.

വധു, കാമുകന്‍, കാമുകന്റെ ജ്യേഷ്ഠന്‍, ജ്യേഷ്ഠന്റെ ഭാര്യ,കാര്‍ ഡ്രൈവര്‍ എന്നിവര്‍ക്കെതിരേയാണ് നവവരന്റെ പരാതി പ്രകാരം കേസെടുത്തത്. ഇതില്‍ ജ്യേഷ്ഠന്റെ ഭാര്യയെ ആരോഗ്യകാരണങ്ങളാല്‍ റിമാന്‍ഡ് ചെയ്തില്ല.

ഞായറാഴ്ച കോഴിക്കോട് നഗരത്തിലെ ഒരു ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. വിവാഹനിശ്ചയം ഏപ്രിലില്‍ നടന്നതാണെന്നും വിവാഹത്തില്‍നിന്നു പിന്‍മാറാനും മറ്റൊരാളോടൊപ്പം പോകാനും ഇതിനിടെയുള്ള ആറുമാസം ഉണ്ടായിരുന്നെന്നും പരാതിക്കാരന്‍ വാദമുന്നയിച്ചു. വിവാഹനിശ്ചയസമയത്തു നല്‍കിയ രണ്ടുപവന്റെ വളയും ഞായറാഴ്ച കെട്ടിയ മൂന്നരപ്പവന്റെ താലിമാലയും ഉള്‍പ്പെടെ എടുത്തായിരുന്നു ഒളിച്ചോട്ടം.

വിവാഹദിവസം പെണ്‍വീട്ടുകാര്‍ 1500 പേര്‍ക്കുള്ള സദ്യയൊരുക്കിയിരുന്നു. വരന്റെവീട്ടിലേക്കു പോകാനായി വസ്ത്രംമാറാന്‍പോയ വധു സുഹൃത്തായ യുവതിയെ ഒപ്പംകൂട്ടി. ഏറെനേരം കഴിഞ്ഞിട്ടും കാണാഞ്ഞപ്പോള്‍ ഇരുവീട്ടുകാരും അന്വേഷണം തുടങ്ങി. സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് വധു കാറില്‍ കയറുന്നതു കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com