'ആത്മാര്‍ഥമായി ജോലി ചെയ്യൂ..., സ്ഥലം വൃത്തിയായി സൂക്ഷിക്കുന്നവരാണ് നല്ല മനസ്സുളളവര്‍'; സര്‍ക്കാര്‍ ഓഫീസില്‍ പൂട്ടുപൊളിച്ചു കയറിയ ആളിന്റെ വക ഉപദേശം

വ്യാഴാഴ്ച രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരിയാണ് പൂട്ടുപൊളിച്ച് ആരോ അകത്തു കയറിയതായി ആദ്യം മനസ്സിലാക്കിയത്.
'ആത്മാര്‍ഥമായി ജോലി ചെയ്യൂ..., സ്ഥലം വൃത്തിയായി സൂക്ഷിക്കുന്നവരാണ് നല്ല മനസ്സുളളവര്‍'; സര്‍ക്കാര്‍ ഓഫീസില്‍ പൂട്ടുപൊളിച്ചു കയറിയ ആളിന്റെ വക ഉപദേശം

തൃശ്ശൂര്‍: കെട്ടിടത്തിന്റെ പൂട്ടുപൊളിച്ചു എന്ന് കേള്‍ക്കുമ്പോള്‍ മനസില്‍ ഓടിയെത്തുക അവിടെ കളളന്‍ കയറി എന്നാണ്. എന്നാല്‍ തൃശൂരിലെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ ഉണ്ടായ സംഭവം മറിച്ചാണ്. ഷൊര്‍ണ്ണൂര്‍ റോഡിലെ സര്‍വേ റേഞ്ച് അസിസ്റ്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ പൂട്ടുപൊളിച്ച് അകത്തുകയറിയ ആള്‍ ഒന്നും മോഷ്ടിച്ചില്ല, പകരം തന്റെ വകയായി ഉദ്യോഗസ്ഥര്‍ക്ക് ഒരു ഉപദേശക്കുറിപ്പ് നല്‍കിയാണ് മടങ്ങിയത്.

'ഞാന്‍ ഒരു കള്ളനല്ല. നിങ്ങള്‍ ആത്മാര്‍ഥമായി ജോലിചെയ്യൂ. ഇരിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുന്നവരാണ് നല്ല മനസ്സുള്ളവര്‍'- ഇങ്ങനെ പോകുന്നു കുറിപ്പിലെ ഉപദേശങ്ങള്‍. ബുധനാഴ്ച രാത്രിയാണ് സംഭവം ഓഫീസിലെ പണമോ കമ്പ്യൂട്ടറുകളോ ഒന്നും നഷ്ടപ്പെട്ടിട്ടില്ല.

വ്യാഴാഴ്ച രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരിയാണ് പൂട്ടുപൊളിച്ച് ആരോ അകത്തു കയറിയതായി ആദ്യം മനസ്സിലാക്കിയത്. അലമാരകള്‍ എല്ലാം തുറന്നു പരിശോധിച്ച നിലയിലായിരുന്നു. എല്ലാ അലമാരകളുടെയും താക്കോലുകള്‍ എടുത്ത് തറയില്‍ തുണി വിരിച്ച് അതില്‍ നിരത്തിയ നിലയിലാണ്. സമീപത്തായാണ് കുറിപ്പു വച്ചിരുന്നത്.

രേഖകളും പ്രഥമദൃഷ്്ട്യാ മോഷണം നടന്നതായി കാണുന്നില്ല. എന്നാല്‍, ഇക്കാര്യം കൂടുതല്‍ അന്വേഷണത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് തൃശ്ശൂര്‍ ഈസ്റ്റ് എസ് ഐ ജയകുമാര്‍ പറഞ്ഞു.സംഭവത്തെത്തുടര്‍ന്ന് വിരലടയാള വിദഗ്ധര്‍ എത്തി പരിശോധന നടത്തി. തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് വെള്ളിയാഴ്ച കേസെടുക്കും. തൃശ്ശൂര്‍ എസിപി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി കൊടുത്തിട്ടുണ്ടെന്നും സര്‍വ്വേ ലാന്‍ഡ് റെക്കോഡ്‌സിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും സര്‍വ്വേ റേഞ്ച് അസിസ്റ്റന്റ് ഡയറക്ടര്‍ ഇ കെ സുധീര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com