എംഎല്‍എമാരെ എംപിമാരാക്കിയത് ജനത്തിന് ഇഷ്ടപ്പെട്ടില്ല: മുരളീധരന്‍ 

എന്‍എസ്എസിനെ എതിര്‍ക്കാന്‍ ആര്‍എസ്എസിനെ കൂട്ടുപിടിക്കുകയാണ് സിപിഎം ചെയ്തത്. ആര്‍എസ്എസ് വോട്ടുകള്‍ എല്‍ഡിഎഫിലേക്കു മറിച്ചിട്ടുണ്ടെന്ന് മുരളീധരന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോഴിക്കോട്: എംഎല്‍എമാരെ എംപിമാരാക്കിയത് ജനങ്ങള്‍ക്ക് ഇഷ്ടമായില്ലെന്ന സൂചന ഉപതെരഞ്ഞെടുപ്പു ജനവിധിയില്‍നിന്നു വ്യക്തമാണെന്ന് കെ മുരളീധരന്‍ എംപി. പോളിങ് ശതമാനം കുറഞ്ഞതില്‍ ഉള്‍പ്പെടെ പ്രകടമായത് ഈ അതൃപ്തിയാണെന്ന് മുരളീധരന്‍ മാധ്യമങ്ങളോടു പറഞ്ഞു.

വട്ടിയൂര്‍ക്കാവിലേത് ഉള്‍പ്പെടെയുള്ള ജനവിധികള്‍ പരിശോധിച്ചാല്‍ പല കാര്യങ്ങളും വ്യക്തമാണ്. എംഎല്‍എമാരെ രാജിവയ്പിച്ച് എംപിമാരാക്കിയത് ജനങ്ങള്‍ക്ക് ഇഷ്ടമായിട്ടില്ല. പോളിങ് ശതമാനം കുറഞ്ഞതിന് ഒരു കാരണം അതാണ്. ഇനി ഒന്നര വര്‍ഷത്തേക്കായി പുതിയ ഒരാളെ എന്തിന് തെരഞ്ഞെടുക്കണം എന്ന് അവര്‍ ചിന്തിച്ചു- മുരളീധരന്‍ പറഞ്ഞു. 

വട്ടിയൂര്‍ക്കാവില്‍ സിപിഎം ജാതി പറഞ്ഞ് വോട്ടു പിടിച്ചതിന് തന്റെ പക്കല്‍ തെളിവുകളുണ്ട്. ഇപ്പോള്‍ അതു പുറത്തുവിടുന്നില്ല. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരിട്ടാണ് അതു ചെയ്തത്. ഈഴവ എംഎല്‍എ വേണമെന്ന് പലരോടും പറഞ്ഞു. എന്‍എസ്എസിനെ എതിര്‍ക്കാന്‍ ആര്‍എസ്എസിനെ കൂട്ടുപിടിക്കുകയാണ് സിപിഎം ചെയ്തത്. ആര്‍എസ്എസ് വോട്ടുകള്‍ എല്‍ഡിഎഫിലേക്കു മറിച്ചിട്ടുണ്ടെന്ന് മുരളീധരന്‍ ആരോപിച്ചു. 

ഉപതെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് പ്രശാന്തിനെ മേയര്‍ ബ്രൊ ആയി അവതരിപ്പിക്കുകയായിരുന്നു സിപിഎം. പ്രളയകാലത്ത് റസിഡന്‍സ് അസോസിയേഷനുകള്‍ ശേഖരിച്ചു നല്‍കിയ സാധനങ്ങള്‍ കൊടി വീശി കയറ്റിയയക്കുകയല്ലാതെ പ്രശാന്ത് ഒന്നും ചെയ്തില്ല. അതുതന്നെ കഴിഞ്ഞ തവണ കയറ്റി അയച്ചതിന്റെ അത്രയൊന്നും ഇത്തവണ ചെയ്തില്ല. അതിനെ വലിയ കാര്യമായി അവതരിപ്പിക്കുകയായിരുന്നുവെന്ന് മുരളീധരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com