എതെങ്കിലും പാര്‍ട്ടിക്ക് വോട്ടു ചെയ്യണമെന്ന് എന്‍എസ്എസ് പറഞ്ഞിട്ടില്ല: ജി സുകുമാരന്‍ നായര്‍

എതെങ്കിലും പാര്‍ട്ടിക്ക് വോട്ടു ചെയ്യണമെന്ന് എന്‍എസ്എസ് പറഞ്ഞിട്ടില്ല: ജി സുകുമാരന്‍ നായര്‍
ജി സുകുമാരന്‍ നായര്‍ (ഫയല്‍)
ജി സുകുമാരന്‍ നായര്‍ (ഫയല്‍)

കോട്ടയം: ഉപതെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പാര്‍ട്ടിക്കോ വ്യക്തിക്കോ വോട്ടു ചെയ്യണമെന്ന് എന്‍എസ്എസ് പറഞ്ഞിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശരിദൂരം പാലിക്കാന്‍ മാത്രമാണ് എന്‍എസ്എസ് സമുദായ അംഗങ്ങളോട് ആഹ്വാനം ചെയ്തതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.

മുന്‍ തെരഞ്ഞെടുപ്പുകളിലെല്ലാം സമദൂരമായിരുന്നു എന്‍എസ്എസ് നിലപാട്. ഇക്കുറി അത് ശരിദൂരമാക്കി. അതിനര്‍ഥം ഏതെങ്കിലും പാര്‍ട്ടിക്കോ വ്യക്തിക്കോ വോട്ടു ചെയ്യണമന്നല്ല. ശരിദൂര നയം പ്രഖ്യാപിക്കുമ്പോള്‍ സംഘടന ഒരു അവകാശവാദവും ഉന്നയിച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി.

എന്‍എസ്എസില്‍ പലവിധ രാഷ്ട്രീയ ആദര്‍ശങ്ങള്‍ പിന്തുടരുന്നവരുണ്ട്. അവരുടെ രാഷ്ട്രീയത്തില്‍ സംഘടന ഒരുകാലത്തും ഇടപെട്ടിട്ടില്ല. അവരവര്‍ക്കു വിശ്വാസമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിനുള്ള സ്വാതന്ത്ര്യം എന്‍എസ്എസ് അംഗങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്. ശരിദൂര നയം പ്രഖ്യാപിച്ചപ്പോള്‍ തിരുവനന്തപുരം താലൂക്കിലെ കോണ്‍ഗ്രസുകാരായ സമുദായ അംഗങ്ങള്‍ കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിച്ചു. ഇതുപോലെ മറ്റു പാര്‍ട്ടികള്‍ക്കു വേണ്ടിയും സമുദായ അംഗങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിച്ചതു മാത്രമാണ് ചര്‍ച്ചാ വിഷയമായത്. ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ടീക്കാറാം അനാവശ്യമായ പരാമര്‍ശങ്ങളിലൂടെ അതിനെ വിവാദമാക്കി. മീണയ്‌ക്കെതിരെ എന്‍എസ്എസ് നിയമ നടപടിക്കു തുടക്കമിട്ടിട്ടുണ്ടെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.

വിശ്വാസികള്‍ക്ക് എതിരായ നിലപാടാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊണ്ടതെന്ന് സുകുമാരന്‍ നായര്‍ ആവര്‍ത്തിച്ചു. ശരിദൂര നയത്തിന്റെ അടിസ്ഥാനം അതാണെന്ന് അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com