'താനാണ് രാജാവ് എന്ന തരത്തിലാണ് പലരും തെരഞ്ഞെടുപ്പിനെ സമീപിച്ചത്'; നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് പീതാംബരക്കുറുപ്പ്

വട്ടിയൂർക്കാവിലെ തോൽവിക്ക് പിന്നാലെ കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എൻ പിതാംബരക്കുറുപ്പ്
'താനാണ് രാജാവ് എന്ന തരത്തിലാണ് പലരും തെരഞ്ഞെടുപ്പിനെ സമീപിച്ചത്'; നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് പീതാംബരക്കുറുപ്പ്

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ തോൽവിക്ക് പിന്നാലെ കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എൻ പിതാംബരക്കുറുപ്പ്. വട്ടിയൂർക്കാവ് മണ്ഡലം മാർക്സിസ്റ്റ് പാർട്ടിക്ക് കോൺ​ഗ്രസ് അടിയറവ് വച്ചുവെന്ന് പിതാംബരക്കുറുപ്പ് പൊട്ടിത്തെറിച്ചു. 

താനാണ് രാജാവ് എന്ന തരത്തിലാണ് പലരും തെരഞ്ഞെടുപ്പിനെ സമീപിച്ചത്. കോൺ​ഗ്രസ് പ്രവർത്തകരുടെ ആത്മവീര്യം നഷ്ടപ്പെടുത്തി. പാർട്ടിയ്ക്കുള്ളിൽ ചികിത്സ നടത്തേണ്ട സമയം അതിക്രമിച്ചെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു. 

എൻഎസ്എസിനെ പഴിചാരി തോൽവിയിൽ നിന്ന് ഒഴിഞ്ഞു മാറാൻ കോൺ​ഗ്രസിനാകില്ല. തനിക്ക് സീറ്റ് തരാത്തതിൽ ദുഃഖമില്ല. കോൺ​ഗ്രസ് ഒരാളെ എവിടെ വച്ച് ഒതുക്കുമെന്ന് തനിക്ക് നന്നായി അറിയാമെന്നും പിതാംബരക്കുറുപ്പ് വ്യക്തമാക്കി. 

നേരത്തെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയായി ആദ്യം പരി​ഗണിച്ചിരുന്നത് പീതാംബരക്കുറുപ്പിനെയായിരുന്നു. കെ മുരളീധരൻ എംപിയുടെ ആശീർവാദത്തോടെയായിരുന്നു പീതാംബരക്കുറുപ്പിനെ ആദ്യം പരി​ഗണിച്ചത്. എന്നാൽ പിന്നീട് മോഹൻ കുമാറിനെയാണ് കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി നിർത്തിയത്. അദ്ദേഹത്തിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.

വട്ടിയൂര്‍ക്കാവില്‍ ഉറുമ്പിനെ ഒട്ടകമാക്കുന്ന എല്‍ഡിഎഫിന്റെ പ്രചാരണത്തിന് ഫലം കണ്ടുവെന്നായിരുന്നു തോൽവിക്ക് ശേഷമുള്ള മോഹൻ കുമാറിന്റെ ആദ്യ പ്രതികരണം. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച നിലയില്‍ മുന്നേറാന്‍ സാധിച്ചുവെന്നും മോഹന്‍കുമാര്‍ പറഞ്ഞു.

2019 മെയ് 23ന് ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടനെ വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പ് ഉറപ്പിച്ചിരുന്നു. ഇടതു മുന്നണിക്ക് തെരഞ്ഞെടുപ്പില്‍ വിജയം അനിവാര്യമായിരുന്നു. അതിനനുസരിച്ചുളള പ്രവര്‍ത്തനമാണ് അവര്‍ കാഴ്ചവെച്ചത്. അതില്‍ അവര്‍ക്ക് മുന്നേറാന്‍ സാധിച്ചു എന്നാണ് തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ നല്‍കുന്നതെന്ന് മോഹന്‍കുമാര്‍ പറഞ്ഞു. ഉറുമ്പിനെ ഒട്ടകമാക്കുന്ന അവരുടെ പ്രചാരണം ഫലം കണ്ടുവെന്നും മോഹന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com