'പിണറായിക്ക് തുഷാറിന്റെ അഭിനന്ദനം'; അഡ്മിനെ ബിഡിജെഎസ് പുറത്താക്കി

ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ച കിരണ്‍ ചന്ദ്രനെ ബിഡിജെഎസ് പുറത്താക്കി
'പിണറായിക്ക് തുഷാറിന്റെ അഭിനന്ദനം'; അഡ്മിനെ ബിഡിജെഎസ് പുറത്താക്കി

കൊച്ചി: ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ച കിരണ്‍ ചന്ദ്രനെ ബിഡിജെഎസ് പുറത്താക്കി. ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെളളാപ്പളളിയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് മുഖ്യന്ത്രി പിണറായി വിജയനെയും വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വിജയി വി കെ പ്രശാന്തിനെയും അഭിനന്ദിച്ച് കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ഇത് വിവാദമായ പശ്ചാത്തലത്തില്‍ കുറിപ്പ് പിന്‍വലിച്ചതായും ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്ത വ്യക്തി അബദ്ധത്തില്‍ പോസ്റ്റ് ഇട്ടതാണെന്നും വ്യക്തമാക്കി തുഷാര്‍ വെളളാപ്പളളി വിശദീകരണവുമായി രംഗത്തുവന്നിരുന്നു. വിഷയം ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ബിഡിജെഎസ് സോഷ്യല്‍മീഡിയ വിഭാഗം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ കിരണ്‍ ചന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

'പിന്നോക്കക്കാരനായ മുഖ്യമന്ത്രിയും മുന്നോക്ക ഭൂരിപക്ഷ മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച പിന്നോക്കക്കാരനും ഒരുമിച്ച് തലയുയര്‍ത്തി നില്‍ക്കുന്ന ഈ കാഴ്ച കേരളത്തില്‍ അധസ്ഥിത ജനവിഭാഗങ്ങള്‍ക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ്', എന്നായിരുന്നു തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ തുഷാറിന്റെ പേജില്‍ വന്ന വിവാദ കുറിപ്പ്.  സംഭവം വിവാദമായതിനെ തുടര്‍ന്ന് നിമിഷങ്ങള്‍ക്കകം കുറിപ്പ് പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി തുഷാര്‍ വെളളാപ്പളളി രംഗത്ത് വന്നത്.

'പ്രിയ സഹോദരങ്ങളെ എന്റെ ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഒരു അഡ്മിന്‍ പാനലാണ്.അതിലൊരു സഹോദരന്‍ കിരണ്‍ ചന്ദ്രന്‍ അദ്ദേഹത്തിന്റെ ഫോണില്‍ നിന്നും അബദ്ധവശാല്‍ എന്റെ ഫെയ്‌സ്ബുക്കിലേക്ക് വന്ന ഒരു പോസ്റ്റ് എനിക്കും എന്റെ സഹപ്രവര്‍ത്തകര്‍ക്കും ഒരുപോലെ വേദനയുളവാക്കുന്നതായിരുന്നു.അശ്രദ്ധയായി പേജ് കൈകാര്യം ചെയ്തതിലുള്ള പിഴവിന് ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു.' - തുഷാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികള്‍ ഇങ്ങനെയാണ്.

'അനാവശ്യ തെറ്റിദ്ധാരണകള്‍ക്ക് കാരണമായ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.എന്‍ഡിഎ മുന്നണിയുടെ അവിഭാജ്യ ഘടകമാണ് എന്നും ബി.ഡി.ജെ.എസ്.അതില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.കോന്നിയിലുള്‍പ്പെടെ എന്‍ഡിഎ യ്ക്കുണ്ടായ വോട്ട് വര്‍ദ്ധനവ് ശുഭസൂചന തന്നെയാണ്.വരും തെരഞ്ഞെടുപ്പുകളില്‍ ഇപ്പോഴത്തെ കഷ്ടപ്പാടിനുള്ള ഫലം ലഭിക്കുക തന്നെ ചെയ്യും.നമുക്ക് ഒരുമിച്ച് ശക്തമായി മുന്നോട്ട് പോകാം.' - തുഷാര്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com