മരടില്‍ എല്ലാവര്‍ക്കും 25 ലക്ഷം നഷ്ടപരിഹാരം; പൊളിക്കലില്‍നിന്നു പിന്നോട്ടില്ലെന്ന് സുപ്രീം കോടതി

വില്‍പ്പന രേഖയില്‍ കുറഞ്ഞ തുക കാണിച്ചവര്‍ക്കും 25 ലക്ഷം നല്‍കണമെന്ന് കോടതി
മരടില്‍ എല്ലാവര്‍ക്കും 25 ലക്ഷം നഷ്ടപരിഹാരം; പൊളിക്കലില്‍നിന്നു പിന്നോട്ടില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ചതിന് പൊളിക്കാന്‍ ഉത്തരവിട്ട ഫ്‌ലാറ്റുകളുടെ ഉടമകള്‍ക്കെല്ലാം ഇരുപത്തിയഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം. ഇതിനായി നിര്‍മാതാക്കള്‍ ഇരുപതു കോടി രൂപ കെട്ടിവയ്ക്കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു.

തീരദേശ പരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാനുള്ള തീരുമാനത്തില്‍നിന്നു പിന്നോട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഉത്തരവില്‍ ഭേദഗതി വേണമെന്ന നിര്‍മാതാക്കളുടെ ആവശ്യം കോടതി തള്ളി. കോടതിയുടെ ഉത്തരവുകള്‍ ഉത്തരവുകള്‍ തന്നെയാണ്. അതു നടപ്പാക്കാനുള്ളതാണ്. അതില്‍ ഭേദഗതി ആവശ്യപ്പെട്ട് കോടതിയുടെ സമയം പാഴാക്കരുതെന്ന് നിര്‍മാതാക്കള്‍ക്ക് കോടതി മുന്നറിയിപ്പു നല്‍കി. കോടതിയില്‍ നേരിട്ടു ഹാജരായി സ്വന്തം ഭാഗം പറയാന്‍ ശ്രമിച്ച നിര്‍മാതാക്കളെ ജസ്റ്റിസ് അരുണ്‍ മിശ്ര ശാസിച്ചു.

പ്രകൃതി ദുരന്തങ്ങളില്‍ നൂറു കണക്കിനു പേരാണ് ഈ വര്‍ഷം മരിച്ചത്. ഈ സാഹചര്യത്തില്‍ നിയമം ലംഘിച്ചു നിര്‍മിച്ച ഒരു നിര്‍മിതി പൊളിക്കാനുള്ള ഉത്തരവില്‍ ഒരു മാറ്റവും വരുത്താനാവില്ലെന്ന കോടതി ആവര്‍ത്തിച്ചു.

ഇരുപത്തിയഞ്ചു ലക്ഷം നഷ്ടപരിഹാരം എ്ന്ന കോടതി നിര്‍ദേശം പാലിക്കപ്പെടുന്നില്ലെന്ന ഉടമകളുടെ പരാതി വിശദമായി പരിശോധിക്കുമെന്ന് കോടതി അറിയിച്ചു. തല്‍ക്കാലം എല്ലാവര്‍ക്കും കോടതി നിര്‍ദേശിച്ച പ്രകാരം നഷ്ടപരിഹാരം നല്‍കണം. വില്‍പ്പന രേഖയില്‍ കുറഞ്ഞ തുക കാണിച്ചവര്‍ക്കും 25 ലക്ഷം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാര സമിതിക്ക് പിന്നീട് രേഖകള്‍ പരിശോധിച്ച് മാറ്റം വരുത്താവുന്നതാണ്. നഷ്ടപരിഹാരം നല്‍കുന്നതിനുള്ള തുകയ്ക്കായി 20 കോടി നിര്‍മാതാക്കള്‍ കെട്ടിവയ്ക്കണം. അതിനായി അവരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി താല്‍ക്കാലികമായി പിന്‍വലിക്കുകയാണെന്നും കോടതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com