ശക്തമായ കാറ്റും മഴയും; കലോത്സവ വേദിയും പന്തലും തകര്‍ന്നു

ശക്തമായ മഴയിലും കാറ്റിലും കാസര്‍കോട് ഉപജില്ലാ കലോത്സവ വേദിയും പന്തലും തകര്‍ന്നു
ശക്തമായ കാറ്റും മഴയും; കലോത്സവ വേദിയും പന്തലും തകര്‍ന്നു

കാസര്‍കോട്: ശക്തമായ മഴയിലും കാറ്റിലും കാസര്‍കോട് ഉപജില്ലാ കലോത്സവ വേദിയും പന്തലും തകര്‍ന്നു. കൊളത്തൂര്‍ ഗവ. ഹൈസ്‌കൂളില്‍ നടക്കുന്ന കലോത്സവത്തിന്റെ വേദിയും പന്തലുമാണ് കാറ്റിലും മഴയിലും തകര്‍ന്നത്. പരിപാടിയുടെ ഒരു ഒഫീഷ്യലിന് പരിക്കു പറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. പന്തല്‍ വീഴുന്നതിന് തൊട്ടുമുന്‍പ് വേദിയില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

കനത്തമഴ ഉണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കലോത്സവത്തെ ഇതില്‍ നിന്നും ഒഴിവാക്കിയിരുന്നു. കാസര്‍കോട് ഉള്‍പ്പെടെ ഏഴു ജില്ലകളില്‍ കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

കലോത്സവം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അതേസമയം വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ വ്യത്യസ്ത സ്‌കൂളുകളില്‍ നിന്നും നിരവധി കുട്ടികള്‍ എത്തുമെന്നതിനാല്‍, ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്നത്തെ പരിപാടികള്‍ മാറ്റിവെയ്ക്കാതിരുന്നത് ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com