ശക്തമായ മഴ: കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്
ശക്തമായ മഴ: കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ രത്‌നഗിരി തീരത്തുനിന്ന് 360 കിലോമീറ്റര്‍ ദൂരത്തിലും തെക്കുപടിഞ്ഞാറന്‍ മുംബെയില്‍നിന്ന് 490 കിലോമീറ്റര്‍ ദൂരത്തിലും ഒമാനിലെ സലാല തീരത്തുനിന്ന് 1750 കിലോമീറ്റര്‍ ദൂരത്തിലുമായിരുന്നു തീവ്ര ന്യൂനമര്‍ദത്തിന്റെ സ്ഥാനം. അടുത്ത 12 മണിക്കൂറില്‍ ഇതൊരു അതിതീവ്ര ന്യൂനമര്‍ദമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്നലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു.

ഇന്ന് വൈകീട്ടുവരെ കിഴക്ക്, വടക്കു  കിഴക്ക് ദിശയിലായി സഞ്ചരിക്കുമെന്നും ശേഷം ദിശമാറി പടിഞ്ഞാറ് ദിശയില്‍ തെക്ക് ഒമാന്‍, യമന്‍ തീരത്തെ ലക്ഷ്യമാക്കി ക്രമേണ കൂടുതല്‍ ശക്തി പ്രാപിച്ചുകൊണ്ട് അടുത്ത 72 മണിക്കൂറില്‍ സഞ്ചരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

കേരളം തീവ്ര ന്യൂനമര്‍ദത്തിന്റെ സഞ്ചാര പഥത്തിലില്ലെങ്കിലും ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ വിവിധയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. തീവ്ര ന്യൂനമര്‍ദത്തിന്റെ സ്വാധീനമുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ ഒരുകാരണവശാലും കടലില്‍ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com