'കൊച്ചി മേയറെ മാറ്റണം'; നിലപാടില്‍ ഉറച്ച് ജില്ലാ നേതൃത്വം

നഗരസഭയിലെ സാഹചര്യം ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച ചെയ്തു
'കൊച്ചി മേയറെ മാറ്റണം'; നിലപാടില്‍ ഉറച്ച് ജില്ലാ നേതൃത്വം

കൊച്ചി; കൊച്ചി മേയര്‍ സൗമിനി ജെയ്‌നിനെ മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ച് എറണാകുളം ജില്ലാ നേതൃത്വം. മേയര്‍ക്ക് പിന്തുണയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമകൃഷ്ണന്‍ രംഗത്തെത്തിയതോടെയാണ് ഡിസിസി നിലപാട് കടിപ്പിച്ചത്. നഗരസഭയിലെ സാഹചര്യം ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച ചെയ്തു. ജില്ലാ നേതൃത്വത്തിന്റെ വികാരം കെപിസിസി പ്രസിഡന്റിനെ അറിയിക്കും. നഗരസഭയിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് ഘടകക്ഷികളുമായി ചര്‍ച്ച ചെയ്തു. 

ഒറ്റ മഴയില്‍ കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങിയതോടെയാണ് കൊച്ചി കോര്‍പ്പറേഷന്റെയും മേയറുടേയും പ്രവര്‍ത്തനം രൂക്ഷ വിമര്‍ശനത്തിന് ഇരയായത്. ഹൈക്കോടതിയും കോര്‍പ്പറേഷന്റെ പ്രവര്‍ത്തനത്തിനെതിരേ രംഗത്തെത്തിയിരുന്നു. കൂടാതെ യുഡിഎഫിന്റെ കുത്തക മണ്ഡലമായ എറണാകുളത്തെ ഭൂരിപക്ഷം കുറഞ്ഞതും മേയറെ മാറ്റണമെന്ന ആവശ്യം ശക്തമാകാന്‍ കാരണമായി.  ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്ത് യുഡിഎഫ് പ്രതീക്ഷിച്ചത് 10000ന് മുകളിലുള്ള ഭൂരിപക്ഷമായിരുന്നു. ഐ ഗ്രൂപ്പ് കാരനായ ടി.ജെ. വിനോദിന് കിട്ടിയതാകട്ടെ 3750 വോട്ടിന്റെ ലീഡും. ഇതോടെയാണ്,  വെള്ളക്കെട്ടും മോശം റോഡുകളും ഗതാഗത കുരുക്കും ഉള്‍പ്പെടെ കോര്‍പ്പറേഷന്റെ ഭരണപരാജയമാണ് ഇതിന് കാരണമെന്നും എ ഗ്രൂപ്പുകാരിയായ സൗമിനി ജെയിനിനെ നീക്കണമെന്നും ഐ ഗ്രൂപ്പ് ആവശ്യമുയര്‍ത്തിയത്. 

അതിനിടെ തനിക്കെതിരേ രൂക്ഷ വിമര്‍ശനം നടത്തിയ ഹൈബി ഈഡന്‍ എംപിയ്‌ക്കെതിരേ മേയര്‍ തുറന്നടിച്ചു. ഹൈബി ഉള്‍പ്പെടെയുള്ളവരുടെ ഭാവമാറ്റം എന്തുകൊണ്ടെന്ന് അറിയില്ലെന്നും നേട്ടം മാത്രം സ്വന്തം പേരിലാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു. കാലാവധി അവസാനിച്ചാല്‍ മാത്രമേ സ്ഥാനമൊഴിയൂ എന്നും കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം നടത്തിയ ബ്രേക്ക് ട്രൂ പ്രത്യേകിച്ച് എന്ത് ചെയ്‌തെന്ന് അറിയില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com