താനൂരിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

താനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസഹാഖിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
താനൂരിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍


മലപ്പുറം: താനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസഹാഖിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അഞ്ചൂടി സ്വദേശികളായ മുഫീസ്, മഷ്ഹൂദ്, താഹ എന്നിവരാണ് അറസ്റ്റിലായത്. മുഫീസിനും മഷ്ഹൂദിനും കൊലയില്‍ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.

വ്യാഴാഴ്ച രാത്രിയാണ് അഞ്ചൂടി സ്വദേശി ഇസഹാഖിനെ വെട്ടിക്കൊലപ്പെടുത്തിയത്. പിന്നില്‍ സിപിഎമ്മാണ് എന്നാരോപിച്ച് മുസ്‌ലിം ലീഗ് രംഗത്ത് വന്നിരുന്നു. ഇസഹാഖിന്റെ കൊലപാതകത്തിന് പിന്നാല്‍ സിപിഎം നേതാവ് പി ജയരാജനാണെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ആരോപിച്ചിരുന്നു. കൊലപാതകം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണോയെന്ന് കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കണമെന്ന് ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജില്ലയിലെ തീരപ്രദേശങ്ങളെ കലാപഭുമിയാക്കാനാണ് സിപിഎം നീക്കം. ഇതിന്റെ ഭാഗമായാണ് ഇസ്ഹാക്കിനെ കൊലപ്പെടുത്തയത്. ഒരു പെറ്റികേസില്‍ പോലും പ്രതിയാകാത്ത ആളാണ് ഇസ്ഹാക്കെന്ന് ഫിറോസ് പറഞ്ഞു.  മുമ്പ് ചെറിയ സംഘര്‍ഷമുണ്ടായപ്പോള്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് പ്രദേശത്ത് സമാധാനമുണ്ടാക്കിയതാണ്. കഴിഞ്ഞ ആറു മാസമായി തീരദേശത്ത് യാതൊരു പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ലെന്ന് ഫിറോസ് പറഞ്ഞു.

എന്നാല്‍ ഒരാഴ്ച മുമ്പാണ് പ്രദേശത്ത് പി ജയരാജന്‍ സന്ദര്‍ശനം നടത്തിയത്. അതിന് ശേഷം സിപിഎം പ്രവര്‍ത്തകര്‍ 'കൗണ്ട് ഡൗണ്‍' എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായും പ്രദേശത്തുള്ളവര്‍ പറയുന്നു. ഇന്ന് ഇസഹാഖിനെ കൊലപ്പെടുത്തിയപ്പോഴാണ് വാട്‌സ്അപ്പ് സ്റ്റാറ്റസിന്റെ ഉദ്ദേശ്യം മനസ്സിലാക്കാനായത്. സിപിഎമ്മിലെ കണ്ണൂര്‍ ലോബിയുടെ ഇടപെടലും അന്വേഷിക്കേണ്ടതുണ്ട്. ജയരാജന്റെ സന്ദര്‍ശനവും ഈ കൊലപാതകവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കണം. കൊലപാതക രാഷ്ട്രീയം മലപ്പുറത്തേക്കും വ്യാപിപ്പിക്കാനുള്ള ഏത് ശ്രമത്തെയും ജനാധിപത്യ മാര്‍ഗ്ഗത്തില്‍ പാര്‍ട്ടി ചെറുത്ത് തോല്‍പ്പിക്കുമെന്ന് പികെ ഫിറോസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com