ബിജെപി പുതിയ അധ്യക്ഷന്‍; സുരേന്ദ്രനും രമേശിനുമായി ചരടുവലിച്ച് ഗ്രൂപ്പുകള്‍ 

മിസോറം ഗവണര്‍ണറായി പിഎസ് ശ്രീധരന്‍ പിള്ള പോകുമ്പോള്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി ആര് വരുമെന്ന ചോദ്യം ഉയരുകയാണ്
ബിജെപി പുതിയ അധ്യക്ഷന്‍; സുരേന്ദ്രനും രമേശിനുമായി ചരടുവലിച്ച് ഗ്രൂപ്പുകള്‍ 

തിരുവനന്തപുരം: മിസോറം ഗവണര്‍ണറായി പിഎസ് ശ്രീധരന്‍ പിള്ള പോകുമ്പോള്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി ആര് വരുമെന്ന ചോദ്യം ഉയരുകയാണ്. ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രനും എംടി രമേശിനും വേണ്ടി ഗ്രൂപ്പുകള്‍ രംഗത്തെത്തിക്കഴിഞ്ഞു. 

14 മാസത്തിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആറ് നിയമസഭാ ഉപ തെരഞ്ഞെടുപ്പുകളിലും ശബരിമല പ്രക്ഷോഭത്തിലും പാര്‍ട്ടിയെ നയിച്ച ശ്രീധരന്‍ പിള്ളയുടെ പിന്‍ഗാമി ആരാകും. ഈ ചോദ്യത്തിന് വൈകാതെ ഉത്തരമുണ്ടാകുമെന്നാണ് ദേശീയ നേതൃത്വ നല്‍കുന്ന സൂചന. 

ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോഴാണ് കുമ്മനത്തെ മിസോറം ഗവര്‍ണറാക്കിയത്. തുടര്‍ന്ന് ആരാകും അധ്യക്ഷനെന്ന തര്‍ക്കം മാസങ്ങളോളം നീണ്ടു. വി മുരളീധരന്‍ പക്ഷം കെ സുരേന്ദ്രനേയും പികെ കൃഷ്ണദാസ് പക്ഷം എംടി രമേശിനും വേണ്ടി നിലയുറപ്പിച്ചതോടെ തര്‍ക്കം രൂക്ഷമായി. ഇതോടെയാണ് ഗ്രൂപ്പുകള്‍ക്ക് അതീതനായ ശ്രീധരന്‍ പിള്ളയെ അധ്യക്ഷനാക്കിയതും 2018 ഓഗസ്റ്റ് രണ്ടിന് അദ്ദേഹം ചുമതലയേറ്റതും. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കഴിയാഞ്ഞതും ഉപ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടിയും അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. എന്നാല്‍ പുനഃസംഘടനയോടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

അധ്യക്ഷ സ്ഥാനത്തേക്ക് സുരേന്ദ്രനും രമേശിനും വേണ്ടി ഗ്രൂപ്പു തിരിഞ്ഞ് ആവശ്യം ശക്തമാകും. കേന്ദ്ര നേതൃത്വത്തോട് ഏറെ അടുപ്പമുള്ള വി മുരളീധരന്റെ ഡല്‍ഹിയിലെ സാന്നിധ്യം സുരേന്ദ്രന് അനുകൂലമാകും. കഴിഞ്ഞ തവണ ആര്‍എസ്എസിന്റെ സഹസര്‍കാര്യവാഹക് ദത്താത്രേയ ഹൊസബളെ സുരേന്ദ്രനെ അധ്യക്ഷനാക്കാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഗ്രൂപ്പ് പോര് ശക്തമാകുമെന്നു കണ്ട് സമവായമെന്ന നിലയില്‍ പിള്ളയെ പരിഗണിക്കുകയായിരുന്നു. 

രണ്ട് ദിവസം മുന്‍പ് കൊച്ചിയില്‍ ആര്‍എസ്എസ്- ബിജെപി സംയുക്ത യോഗം നടന്നിരുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ പുതിയ അധ്യക്ഷന്‍ വരുമെന്ന് സന്തോഷ് അറിയിച്ചിരുന്നു. ഈ യോഗത്തില്‍ എംടി രമേശും പങ്കെടുത്തിരുന്നു. 

ആര്‍എസ്എസിന്റെ മനസ് പൂര്‍ണമായും രമേശിനൊപ്പമാണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ഉറപ്പിച്ചു പറയുന്നു. ഇനി തര്‍ക്കം മൂത്താല്‍ സമവായമെന്ന നിലയില്‍ കുമ്മനത്തെ പരിഗണിച്ച് ഗ്രൂപ്പിന് തടയിടും എന്നു കരുതുന്നവരുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com