വാളയാര്‍ പീഡനം; പോക്‌സോ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് എകെ ബാലന്‍

അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെങ്കില്‍ അത് പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് എകെ ബാലന്‍
വാളയാര്‍ പീഡനം; പോക്‌സോ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് എകെ ബാലന്‍

കൊച്ചി: വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതികളെ വെറുതെ വിട്ട കോടതി നടപടിക്കെതിരെ അപ്പീല്‍ പോകുന്നതിനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി എകെ ബാലന്‍. വിധിപ്പകര്‍പ്പ് ലഭിച്ചാല്‍ അത് പരിശോധിച്ച് നടപടി സ്വീകരിക്കും. പോക്‌സോ വകുപ്പുകള്‍ക്കു പുറമേ, ബലാല്‍സംഗം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തത്.അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെങ്കില്‍ അത് പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് എകെ ബാലന്‍ പറഞ്ഞു. 

കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് തൃശൂര്‍ റേഞ്ച് ഡെപ്യൂട്ടി ഐ ജി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കേസിലെ വിധിപകര്‍പ്പ് എത്രയും വേഗം ലഭ്യമാക്കുന്നതിനും അപ്പീല്‍ പോകുന്നതിനുമുള്ള സാധ്യത സംബന്ധിച്ച് നിയമോപദേശം വാങ്ങുന്നതിനും നടപടി സ്വീകരിക്കും.

പ്രതികളെ വെറുതെ വിടുമെന്ന് പ്രതീക്ഷിച്ചില്ലെന്നായിരുന്നു വിധി വന്നതിന് പിന്നാലെ മാതാവിന്റെ പ്രതികരണം. അന്വേഷണ സംഘം തന്നെ പറഞ്ഞ് പറ്റിച്ചുവെന്നും കോടതിയില്‍ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. വിധി വരുന്നത് പോലും തങ്ങളെ അറിയിച്ചില്ല. പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച വന്നതുകൊണ്ടാവും ഇങ്ങനെ സംഭവിച്ചതെന്നും മൂത്ത കുട്ടിയെ പീഡിപ്പിക്കുന്നത് നേരിട്ട് കണ്ടുവെന്നു പറഞ്ഞിട്ടും അവര്‍ നടപടിയെടുത്തില്ലെന്നും മാതാവ് കൂട്ടിച്ചേര്‍ത്തു.

ഇന്നലെ ഉച്ചയോടെയാണ് വാളയാര്‍ പീഡനക്കേസില്‍ കോടതി വിധി വരുന്നത്. കേസില്‍ പ്രതികളായ മൂന്ന് പേരെയും കോടതി വെറുതെ വിടുകയായിരുന്നു. രണ്ട് പെണ്‍കുട്ടികളും ലൈംഗിക ചൂഷണത്തിന് വിധേയരായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു.

കേസില്‍ പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. നേരത്തെ മൂന്നാം പ്രതി പ്രദീപിനെയും കോടതി വെറുതെ വിട്ടിരുന്നു. 2017 ജനുവരിയിലും മാര്‍ച്ചിലുമായാണ് വാളയാറിലെ 13 ഉം ഒമ്പതും വയസുകാരായ രണ്ട് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com