'മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ'; വാളയാര്‍ പിഡനക്കേസ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th October 2019 03:12 PM |
Last Updated: 27th October 2019 03:17 PM | A+A A- |
പാലക്കാട്: വാളയാര്‍ പീഡന കേസ് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. കേസില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഇടപെട്ടത് ദുരൂഹമാണ്. പ്രതിക്ക് വേണ്ടി സി.ഡബ്ല്യു.സി ചെയര്‍മാന്‍ ഹാജരായത് കെട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
കേസില്‍ സി.ഡബ്ല്യു.സി ചെയര്‍മാന്‍ രാജേഷ് പ്രതിക്ക് വേണ്ടി ഹാജരായത് മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന് വിവാദമായതോടെ ചെയര്‍മാന്‍ വക്കാലത്ത് സ്വന്തം ജൂനിയറിന് കൈമാറി. സാമൂഹ്യനീതി വകുപ്പ് അന്വേഷണം നടത്തിയെങ്കിലും ചെയര്‍മാന് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു.
പ്രതികള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പറഞ്ഞു. വി.മധു പീഡിപ്പിക്കുന്നത് കണ്ടകാര്യം കോടതിയില്‍ പറഞ്ഞിരുന്നുവെന്ന് കുട്ടിയുടെ അച്ഛന്‍ വ്യക്തമാക്കി. പൊലീസ് തുടക്കം മുതല്‍ പ്രതികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മൂത്തമകളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലും തങ്ങള്‍ക്ക് പൊലീസ് നല്‍കിയില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു.