ക്രിമിനല്‍ കേസ് അന്വേഷിക്കുന്നത് ജനപ്രതിനിധികളുടെ പണിയല്ലെന്ന് വിടി ബല്‍റാം;  വിഷയത്തിന്റെ ഗൗരവമല്ല, ട്രോളാണ് എംഎല്‍എയുടെ മൂഡെന്ന് ഹരീഷ് വാസുദേവന്‍

'ആഭ്യന്തര വകുപ്പ് ചുമതലുള്ള മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ ധൈര്യമില്ലാത്തതിനാലാണ് സൈബര്‍ വെട്ടുകിളികളുടെ പിന്തുണയില്ലാത്ത മന്ത്രി എകെ ബാലനിലേക്ക് ചോദ്യം വഴിതിരിച്ചുവിടുന്നത്'
ക്രിമിനല്‍ കേസ് അന്വേഷിക്കുന്നത് ജനപ്രതിനിധികളുടെ പണിയല്ലെന്ന് വിടി ബല്‍റാം;  വിഷയത്തിന്റെ ഗൗരവമല്ല, ട്രോളാണ് എംഎല്‍എയുടെ മൂഡെന്ന് ഹരീഷ് വാസുദേവന്‍

വാളയാറില്‍ രണ്ട് ദളിത് സഹോദരിമാരെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടത് വിവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. കേസ് അന്വേഷിച്ച പൊലീസുകാര്‍ക്കൊപ്പം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയനും പട്ടികക്ഷേമ വകുപ്പ് ചുമതലുള്ള മന്ത്രി എകെ ബാലനും സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. തുടര്‍ന്ന് കേസിന് അപ്പീല്‍പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ എകെ ബാലനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് യുവഎംഎല്‍എ വിടി ബല്‍റാം. 

ക്രിമിനല്‍ കേസ് അന്വേഷിക്കുന്നത് ജനപ്രതിനിധികളുടെ പണിയല്ല എന്നാണ് ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ വിടി ബല്‍റാം പറയുന്നത്. ഇരകള്‍ പട്ടികജാതിക്കാരാണെങ്കില്‍പ്പോലും അന്വേഷണം നടത്തുന്നത് പട്ടികജാതി ക്ഷേമ വകുപ്പോ അതിന്റെ ചുമതലയുള്ള മന്ത്രിയോ അല്ലെന്നാണ് അദ്ദേഹം പറയുന്നത്. ആഭ്യന്തര വകുപ്പ് ചുമതലുള്ള മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ ധൈര്യമില്ലാത്തതിനാലാണ് സൈബര്‍ വെട്ടുകിളികളുടെ പിന്തുണയില്ലാത്ത മന്ത്രി എകെ ബാലനിലേക്ക് ചോദ്യം വഴിതിരിച്ചുവിടുന്നത് എന്നാണ് അദ്ദേഹം കുറിക്കുന്നത്. ഈ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ വൈറല്‍ പോസ്റ്റിന് മറുപടിയായിട്ടാണ് ബല്‍റാമിന്റെ കുറിപ്പ്. 

വിടി ബല്‍റാമിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ; 'ക്രിമിനല്‍ കേസ് അന്വേഷണം പ്രാദേശിക ജനപ്രതിനിധികളുടെ പണിയല്ല. ക്രിമിനല്‍ കേസില്‍ ഇരകള്‍ പട്ടികജാതിക്കാരാണെങ്കില്‍പ്പോലും അന്വേഷണം നടത്തുന്നത് പട്ടികജാതി ക്ഷേമ വകുപ്പോ അതിന്റെ ചുമതലയുള്ള മന്ത്രിയോ അല്ല. സെഷന്‍സ് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നത് നിയമ വകുപ്പാണെങ്കിലും അവര്‍ക്കാവശ്യമായ കൃത്യമായ തെളിവുകളും സാക്ഷികളേയും എത്തിച്ചു കൊടുക്കേണ്ടത് ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്ന പോലീസാണ്. ക്രിമിനല്‍ ജസ്റ്റീസ് അഡ്മിനിസ്‌ട്രേഷന്‍ എന്നത് പൊതുവില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയാണ്. എന്നിട്ടും ആ പോലീസിന്റെ/ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ ധൈര്യപ്പെടാതെ സൈബര്‍ വെട്ടുകിളികളുടെ പിന്തുണയില്ലാത്ത പട്ടികജാതി ക്ഷേമ/നിയമ മന്ത്രിയിലേക്ക് മാത്രം ചോദ്യം വഴിതിരിച്ചുവിടുന്ന നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തകരോട് തിരിച്ച് ഒരയൊരു ചോദ്യം. നിങ്ങള്‍ക്ക് ഇതു തന്നെയാണോ പണി?'

എന്നാല്‍ വിഷയത്തിന്റെ ഗൗരവം മനസിലാക്കാതെ ട്രോളുമായി ഇറങ്ങിയ ബല്‍റാമിനെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുകയാണ് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. പ്രതികളെ വെറുതെവിട്ട വാര്‍ത്ത മാധ്യമങ്ങളില്‍ വന്നിട്ട് 24 മണിക്കൂറായിട്ടും ഈ യുവതുര്‍ക്കി ഇതേപ്പറ്റി ഒരു വരി പ്രതികരണം നടത്തുകയോ ആഭ്യന്തര വകുപ്പിന് എതിരേ ഒരക്ഷരം മിണ്ടുകയോ ചെയ്തിട്ടില്ല. പ്രതിപക്ഷത്തെ ഏല്‍പ്പിച്ച പണി മാധ്യമപ്രവര്‍ത്തകര്‍ നമുക്കുവേണ്ടി ചെയ്ത് റിസള്‍ട്ട് ഉണ്ടാക്കുമ്പോഴും പ്രതിപക്ഷം നാണംകെട്ട മൗനത്തിലാണ്. സംഭവത്തെക്കുറിച്ച് പറയാതെ മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റിനെ ട്രോളാനാണ് വിടി ബല്‍റാം വിഷയത്തില്‍ പ്രതികരിച്ചത്. ക്രിമിനല്‍ അന്വേഷണം എംഎല്‍എമാരുടേയും മന്ത്രിയുടേയും പണിയല്ലെന്ന് പറയുന്നത് വര്‍ഗബോധമാണെന്നും അദ്ദേഹം കുറിച്ചു. ബല്‍റാം ഇനിയും പക്വത കൈവരിച്ചിട്ടില്ലെന്നും തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ ഹരീഷ് കുറിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com