തോല്‍വിയുടെ പേരില്‍ കോണ്‍ഗ്രസില്‍ പരസ്യ വിഴുപ്പലക്കല്‍; കെപിസിസി യോഗം മാറ്റി

തോല്‍വിയുടെ പേരില്‍ കോണ്‍ഗ്രസില്‍ പരസ്യ വിഴുപ്പലക്കല്‍; കെപിസിസി യോഗം മാറ്റി

കോന്നിയിലെയും വട്ടിയൂര്‍ക്കാവിലെയും ദയനീയ തോല്‍വിയുടെയും എറണാകുളത്തെ വോട്ടു ചോര്‍ച്ചയുടെയും പേരിലുള്ള പരസ്യ വിഴുപ്പലക്കല്‍ പാര്‍ട്ടിയില്‍ തുടരുകയാണ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ പേരിലുള്ള കോണ്‍ഗ്രസിലെ തമ്മിലടി മൂര്‍ധന്യത്തില്‍. കോന്നിയിലെയും വട്ടിയൂര്‍ക്കാവിലെയും ദയനീയ തോല്‍വിയുടെയും എറണാകുളത്തെ വോട്ടു ചോര്‍ച്ചയുടെയും പേരിലുള്ള പരസ്യ വിഴുപ്പലക്കല്‍ പാര്‍ട്ടിയില്‍ തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ചേരാനിരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം 30ലേക്കു മാറ്റി. 

പരസ്യ പ്രസ്താവനാ വിലക്കു ലംഘിച്ച് ഇന്നലെയും നേതാക്കള്‍ ചേരി തിരിഞ്ഞു ചെളി വാരിയെറിഞ്ഞു. കോണ്‍ഗ്രസിലെ പോര് നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ ഭരണപക്ഷത്തിന് മൂര്‍ച്ചയേറിയ ആയുധവുമായി. 

കോന്നിയില്‍ പി മോഹന്‍രാജിന്റെ തോല്‍വിക്കു താനാണു കാരണമെന്ന ആരോപണത്തിനു മറുപടിയുമായി അടൂര്‍ പ്രകാശാണ് ആദ്യം രംഗത്തെത്തി. പത്ര സമ്മേളനം ഒഴിവാക്കണമെന്നു നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും പറയാനുള്ളത് പറയുമെന്ന നിലപാടില്‍ പ്രകാശ് ഉറച്ചു നിന്നു.

പത്തനംതിട്ട ഡിസിസിക്കെതിരെ ഒന്നും ബാക്കിവയ്ക്കാതെ പറഞ്ഞു തീര്‍ത്തു. ഡിഡിസി നേതൃത്വത്തെ മാറ്റണമെന്ന ആവശ്യം ഇന്നലെ പരോക്ഷമായി പറഞ്ഞ പ്രകാശ്, പാര്‍ട്ടി വേദിയില്‍ ഇതു പരസ്യമായി ആവശ്യപ്പെടും. ജില്ലയിലെ ഒരു സീനിയര്‍ നേതാവിനെതിരെയും പ്രകാശിന്റെ അടുപ്പക്കാര്‍ വിരല്‍ ചൂണ്ടുന്നുണ്ട്. തോല്‍വി വിലയിരുത്തുന്ന യോഗങ്ങളില്‍ തന്നെയും പങ്കെടുപ്പിക്കണമെന്നും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു. 

ഈ ആശയക്കുഴപ്പമാണു യോഗം മാറ്റി വയ്ക്കാന്‍ പ്രധാന കാരണം. പത്തനംതിട്ട ഡിസിസി നേതൃത്വത്തിനൊപ്പം നിന്ന് അടൂര്‍ പ്രകാശിനെതിരെ നിലപാടെടുക്കാനാണു ചില ഉന്നത നേതാക്കള്‍ ഒരുങ്ങുന്നത്. താന്‍ ഡിസിസി നേതൃത്വത്തിന് ഒപ്പമാണെന്ന് പിജെ കുര്യന്‍ വ്യക്തമാക്കിക്കഴിഞ്ഞു. 

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ചെന്നിത്തല നിര്‍ദേശിച്ച ആളാണെങ്കിലും കോന്നിയിലെ സ്ഥാനാര്‍ഥി എ ഗ്രൂപ്പുകാരനാണ്. അതിനാലാണു തര്‍ക്കം എ, ഐ ഗ്രൂപ്പുകള്‍ തമ്മിലെന്ന നിലയിലേക്കു പോകാത്തത്. വേണ്ടപ്പെട്ടയാളെന്ന നിലയ്ക്ക് അടൂര്‍ പ്രകാശിനെ ചെളി വാരിയെറിയേണ്ടെന്ന നിലപാടാണ് എ ഗ്രൂപ്പിനുള്ളത്.

വട്ടിയൂര്‍ക്കാവിലെ പരാജയ കാരണം കെ മുരളീധരനാണെന്ന് ഒരു വിഭാഗം പറയുന്നുണ്ടെങ്കിലും വികെ പ്രശാന്തിന്റെ സ്ഥാനാര്‍ഥിത്വമാണു തിരിച്ചടിയായതെന്ന വിലയിരുത്തലാണു മിക്ക നേതാക്കള്‍ക്കുമുള്ളത്. പരാജയപ്പെട്ട കെ മോഹന്‍കുമാര്‍ ആര്‍ക്കുമെതിരെ ആരോപണമുന്നയിക്കാത്തതും തര്‍ക്കം തണുക്കാന്‍ വഴിയൊരുക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com