ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് സാധ്യത ഈ അഞ്ച് പേര്‍ക്ക്; ചരടു വലികള്‍ ശക്തം

അധ്യക്ഷ സ്ഥാനത്തേക്ക് ഗ്രൂപ്പടിസ്ഥാനത്തിലും അല്ലാതെയും ബിജെപിയില്‍ വടംവലി ശക്തമായി
ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് സാധ്യത ഈ അഞ്ച് പേര്‍ക്ക്; ചരടു വലികള്‍ ശക്തം

തിരുവനന്തപുരം: പിഎസ് ശ്രീധരന്‍ പിള്ള മിസോറം ഗവര്‍ണറായി പോകുന്നതോടെ ബിജെപി സംസ്ഥാന അധ്യക്ഷനായി ആര് വരുമെന്ന ചോദ്യത്തിന് ഉത്തരം തേടി കാത്തിരിക്കുകയാണ് അണികള്‍. അധ്യക്ഷ സ്ഥാനത്തേക്ക് ഗ്രൂപ്പടിസ്ഥാനത്തിലും അല്ലാതെയും ബിജെപിയില്‍ വടംവലി ശക്തമായി. 

പ്രധാനമായും രണ്ട് ക്ഷങ്ങളുടെ ചരടുവലികളാണ് ശക്തം. കേന്ദ്രമന്ത്രി വി മുരളീധരന്റെയും മുന്‍ അധ്യക്ഷന്‍ പികെ കൃഷ്ണദാസിന്റെയും ഗ്രൂപ്പുകള്‍ തമ്മിലാണ് പ്രധാന മത്സരം. കെ സുരേന്ദ്രന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, പികെ കൃഷ്ണദാസ് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. 

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലുണ്ടാക്കിയ മുന്നേറ്റമാണ് സുരേന്ദ്രന്റെ കാര്യത്തില്‍ പ്രധാനം. ഉപതെരഞ്ഞെടുപ്പില്‍ കോന്നിയിലും പ്രകടനം സുരേന്ദ്രന്റെ പ്രകടനം ഒട്ടും മോശമായിരുന്നില്ല. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷുമായും സുരേന്ദ്രന് അടുപ്പമുണ്ട്. കേന്ദ്ര മന്ത്രി വി മുരളീധരന്‍ വാദിക്കുന്നതും സുരേന്ദ്രനു വേണ്ടി. ശബരിമല സമരത്തിലും ശക്തമായ ഇടപെടലുണ്ടായി.

കൃഷ്ണദാസ് പക്ഷത്തെ പ്രധാനിയാണ് എംടി രമേശ്. പികെ കൃഷ്ണദാസ് രമേശിനു വേണ്ടി നിലകൊള്ളുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ പ്രചാരണത്തിനിറങ്ങി. ആര്‍എസ്എസിനും താത്പര്യമുള്ള നേതാവാണ് രമേശ്. 

ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ മികച്ച മുന്നേറ്റം നടത്തിയതാണ് ശോഭയേയും സാധ്യതകളിലേക്ക് എത്തിച്ചത്. പാര്‍ട്ടിയുടെ അംഗത്വ പ്രചാരണത്തിനുള്ള അഞ്ച് ദേശീയ സഹ കണ്‍വീനര്‍മാരില്‍ ഒരാള്‍. പോര് ഒഴിവാക്കാന്‍ സമവായത്തിന് ശോഭയെ പരിഗണിച്ചേക്കും. ദേശീയ നേതൃത്വത്തില്‍ നല്ല ബന്ധം. മാസങ്ങളായി ദേശീയ തലത്തിലാണ് അവരുടെ പ്രവര്‍ത്തനം.

ലോക്‌സഭയിലേയ്ക്ക് മത്സരിച്ചു തോറ്റ കുമ്മനത്തിന് അര്‍ഹിക്കുന്ന പ്രാതിനിധ്യം നല്‍കിയില്ലെന്ന് ആര്‍എസ്എസിന് പരിഭവമുണ്ട്. വട്ടിയൂര്‍ക്കാവിലും സ്ഥാനാര്‍ഥിത്വം നിഷേധിച്ചു. ഇതിന്റെയൊക്ക പരാതി തീര്‍ക്കാനും ഗ്രൂപ്പു തര്‍ക്കം ഒഴിവാക്കാനും മുന്‍ പ്രസിഡന്റു കൂടിയായ കുമ്മനത്തെ പരിഗണിക്കാന്‍ സാധ്യതയുണ്ട്.

മുന്‍ പ്രസിഡന്റും ഇപ്പോള്‍ ദേശീയ നിര്‍വാഹകസമിതിയംഗവുമാണ് കൃഷ്ണദാസ്. രമേശിനു വേണ്ടിയാണ് വാദിക്കുന്നതെങ്കിലും മുതിര്‍ന്ന നേതാവെന്ന നിലയില്‍ പരിഗണിക്കാനും സാധ്യതയുണ്ട്. എന്‍ഡിഎയുടെ നേതൃത്വത്തിലുമുണ്ട്. ഈയിടെ സംയുക്ത ബൈഠക്കില്‍ അദ്ദേഹത്തിനൊപ്പം രമേശും പങ്കെടുത്തിരുന്നു.

ബിജെപി- ആര്‍എസ്എസ് സംയുക്ത ബൈഠക് അടുത്തയാഴ്ച നടക്കും. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ പുതിയ അധ്യക്ഷനാരാകണമെന്ന ചോദ്യത്തില്‍ നിന്ന് ആര്‍എസ്എസ് നേതാക്കള്‍ ഒഴിഞ്ഞുമാറി. ദേശീയ നേതൃത്വം തീരുമാനിച്ചോളും എന്നായിരുന്നു അവരുടെ മറുപടി. കുമ്മനത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. കുമ്മനം അധ്യക്ഷനാകുന്നതാണ് ആര്‍എസ്എസിന് താത്പര്യം. സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയ്ക്ക് പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ ശനിയാഴ്ചത്തെ കോര്‍ കമ്മിറ്റി യോഗവും മാറ്റിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com