വാളയാര്‍ പീഡനക്കേസില്‍ പൊലീസിന്റേത് ഗുരുതര വീഴ്ച; പുനരന്വേഷണം പ്രഖ്യാപിക്കണം, അല്ലാത്തപക്ഷം പ്രക്ഷോഭം: എഐഎസ്എഫ്

വാളയാര്‍ പീഡനക്കേസില്‍ പുനരന്വേഷണം നടത്തണമെന്ന് എഐഎസ്എഫ്
വാളയാര്‍ പീഡനക്കേസില്‍ പൊലീസിന്റേത് ഗുരുതര വീഴ്ച; പുനരന്വേഷണം പ്രഖ്യാപിക്കണം, അല്ലാത്തപക്ഷം പ്രക്ഷോഭം: എഐഎസ്എഫ്

തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസില്‍ പുനരന്വേഷണം നടത്തണമെന്ന് എഐഎസ്എഫ്. വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റിലായ പ്രതികളെ വെറുതെവിട്ട വിധി അപഹാസ്യമാണെന്നും സംഭവത്തില്‍ പുനരന്വേക്ഷണം നടത്തണമെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു
    
അമ്മ നേരിട്ട് കണ്ട് സാക്ഷി പറഞ്ഞ കേസില്‍ പ്രതികള്‍ രക്ഷപ്പെട്ടത് ഗൗരവകരമായി കാണേണ്ട വിഷയമാണ്. സംഭവത്തില്‍ അന്വേക്ഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായത് നീതികരിക്കാനാകാത്ത വീഴ്ചയാണെന്നും എഐഎസ്എഫ് അഭിപ്രായപ്പെട്ടു.

സംഭവത്തില്‍ പ്രതികളാരാണെന്ന് തെളിയിക്കേണ്ട ബാധ്യത ഗവണ്‍മെന്റിനുണ്ട്. പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുന്ന തരത്തില്‍ പഴതുകളടച്ച പുനര ന്വേക്ഷണത്തിന് ഗവണ്‍മെന്റ് ഉത്തരവിടണമെന്നും അല്ലാത്തപക്ഷം അതിശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കബീറും സെക്രട്ടറി ജെ.അരുണ്‍ ബാബുവും പ്രസ്ഥാവനയിലൂടെ അറിയിച്ചു. 

നേരത്തെ, പൊലീസിന് എതിരെ സിപിഐ നേതാവ് ആനി രാജ രംഗത്ത് വന്നിരുന്നു.  പ്രതികളെ വെറുതെ വിടാന്‍ കാരണം അന്വേഷണത്തിലെ വീഴ്ചയെന്ന്  ആനിരാജ പറഞ്ഞു. അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും സംസ്ഥാന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു. കേസ് അന്വേഷിച്ച പൊലീസിന്റെ ആദ്യ സംഘവും രണ്ടാം സംഘവും പൂര്‍ണ പരാജയമായിരുന്നു. സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു.

വാളയാറില്‍ പീഡനത്തെ തുടര്‍ന്ന് രണ്ടുപെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത കേസില്‍ നാലുപ്രതികളെയും വെറുതവിട്ടതോടെ അന്വേഷണ സംഘത്തിന് നേരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. തെളിവുകളുടെ അഭാവത്തിലാണ് നാല് പ്രതികളെയും കോടതി വെറുതെ വിട്ടത്. കേരളത്തിലെ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നുള്ളതിന് തെളിവാണ് ഈ കേസെന്നും സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. 2017 ജനുവരി 13നാണ് 13 വയസ്സുകാരിയേയും മാര്‍ച്ച് 4 ന് സഹോദരിയായ ഒന്‍പതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

അസ്വാഭാവിക മരണമെന്നുമാത്രമായിരുന്നു ആദ്യമന്വേഷിച്ച ലോക്കല്‍ പൊലീസിന്റെ നിഗമനം. സംഭവം വിവാദമായതോടെ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിക്ക് കേസ് കൈമാറുകയായിരുന്നു. ഇരുവരും പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. അതേസമയം വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ പൊലീസ് അപ്പീല്‍ പോകാന്‍ തീരുമാനിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com