അഫീലിന്റെ മരണം; വിധികര്‍ത്താക്കള്‍ ഉള്‍പ്പെടെയുള്ള സംഘാടകരെ അറസ്റ്റ് ചെയ്യാന്‍ തീരുമാനം

പാലായില്‍ കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സംഘാടകരെ അറസ്റ്റ് ചെയ്യാന്‍ തീരുമാനം
അഫീലിന്റെ മരണം; വിധികര്‍ത്താക്കള്‍ ഉള്‍പ്പെടെയുള്ള സംഘാടകരെ അറസ്റ്റ് ചെയ്യാന്‍ തീരുമാനം

കോട്ടയം: പാലായില്‍ കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സംഘാടകരെ അറസ്റ്റ് ചെയ്യാന്‍ തീരുമാനം. മത്സരം നിയന്ത്രിച്ച വിധികര്‍ത്താക്കള്‍ ഉള്‍പ്പെടെ അഞ്ച് അത്‌ലറ്റിക് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെയാണ് നടപടി. അഫീലിന്റെ  മരണത്തിനിടയാക്കിയത് ഇവരുടെ അശ്രദ്ധയാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതോടെയാണ് പൊലീസിന്റെ നീക്കം.  

തെളിവുകള്‍ നശിപ്പിച്ച് സംഘാടകരെ രക്ഷിക്കാന്‍ നീക്കം നടക്കുന്നുവെന്ന് മരിച്ച അഫീലിന്റെ മാതാപിതാക്കള്‍ പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ നീക്കം. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശം ലഭിച്ചാലുടന്‍ പാലാ പൊലീസ് അറസ്റ്റ് നടപടിയിലേക്ക് നീങ്ങും.

ഹാമര്‍, ജാവലിന്‍ ത്രോ മത്സരങ്ങള്‍ ഒരേസമയം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ വിധികര്‍ത്താക്കള്‍ ഉള്‍പ്പെടെയുള്ളവരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. രണ്ട് മത്സരങ്ങള്‍ക്ക് ഒരേ ഫിനീഷിങ് പോയിന്റ് നിശ്ചയിച്ചത് സംഘാടകരാണ്. എന്നാല്‍ ഇതിന് നിര്‍ദേശം നല്‍കിയത് സംഘാടകരില്‍ ആരാണെന്ന് വ്യക്തമായ മൊഴി ലഭിച്ചില്ല. തുടര്‍ന്നാണ് അഞ്ചുപേര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കും അപകടകരമാം വിധം മത്സരങ്ങള്‍ സംഘടിപ്പിച്ചതിനുമാണ് കേസ്. കായികവകുപ്പ് നടത്തിയ അന്വേഷണത്തിലും കുറ്റക്കാരെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സംഘാടകര്‍ ഊര്‍ജിത ശ്രമം നടത്തിയിരുന്നു. അഫീല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് അത്‌ലറ്റിക് മീറ്റിന് എത്തിയതെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം. ഇതിന്റെ ഭാഗമായി അഫീലിന്റെ ഫോണിലെ കോള്‍ ലിസ്റ്റ് ഉള്‍പ്പെടെ മായ്ച്ചു. അഫീലിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതിപറയാനിരിക്കെയാണ് പൊലീസ് നടപടി വേഗത്തിലാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com