കരമനയിലെ ദുരൂഹമരണങ്ങള്‍; ജയമാധവന്റെ മരണസമയത്ത് ഒപ്പമുണ്ടായിരുന്നവരുടെ സാന്നിധ്യം സംശയാസ്പദം; ആരോപണവുമായി ബന്ധു

മരണം സ്വാഭാവികമായിരുന്നു എന്ന് വിശ്വസിക്കുന്നില്ല. ജയമാധവന്‍ നായര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും സുനില്‍ പറയുന്നു
കരമനയിലെ ദുരൂഹമരണങ്ങള്‍; ജയമാധവന്റെ മരണസമയത്ത് ഒപ്പമുണ്ടായിരുന്നവരുടെ സാന്നിധ്യം സംശയാസ്പദം; ആരോപണവുമായി ബന്ധു

തിരുവനന്തപുരം: കരമനയിലെ കാലടി ജയമാധവന്‍ നായരുടെ മരണത്തില്‍ ദുരൂഹതയെന്ന് ആവര്‍ത്തിച്ച് ബന്ധുക്കള്‍. ജയമാധവന്‍ നായരുടെ പൃതൃ സഹോദരന്റെ മകന്‍ സുനിലാണ് ദുരൂഹത ആരോപിച്ച് രംഗത്തെത്തിയത്. ജയമാധവന്റെ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നവരുടെ സാന്നിധ്യം സംശയാസ്പദമാണെന്ന് ഇയാള്‍ ആരോപിക്കുന്നു. 

മരണം സ്വാഭാവികമായിരുന്നു എന്ന് വിശ്വസിക്കുന്നില്ല. ജയമാധവന്‍ നായര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും സുനില്‍ പറയുന്നു. 2017ലാണ് ജയമാധവന്‍ നായര്‍ മരിക്കുന്നത്. മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ അന്നു തന്നെ അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും പോസ്റ്റുമോര്‍ട്ടം നടത്തുകയും ചെയ്തിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ സംശയമൊന്നും പറഞ്ഞിരുന്നില്ല. അന്നെടുത്ത ആന്തരികാവയവങ്ങളുടെ രാസ പരിശോധനാ ഫലം വീണ്ടും ലഭിക്കാനാണ് പൊലീസ് നീക്കം.

ഏറ്റവും ഒടുവില്‍ മരിച്ച ജയമാധവന്‍ നായര്‍, ജയപ്രകാശ് എന്നിവരുടെ മരണത്തില്‍ മാത്രം സംശയിച്ചാല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കാരണം 2008ല്‍ മാതാവ് സുമുഖിയമ്മ മരിച്ചതോടെയാണു സ്വത്ത് ഇവരില്‍ മാത്രമായതും ഇവര്‍ക്കു ശേഷം അന്യാധീനപ്പെടുന്ന സാഹചര്യമുണ്ടായതും.

ജയപ്രകാശിന്റേയും ജയമാധവന്റേയും മരണങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് തീരുമാനം എങ്കിലും അന്വേഷണം വെല്ലുവിളിയാവുമെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. രണ്ട് പേരുടേയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചതിനാല്‍ കൊലപാതകമാണോ എന്ന് കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയ തെളിവുകള്‍ ലഭിക്കില്ല. അതിനാല്‍ പരമാവധി മൊഴികളും സാഹചര്യ തെളിവുകളും ആദ്യഘട്ടത്തില്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 

'കൂടത്തില്‍' തറവാട്ടിലെ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ ജ്യേഷ്ഠന്‍മാരായ നാരായണപിള്ളയുടെയും വേലുപ്പിള്ളയുടേയും മക്കളായ ജയമാധവന്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരാണ് നിശ്ചിത ഇടവേളകളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

20 വര്‍ഷത്തിനിടെ മരിച്ച കുടുംബാംഗങ്ങളില്‍ ഗൃഹനാഥന്‍ ഗോപിനാഥന്‍ നായരും അദ്ദേഹത്തിന്റെ മൂത്ത സഹോദരന്റെ മകന്‍ ഉണ്ണികൃഷ്ണനും പെടും. ഉണ്ണികൃഷ്ണന്റെയും പ്രസന്നകുമാരിയുടെയും മകനായ പ്രകാശാണ് ഈ സ്വത്തുക്കളുടെ ഏക അവകാശിയെന്നാണ് വിവരം. എന്നാല്‍ ഇതില്‍ അന്തിമ സ്ഥിരീകരണമില്ല. ബംഗളൂരുവിലുള്ള പ്രകാശ്, പവര്‍ ഓഫ് അറ്റോര്‍ണി എഴുതി നല്‍കിയിരിക്കുന്നത് പ്രസന്നകുമാരിയുടെ പേരിലാണ്. ഈ അടിസ്ഥാനത്തിലാണ് പ്രസന്നകുമാരി പൊലീസില്‍ പരാതി നല്‍കിയത്.

നേരത്തേ മരിച്ച ഗോപിനാഥന്‍ നായരുടെ മകന്‍ ജയമോഹന്റെയും സഹോദരപുത്രന്‍ ജയപ്രകാശിന്റെയും മരണത്തിലാണ് ഇപ്പോള്‍ പ്രസന്നകുമാരി സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. അവര്‍ മരിച്ചു കിടക്കുമ്പോള്‍ത്തന്നെ സംശയം തോന്നിയിരുന്നതായിരുന്നുവെന്ന് പ്രസന്നകുമാരി പറയുന്നു. ഇവരുടെ മരണ ശേഷം കോടികളുടെ സ്വത്ത് വകമാറ്റിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിടാതായതോടെയാണ് സംശയം തോന്നിയെന്നും പരാതിക്കാരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com