വാളയാര്‍ കേസ്: വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രിക്ക് ബോധ്യമായി, അതുകൊണ്ടാണ് ന്യായീകരിക്കാത്തത്: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

പൊലീസിനാണോ പ്രോസിക്യൂഷനാണോ വീഴ്ച പറ്റിയതെന്ന് പരിശോധിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു
വാളയാര്‍ കേസ്: വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രിക്ക് ബോധ്യമായി, അതുകൊണ്ടാണ് ന്യായീകരിക്കാത്തത്: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: വാളയാര്‍ കേസില്‍ വീഴ്ച പറ്റിയെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പൊലീസിനാണോ പ്രോസിക്യൂഷനാണോ വീഴ്ച പറ്റിയതെന്ന് പരിശോധിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വീഴ്ച ബോധ്യപ്പെട്ടത് കൊണ്ടാണ് മുഖ്യമന്ത്രി ന്യായീകരിക്കാത്തതെന്നും മന്ത്രി  പറഞ്ഞു. സിബിഐ അന്വേഷണമാണോ പുനരന്വേഷണമാണോ വേണ്ടതെന്നും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കേസില്‍ ആരോപണവിധേയനായ പാലക്കാട് സിഡബ്ല്യുസി ചെയര്‍മാന്‍ എന്‍ രാജേഷിനെ സ്ഥാനത്ത് നിന്ന് പുറത്താക്കി. കേസില്‍ പ്രതിക്ക് വേണ്ടി ഹാജരായെന്ന വിവാദത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. കേസിലെ മൂന്നാംപ്രതിയായ പ്രദീപ് കുമാറിന്റെ അഭിഭാഷകനായിരുന്നു രാജേഷ്. വിവാദമായതോടെ രാജേഷ് കേസില്‍ നിന്ന് ഒഴിഞ്ഞിരുന്നു.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനെ സിഡബ്ല്യുസി ചെയര്‍മാനാക്കായിതിന് എതിരെ ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തു നിന്നും കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ ഉള്‍പ്പെടെ രാജേഷിന് എതിരെ രംഗത്ത് വന്നിരുന്നു.

കേസ് അട്ടിമറിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേസ് വാദിക്കാന്‍ പ്രഗത്ഭനായ വക്കീലിനെ നിയോഗിക്കുമെന്നും കേസില്‍ പുനരന്വേഷണം വേണമോ സിബിഐ അന്വേഷണം വേണമോ എന്നത് പരിശോധിക്കും. അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയോ എന്നകാര്യവും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com