കാട്ടാനക്കൂട്ടം കുതിച്ചുപാഞ്ഞ് കാറിന് മുമ്പിലേക്ക് ; ഭയന്നുവിറച്ച് കുട്ടികളടക്കം അഞ്ചംഗ കുടുബം ; തലനാരിഴയ്ക്ക് രക്ഷപ്പെടല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th October 2019 12:50 PM |
Last Updated: 29th October 2019 12:50 PM | A+A A- |

ഇടുക്കി : കുതിച്ചുപാഞ്ഞെത്തിയ കാട്ടാനക്കൂട്ടത്തിന് മുമ്പില്‍ നിന്ന് പിഞ്ചുകുട്ടികളടക്കം അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പെരിയാര്‍ വള്ളക്കടവില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് സംഭവം. ആനയുടെ മുന്‍പില്‍ അകപ്പെട്ട കുടുംബം പ്രാണരക്ഷാര്‍ഥം കാര്‍ പിന്നിലേക്ക് എടുക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ കാറിനും കേടുപാട് സംഭവിച്ചു.
വള്ളക്കടവ് തുണ്ടിയില്‍ ജേക്കബ്, മകള്‍ മഞ്ജു, ഭര്‍ത്താവ് മണര്‍കാട് തുരുത്തിയില്‍ സുനില്‍ ഇവരുടെ രണ്ടു മക്കള്‍ എന്നിവരാണ് ആനയുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്.കോട്ടയത്തെ ആശുപത്രിയിലേക്ക് പോകുവാനാണ് കുടുംബം വെളുപ്പിന് യാത്ര തിരിച്ചത്. വീട്ടില്‍ നിന്നും അല്‍പദൂരം പിന്നിട്ടപ്പോഴാണ് വള്ളക്കടവ് ചപ്പാത്തിനു സമീപമുള്ള വലിയ വളവില്‍ ആനയുടെ മുന്‍പില്‍ അകപ്പെട്ടത്. ആനയെക്കണ്ട് വാഹനം പിന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ റോഡരികിലെ വേലിയില്‍ ഇടിച്ചുനിന്നു.
ആന കാറിന് നേരെ വരുന്നത് കണ്ടതോടെ ഭയന്ന് നിശ്ശബ്ദരായ യാത്രക്കാര്‍ തലതാഴ്ത്തിയിരുന്നു. കാറിന് സമീപത്തെത്തിയ ആന രണ്ട് മിനിറ്റ് നിന്നശേഷം തൊട്ടടുത്ത കൃഷിയിടത്തിലേക്ക് ഇറങ്ങി. ഈ സമയം അഞ്ച് ആനകള്‍ അവിടെ പറമ്പിലെ കൃഷികള്‍ ചവിട്ടിമെതിച്ചു. അഡ്വ. ലിബു പാലമ്പറമ്പില്‍, ജിജി നരിപ്പാറ എന്നിവരുടെ കൃഷിയിടങ്ങളില്‍ വ്യാപകമായ നാശനഷ്ടം ഉണ്ടായത്. ഏലം, തെങ്ങ് തുടങ്ങിയ നശിപ്പിച്ചു. നേരം പുലര്‍ന്നതോടെ പെരിയാര്‍ നദിയിലൂടെ കാട്ടിലേക്ക് ആനകള്‍ മടങ്ങി.
പിന്നാലെ എത്തിയ വാഹനത്തിലെ യാത്രക്കാരുടെ സഹായത്തോടെയാണ് സുനിലിന്റെ കാര്‍ ഓടയില്‍ നിന്ന് റോഡിലേക്ക് ഉയര്‍ത്തിയത്. കൃഷിയിടങ്ങളില്‍ ആന എത്തിയ സംഭവങ്ങള്‍ മുന്‍പും വള്ളക്കടവ് മേഖലയില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ജനവാസ മേഖലയായ പ്രദേശത്ത് റോഡില്‍ എത്തുന്നത് ഇതാദ്യമാണെന്ന് നാട്ടുകാര്‍ പറയുന്നു.