പുലര്‍ച്ചെ മതില്‍ ചാടി കടന്ന് ബാറിനകത്ത്; 117 കുപ്പി ബിയറുമായി മുങ്ങി; കൊല്ലത്തെ യുവാവിനെ പൊലീസ് വെറുതെ വിട്ടു; വിവാദം
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th October 2019 06:12 AM |
Last Updated: 29th October 2019 06:12 AM | A+A A- |

കൊല്ലം: മതില്‍ ചാടിക്കടന്ന് ബാറിനകത്തു കയറിയ യുവാവ് പുലര്‍ച്ചെ കവര്‍ന്നത് 117 കുപ്പി ബീയര്‍. സിസി ടിവിയില്‍ ഈ വിരുതന്റെ ചിത്രം തെളിഞ്ഞതിനെ തുടര്‍ന്നു പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ പിന്നീട് വിട്ടയച്ചതു വിവാദമായി.
നീണ്ടകരയിലെ ബാറില്‍ കഴിഞ്ഞ 23 നു പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയിലാണു സംഭവം. ബാറിലെ പതിവ് സന്ദര്‍ശകനും ഓട്ടോറിക്ഷാ െ്രെഡവറുമായ യുവാവാണ് ബീയര്‍ കവര്‍ന്നതെന്നു ബാര്‍ അധികൃതര്‍ പൊലീസിനോടു പറഞ്ഞു. ദേശീയ പാതയോരത്തെ ബാറിന്റെ മതില്‍ ചാടി അകത്തു കടന്ന യുവാവ് സിസി ടിവി ക്യാമറ പിടിച്ചു ഒടിച്ച ശേഷമാണു അകത്തു കടന്നത്. ക്യാമറ നശിപ്പിക്കുന്നതു ഇതേ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ബാര്‍ കെട്ടിടത്തിന്റെ ഷട്ടര്‍ ചവുട്ടി ഇളക്കി അകത്തു കടന്ന ഇയാള്‍ ബീയര്‍ കെയ്‌സുകളിലാക്കി പുറത്തു ബൈക്കില്‍ കാത്തുനിന്ന സംഘാംഗങ്ങള്‍ക്കു കൈമാറുകയായിരുന്നു. ബൈക്കില്‍ കാത്തുനിന്ന രണ്ടംഗ സംഘം ഇതു സമീപത്ത് എവിടെയോ എത്തിച്ച ശേഷം ബാക്കി കൊണ്ടുപോകാന്‍ വരുന്നതു സമീപത്തെ മറ്റൊരു സ്ഥാപനത്തിലെ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ബാറിനുള്ളില്‍ കടന്നയാളെ തിരിച്ചറിഞ്ഞ ബാര്‍ അധികൃതര്‍ ചവറ പൊലീസില്‍ പരാതി നല്‍കി.
പൊലീസ് ഇയാളെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ മോഷണം സമ്മതിക്കുകയും നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാമെന്നു സമ്മതിക്കുകയും ചെയ്തത്രെ. പിന്നീട് പൊലീസ് ഇയാളെ വിട്ടയച്ചു. മോഷ്ടിച്ചിട്ടില്ലെന്നും നഷ്ടപരിഹാരം നല്‍കാനാവില്ലെന്നുമാണ് ഇയാളുടെ ഇപ്പോഴത്തെ നിലപാട്. പൊലീസ് ആരുടെയോ സ്വാധീനത്തിനു വഴങ്ങിയെന്നാണു സംശയം. ഇതേതുടര്‍ന്നു ബാര്‍ അധികൃതര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കി. സംഘത്തില്‍പ്പെട്ടവര്‍ നേരത്തെയും ചില കേസുകളില്‍ പ്രതികളാണത്രെ.