ഉമ്മന്‍ ചാണ്ടി സ്ഥാനമൊഴിയുമ്പോള്‍ ബാറുകള്‍ 29, ഇപ്പോള്‍ 540; പിണറായി ഭരണത്തില്‍ സംസ്ഥാനത്ത് മദ്യം ഒഴുകുന്നു

ഇടതു ഭരണത്തിലെ കഴിഞ്ഞ മൂന്നര വര്‍ഷം കൊണ്ട് കേരളീയര്‍ 45,000 കോടി രൂപയുടെ മദ്യം കുടിച്ചെന്നാണ് കണക്കുകള്‍
മദ്യപാനം ആരോഗ്യത്തിന് ഹാനികരം
മദ്യപാനം ആരോഗ്യത്തിന് ഹാനികരം

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു ഭരണത്തില്‍ സംസ്ഥാനത്ത് ബാറുകളുടെ എണ്ണത്തില്‍ ഇരുപത് ഇരട്ടി വര്‍ധന. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭരണമൊഴിയുമ്പോള്‍ 29 ബാറുകളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. ഇപ്പോള്‍ അത് 540ല്‍ എത്തിയതായി എന്‍ജിഒ ആയ പ്രോപ്പര്‍ ചാനല്‍ വിവരാവകാശം വഴി നേടിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇടതു ഭരണത്തിലെ കഴിഞ്ഞ മൂന്നര വര്‍ഷം കൊണ്ട് കേരളീയര്‍ 45,000 കോടി രൂപയുടെ മദ്യം കുടിച്ചെന്നാണ് കണക്കുകള്‍. 2016 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 35,587.98 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റത്. 

ഇക്കഴിഞ്ഞ ഓണക്കാലത്താണ് മദ്യവില്‍പ്പന ഏറ്റവും വര്‍ധിച്ചത്. 486 കോടിയുടെ മദ്യമാണ് ഓണനാളുകളില്‍ വിറ്റത്. പ്രളയത്തില്‍ മുങ്ങിയ കഴിഞ്ഞ ഓണക്കാലത്ത് ഇത് 457 കോടിയായിരുന്നു. 

ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിശീര്‍ഷ മദ്യ ഉപഭോഗമുള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാന ഖജനാവിലേക്ക് ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്നതും മദ്യ വില്‍പ്പനയിലൂടെ തന്നെ. 

മദ്യവര്‍ജനത്തിന് ബോധവത്കരണം നടത്തും എന്ന് പ്രഖ്യാപിച്ചുകൊണ്ട് അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാരിന്റെ കാലത്ത് മദ്യ ഉപഭോഗത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓരോ വര്‍ഷവും പത്തു ശതമാനം എന്ന കണക്കില്‍ മദ്യ ഉപഭോഗം കൂടുന്നുണ്ട്. സംസ്ഥാനത്ത് അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാന്‍ തീരുമാനിച്ച 2017 ജൂണിനു ശേഷം ഈ വര്‍ധന പ്രകടമാണ്. 2018-29ല്‍ 14.5 ശതമാനം വര്‍ധനയാണ് മദ്യ ഉപഭോഗത്തില്‍ ഉണ്ടായത്. 

എറണാകുളമാണ് സംസ്ഥാനത്ത് കൂടുതല്‍ ബാറുകളുള്ള ജില്ല. 131 ബാര്‍ ഹോട്ടലുകളാണ് ഇവിടെയുള്ളത്. മദ്യം വിളമ്പാന്‍ ലൈസന്‍സുള്ള 15 ക്ലബുകളും എറണാകുളത്തുണ്ട്. തൃശൂര്‍ 67, തിരുവനന്തപുരം 49, കൊല്ലം 48, കോട്ടയം 45, പാലക്കാട് 37, കോഴിക്കോട് 32 എന്നിങ്ങനെയാണ് കൂടുതല്‍ ബാറുകളുള്ള ജില്ലകളുടെ വിവരം. ഏറ്റവും കുറവു ബാര്‍ വയനാട്ടിലാണ്- ആറെണ്ണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com