പിഞ്ചുകുട്ടികളെ ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ച്  'ഫെയ്സ്ബുക്ക് ഫ്രണ്ടി'നൊപ്പം ഒളിച്ചോടി ; യുവതിയെയും കാമുകനെയും ജയിലിലടച്ച് കോടതി

മകനെയും മകളെയും കൂട്ടി ഭര്‍തൃഗൃഹത്തില്‍ നിന്നിറങ്ങിയ ലിജിമോള്‍, കുട്ടികളെ വഴിയിലുപേക്ഷിച്ച് കടന്നുകളയുകയായിരുന്നു
പിഞ്ചുകുട്ടികളെ ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ച്  'ഫെയ്സ്ബുക്ക് ഫ്രണ്ടി'നൊപ്പം ഒളിച്ചോടി ; യുവതിയെയും കാമുകനെയും ജയിലിലടച്ച് കോടതി

തിരുവനന്തപുരം: പിഞ്ചുകുട്ടികളെ ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയേയും കാമുകനെയും റിമാന്‍ഡ് ചെയ്ത് ജയിലിൽ അടച്ചു.
വിവാഹേതരബന്ധം സംബന്ധിച്ച കേസില്‍ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റാണ് അപൂര്‍വ ഉത്തരവ് പുറപ്പെടുവിച്ചത്.  ഭര്‍ത്താവിനെയും പിഞ്ചുമക്കളെയും ഉപേക്ഷിച്ച്, ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട കാമുകനൊപ്പം പോയ യുവതി കുട്ടികളോടു ക്രൂരത കാണിച്ചെന്നാണ് പൊലീസ് കേസ്.

തിരുവനന്തപുരം, വെങ്ങാനൂര്‍ നെല്ലിവിള മുള്ളുവിള കിഴക്കരികത്ത് വീട്ടില്‍ ലിജിമോള്‍ (24), കോട്ടയം കൂരോപ്പട വട്ടുകുളം കാരുവള്ളിയില്‍ അരുണ്‍കുമാര്‍ (23) എന്നിവരാണ‌് ജയിലിലായത്. ഭര്‍ത്താവിന്റെ പരാതിപ്രകാരം കേസെടുത്ത പൊലീസ്, യുവതിയേയും കാമുകനെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ആറുവയസുള്ള മകനെയും നാലരവയസുള്ള മകളെയും കൂട്ടി ഭര്‍തൃഗൃഹത്തില്‍ നിന്നിറങ്ങിയ ലിജിമോള്‍, കുട്ടികളെ വഴിയിലുപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കുട്ടികള്‍ കല്ലിയൂര്‍ വെയ്റ്റിങ് ഷെഡില്‍ നില്‍പ്പുണ്ടെന്നും വിളിച്ചുകൊണ്ടുപോകാന്‍ സഹോദരനോടു പറയണമെന്നും അമ്മയെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു.

പെട്ടെന്നുതന്നെ സ്ഥലത്തെത്തിയ സഹോദരന്‍ കുട്ടികളെ കൂട്ടിക്കൊണ്ടുപോയി. ജോലിക്കു പോകുന്നുവെന്നാണ് ലിജി സഹോദരനോടു പറഞ്ഞത്. കുട്ടികളെ ഒഴിവാക്കിയശേഷം അരുണ്‍കുമാറിനൊപ്പം ബൈക്കില്‍ കോട്ടയത്തേക്കു പോയ ലിജി, അയാളുടെ വീട്ടില്‍ താമസമാക്കി. ലിജിയുടെ മൊബെല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കോട്ടയത്തുണ്ടെന്നു മനസിലായത്. കാമുകൻ അരുൺകുമാർ അവിവാഹിതനാണ്.

രണ്ടുവര്‍ഷം മുമ്പ് ഫെയ്‌സ്ബുക്കിലൂടെയാണ് അരുണ്‍കുമാറിനെ പരിചയപ്പെട്ടതെന്നും ഭര്‍ത്താവിന്റെ ഉപദ്രവം മൂലമാണു വീടുവിട്ടിറങ്ങിയതെന്നും ലിജി മൊഴി നല്‍കി.  കോടതിയില്‍ ഹാജരാക്കിയപ്പോഴും അരുണ്‍കുമാറിനൊപ്പം ജീവിക്കാനാണിഷ്ടമെന്ന് ലിജി വ്യക്തമാക്കി. എന്നാല്‍, ഇരുവര്‍ക്കും ജാമ്യം നല്‍കുന്നതു സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കുട്ടികളോടു ക്രൂരത കാട്ടിയതിന്, ജുവനൈല്‍ ജസ്റ്റിസ് നിയമം 317, 109, 34 വകുപ്പുകള്‍ പ്രകാരമാണു ലിജിക്കെതിരേ പൊലീസ് കേസെടുത്തത്. പ്രോസിക്യൂഷൻ വാദം പരി​ഗണിച്ച കോടതി  നവംബര്‍ ഒന്‍പതുവരെ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com