മേയറെ മാറ്റിയാല്‍ പിന്തുണ പിന്‍വലിക്കും; സൗമിനി ജയിനെ അനുകൂലിച്ച് രണ്ട് കൗണ്‍സിലര്‍മാര്‍; കോണ്‍ഗ്രസ് നീക്കത്തിനു തിരിച്ചടി

മേയറെ പിന്തുണച്ച് നേരത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തുവന്നെങ്കിലും ഇന്നലെ രാത്രി ജില്ലയില്‍നിന്നുള്ള നേതാക്കള്‍ നടത്തിയ സന്ദര്‍ശനത്തോടെ അദ്ദേഹം മേയറെ കൈവിട്ടെന്നാണ് സൂചന
സൗമിനി ജയിന്‍/ഫയല്‍
സൗമിനി ജയിന്‍/ഫയല്‍

കൊച്ചി: കൊച്ചി മേയര്‍ സൗമിജി ജയിനെ മാറ്റിയാല്‍ യുഡിഎഫിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് നഗരസഭയിലെ സ്വതന്ത്ര അംഗം ഗീതാ പ്രഭാകര്‍. മേയറെ മാറ്റുന്നതിനെ അനുകൂലിക്കുന്നില്ലെന്നു വ്യക്തമാക്കി കോണ്‍ഗ്രസിലെ ജോസ് മേരിയും രംഗത്തുവന്നു. ഇതോടെ സൗമിനി ജയിനെ മാറ്റാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം പാളി.

വെള്ളക്കെട്ടിന്റെ പേരില്‍ കോടതിയില്‍നിന്നുയര്‍ന്ന വിമര്‍ശനങ്ങളുടെയും നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെയും പശ്ചാത്തലത്തില്‍ മേയറെ മാറ്റാന്‍ കോണ്‍ഗ്രസ് നേതൃതലത്തില്‍ ധാരണയായിരുന്നു. മേയറെ പിന്തുണച്ച് നേരത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തുവന്നെങ്കിലും ഇന്നലെ രാത്രി ജില്ലയില്‍നിന്നുള്ള നേതാക്കള്‍ നടത്തിയ സന്ദര്‍ശനത്തോടെ അദ്ദേഹം മേയറെ കൈവിട്ടെന്നാണ് സൂചനകള്‍. നഗരസഭയില്‍ നേതൃമാറ്റം ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് സൗമിനി ജയിനെ അനുകൂലിച്ച് രണ്ട് അംഗങ്ങള്‍ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്.

സൗമിനി ജയിന്‍ മികച്ച മേയര്‍ ആണെന്നും അവര്‍ തുടരുന്നതാണ് നഗരത്തിനു നല്ലതെന്നും ഗീതാ പ്രഭാകര്‍ പറഞ്ഞു. സൗമിനിയെ മാറ്റുന്ന പക്ഷം യുഡിഎഫിനുള്ള തന്റെ പിന്തുണ പിന്‍വലിക്കും. എട്ടു മാസത്തേക്കു മാത്രമായി പുതിയൊരു മേയറെ കണ്ടെത്തേണ്ടതില്ലെന്ന് കോണ്‍ഗ്രസ് അംഗം ജോസ് മേരി പറഞ്ഞു. പ്രവര്‍ത്തനത്തിലെ പോരായ്മയല്ല, നേതാക്കള്‍ക്കിടയിലെ ചില ചര്‍ച്ചകളാണ് മേയറെ മാറ്റുന്നതിനു പിന്നിലെന്ന് അവര്‍ ആരോപിച്ചു.

എഴുപത്തിനാല് അംഗം കൊച്ചി നഗരസഭയി്ല്‍ 38 അംഗങ്ങളാണ് യുഡിഎഫിനുള്ളത്. ടിജെ വിനോദ് എംഎല്‍എ ആയതോടെ ഇത് 37 ആയി കുറഞ്ഞു. പ്രതിപക്ഷത്ത് 34 അംഗങ്ങളുണ്ട്. ബിജെപിക്കു രണ്ടും. നിലവില്‍ സൗമിനി ജയിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്ന രണ്ടുപേര്‍ ഉറച്ചുനിന്നാല്‍ യുഡിഎഫ് അംഗബലം 35 ആയി മാറും. മേയര്‍ക്കെതിരെ അംഗങ്ങള്‍ക്കിടയില്‍ തന്നെ എതിര്‍പ്പു ശക്തമായിട്ടുള്ള പശ്ചാത്തലത്തില്‍ ഒരാളുടെ ഭൂരിപക്ഷത്തില്‍ മുന്നോട്ടുപോവുക പ്രയാസമാവും. ഇതു കണക്കിലെടുത്ത്് കോണ്‍ഗ്രസ് നേതൃത്വം തീരുമാനമെടുക്കുമെന്നാണാ രാഷ്ട്രീയ കേന്ദ്രങ്ങള്‍ കരുതുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com