അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ട ക്രൈംബ്രാഞ്ച് അന്വേഷിക്കും; ചുമതല മലപ്പുറം എസ്പിക്ക്

അട്ടപ്പാടിയില്‍ നാല് മാവോയിസ്റ്റുകള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും
അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ട ക്രൈംബ്രാഞ്ച് അന്വേഷിക്കും; ചുമതല മലപ്പുറം എസ്പിക്ക്

തിരുവനന്തപുരം: അട്ടപ്പാടിയില്‍ നാല് മാവോയിസ്റ്റുകള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പിക്കാണ് അന്വേഷണ ചുമതല.  പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ വന്നതല്ലെന്ന് പാലക്കാട് എസ്പി ശിവ വിക്രം നേരത്തെ പറഞ്ഞിരുന്നു. മാരക പ്രഹരശേഷിയുള്ള ആയുധങ്ങളാണ് മാവോയിസ്റ്റുകളുടെ കയ്യിലുണ്ടായിരുന്നത്. കീഴടങ്ങാനാണെങ്കില്‍ എന്തിനാണ് ഇത്രയും ആയുധങ്ങള്‍ കയ്യില്‍ സൂക്ഷിച്ചതെന്നും അദ്ദേഹം ചോദിച്ചു.  കഴിഞ്ഞദിവസം നടന്ന തണ്ടര്‍ബോള്‍ട്ട് ഓപ്പറേഷനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തത് എകെ 47 തോക്കുകള്‍ ഉപയോഗിച്ചാണ്. വ്യാജ ഏറ്റുമുട്ടലാണോയെന്ന് അറിയാന്‍ പൊലീസ് സംഘത്തിന് ഒപ്പമുണ്ടായിരുന്ന സാക്ഷികളോട് ചോദിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണ്. സ്ഥലത്ത് സംഘര്‍ഷാവസ്ഥയായിരുന്നു. ഏറ്റുമുട്ടല്‍ രണ്ടര മണിക്കൂര്‍ നീണ്ടുനിന്നു. രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പാലക്കാട് മേലെ മഞ്ചിക്കണ്ടി വനത്തില്‍ തണ്ടര്‍ബോള്‍ട്ട് സേനയുടെ വേടിയേറ്റു മരിച്ച മാവോയിസ്റ്റുകളുടെ ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.

നടപടിക്രമങ്ങള്‍ പാലിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കൊല്ലപ്പെട്ട മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും ബന്ധുക്കള്‍ പറഞ്ഞു. റീ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് അവര്‍ കലക്ടര്‍ക്കു കത്തു നല്‍കി.

പോസ്റ്റുമോര്‍ട്ടത്തിനു മുമ്പ് മൃതദേഹം കാണാനോ തിരിച്ചറിയാനോ സമ്മതിച്ചില്ലെന്ന് കാര്‍ത്തിയുടെയും മണിവാസകന്റെയും ബന്ധുക്കള്‍ ആരോപിച്ചു. നടപടിക്രമങ്ങള്‍ പാലിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അവര്‍ പറഞ്ഞു.

കാര്‍ത്തി, മണിവാസകം, രമ, സുരേഷ് എന്നിവരുടെ മൃതദേഹങ്ങളാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. രമയുടെ ശരീരത്തില്‍നിന്ന് അഞ്ചു വെടിയുണ്ടകളാണ് കണ്ടെത്തിയത്.

ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് മോര്‍ച്ചറിക്കും പരിസരത്തും ഒരുക്കിയിരിക്കുന്നു. അതേസമയം, മഞ്ചിക്കണ്ടി വനത്തില്‍ രക്ഷപ്പെട്ട മാവോവാദികള്‍ക്കായി തണ്ടര്‍ബോള്‍ട്ട് ബുധനാഴ്ചയും തിരച്ചില്‍ തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com