ജീവിച്ചിരിക്കുന്നു എന്നുറപ്പ് വരുത്താന്‍ സെല്‍ഫി; എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പമുള്ള സെല്‍ഫി നിര്‍ദേശം കളക്ടര്‍ പിന്‍വലിച്ചു

നേരത്തെ പട്ടികയില്‍ ഉണ്ടാവുകയും പിന്നീട് മരിക്കുകയും ചെയ്തവരുടെ പേരിലും, അനര്‍ഹരുടെ പേരിലും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ടോ എന്നറിയാനായിരുന്നു ഇത്
ജീവിച്ചിരിക്കുന്നു എന്നുറപ്പ് വരുത്താന്‍ സെല്‍ഫി; എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പമുള്ള സെല്‍ഫി നിര്‍ദേശം കളക്ടര്‍ പിന്‍വലിച്ചു

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കൊപ്പം ഉദ്യോഗസ്ഥര്‍ സെല്‍ഫി എടുത്തയക്കണം എന്ന നിര്‍ദേശം കളക്ടര്‍ പിന്‍വലിച്ചു. കളക്ടറുടെ നിര്‍ദേശത്തിന് എതിരെ ഇരകളില്‍ നിന്നും സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നും വലിയ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇത്. 

അതാത് പ്രദേശങ്ങളിലെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അടുത്തേക്കെത്തി അങ്കണവാടി അധ്യാപകരും, സൂപ്പര്‍വൈസര്‍മാരും സെല്‍ഫി എടുത്തയക്കണം എന്നായിരുന്നു എന്‍ഡോസള്‍ഫാന്‍ സെല്‍ കണ്‍വീനര്‍ കൂടിയായ ജില്ലാ കളക്ടറുടെ നിര്‍ദേശം. നേരത്തെ പട്ടികയില്‍ ഉണ്ടാവുകയും പിന്നീട് മരിക്കുകയും ചെയ്തവരുടെ പേരിലും, അനര്‍ഹരുടെ പേരിലും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ടോ എന്നറിയാനായിരുന്നു ഇത്. 

എന്നാലത് ദുരിത ബാധിതരോട് കാണിക്കുന്ന അനാദരവാണെന്ന് ആരോപിച്ച് സമൂഹ്യപ്രവര്‍ത്തകര്‍ എതിര്‍പ്പ് ശക്തമാക്കി. ദുരിത ബാധിതര്‍ക്ക് ലഭിക്കേണ്ട പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന് വേണ്ടതൊന്നും ചെയ്യാത്തവരാണ് സെല്‍ഫിയുമായി എത്തുന്നത് എന്ന വിമര്‍ശനം ശക്തമായി. എന്നാല്‍, സൂപ്പര്‍വൈസര്‍മാരടക്കം ദുരിത ബാധിതരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുന്നുണ്ടെന്ന് ഉറപ്പു വരുത്താനാണ് സെല്‍ഫി എടുത്തയക്കാന്‍ നിര്‍ദേശിച്ചത് എന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com