ലൈംഗിക പീഡനത്തിനെതിരെ പരാതി നല്‍കി ; പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെയും അമ്മയെയും ഗുണ്ടകള്‍ മര്‍ദിച്ചു ; വധഭീഷണി

പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പരാതി രജിസ്റ്റര്‍ ചെയ്യാനോ, എഫ്‌ഐആര്‍ ഇടാനോ പൊലീസ് തയാറായില്ലെന്നും പരാതിയുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗൂഡല്ലൂര്‍ : ഗൂഡല്ലൂര്‍ വിമലഗിരിയില്‍ ലൈംഗിക അതിക്രമത്തിന് ഇരയായത് പരാതിപ്പെട്ട മലയാളികളായ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിക്കും മാതാവിനും വധഭീഷണി. പ്രതിയുടെ ഗുണ്ടകളെത്തി ഇരുവരെയും വീടിനുള്ളില്‍ പൂട്ടിയിട്ട് മര്‍ദിച്ചതായും പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടി കരാട്ടെ പഠിക്കുന്ന സ്ഥാപനത്തിലെ അധ്യാപകനാണ് പ്രതിസ്ഥാനത്തുള്ളത്. സ്‌കൂളിലും പള്ളിയിലും കരാട്ടെ പഠിപ്പിക്കുന്നത് ഇയാളാണ്.

പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെ പ്രിന്‍സിപ്പലിനോടും ഇയാള്‍ ലൈംഗികമായി ഉപദ്രവിക്കപ്പെടുന്ന കാര്യം പരാതിപ്പെട്ടിരുന്നു. ഇക്കാര്യം പൊലീസിനു നല്‍കിയ പരാതിയിലും കാണിച്ചിരുന്നു. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പരാതി നല്‍കി എന്നാരോപിച്ചാണ് ഗുണ്ടാ സംഘം വീട്ടിലെത്തി പെണ്‍കുട്ടിയെയും തന്നെയും ആക്രമിച്ചതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. മര്‍ദനത്തില്‍ പെണ്‍കുട്ടിക്ക് ചെവിക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. മാതാവിനും പരുക്കേറ്റിട്ടുണ്ട്. പരാതിക്കാരും ആരോപണവിധേയരും ഗൂഡല്ലൂരില്‍ സ്ഥിരതാമസക്കാരായ മലയാളികളാണ്.

പെണ്‍കുട്ടി ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതായി പരാതി ഉയര്‍ന്നതോടെ ബാലാവകാശ കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തുകയും വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കിയിരുന്നു. ഈ സമയം കൂടുതല്‍ പെണ്‍കുട്ടികള്‍ അധ്യാപകനെതിരെ രംഗത്തു വന്നു. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. സംഭവത്തിന്റെ ആദ്യ ഘട്ടത്തില്‍ യുവതിയുടെ പിതാവും പരാതി നല്‍കുന്നതിന് പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ പരാതിയില്‍ വൈദികരുടെ പേര് ഉള്‍പ്പെടുത്തിയത് പുറത്തു വന്നതോടെ വൈദികര്‍ പിതാവിനെ സ്വാധീനിക്കുകയും ഇവര്‍ക്ക് എതിരാക്കിയതായും അമ്മ പറയുന്നു.

പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് ഡിസ്ചാര്‍ജ് ആയി പോകുന്നതിന് പൊലീസുകാര്‍ ഉള്‍പ്പടെയുള്ളവര്‍ നിര്‍ബന്ധിച്ചതായും പെണ്‍കുട്ടിയുടെ അമ്മ വെളിപ്പെടുത്തി. ഗൂഡല്ലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പരാതി രജിസ്റ്റര്‍ ചെയ്യാനോ, എഫ്‌ഐആര്‍ ഇടാനോ പൊലീസ് തയാറായില്ലെന്നും പരാതിയുണ്ട്. ഏതാനും സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ടപ്പോഴാണ്  കേസെടുക്കുന്നതിന് പൊലീസ് തയാറായത്.

പെണ്‍കുട്ടിയുടെ പരാതി സ്വീകരിച്ച പൊലീസ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാതെയാണ് മൊഴിയെടുക്കാന്‍ സ്‌റ്റേഷനില്‍ എത്തിച്ചത്. ഈ സമയം പൊലീസ് സ്‌റ്റേഷനില്‍ പ്രതികളെയും പൊലീസ് വിളിച്ചു വരുത്തിയിരുന്നു. സ്‌റ്റേഷനില്‍ പ്രതികളെ കണ്ട പെണ്‍കുട്ടി ഭയപ്പെട്ടതായും പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com