ശാസ്ത്രീയ തെളിവുകളില്ല ; പ്രോസിക്യൂഷന്‍ ദയനീയ പരാജയം; സാക്ഷികളെ പടച്ചുണ്ടാക്കിയതോ എന്നും കോടതി ; വാളയാറിലെ വിധിപകര്‍പ്പ് പുറത്ത്

പ്രതികള്‍ പീഡനം നടത്തിയതിന്റെ തെളിവുകള്‍ ഒന്നും പ്രോസിക്യൂഷന്‍ ഹാജരാക്കിയില്ല. സാഹചര്യതെളിവുകളെ മാത്രമാണ് ആശ്രയിച്ചത്
ശാസ്ത്രീയ തെളിവുകളില്ല ; പ്രോസിക്യൂഷന്‍ ദയനീയ പരാജയം; സാക്ഷികളെ പടച്ചുണ്ടാക്കിയതോ എന്നും കോടതി ; വാളയാറിലെ വിധിപകര്‍പ്പ് പുറത്ത്

പാലക്കാട് : വാളയാറിലെ ദലിത് പെണ്‍കുട്ടികളുടെ ദുരൂഹമരണക്കേസില്‍ കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. കേസില്‍ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടു. പതിമൂന്ന് വയസ്സുകാരിയായ മൂത്തകുട്ടി തൂങ്ങിമരിച്ചത് തന്നെയാണെന്നാണ് വിചാരണ കോടതി വിധിയില്‍ വ്യക്തമാക്കുന്നത്.  മുമ്പുണ്ടായ ലൈംഗീക പീഡനങ്ങള്‍ ആത്മഹത്യക്ക് കാരണമായെന്ന് പറയാനാകില്ല. പ്രോസിക്യൂഷന്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തുവെന്ന വാദം ഒരിക്കലും ചോദ്യം ചെയ്തിട്ടില്ലെന്ന് വിധിയില്‍ കോടതി വ്യക്തമാക്കുന്നു.

പ്രതികള്‍ പീഡനം നടത്തിയതിന്റെ തെളിവുകള്‍ ഒന്നും പ്രോസിക്യൂഷന്‍ ഹാജരാക്കിയില്ല. സാഹചര്യതെളിവുകളെ മാത്രമാണ് പ്രോസിക്യൂഷന്‍ ആശ്രയിച്ചത്. ആ തെളിവുകളുടെ തുടര്‍ച്ച നല്‍കാനും പ്രോസിക്യൂഷന് സാധിച്ചില്ല. പീഡനം നടന്നിട്ടുണ്ടെങ്കില്‍ പ്രത്യേക എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമായിരുന്നു എന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. പ്രതികള്‍ കുറ്റം ചെയ്യാന്‍ സാഹചര്യം ഉണ്ടെന്ന് മാത്രമാണ് പ്രോസിക്യൂഷന് തെളിയിക്കാനായത്. 28 സാക്ഷികളെ വിസ്തരിച്ചെങ്കിലും തെളിവുകള്‍ കണ്ടെത്താനായില്ലെന്നും വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി.

രണ്ട് സാഹചര്യത്തെളിവുകള്‍ മാത്രമാണ് വിശ്വാസയോഗ്യമായിട്ടുള്ളത്. ഒന്ന് പ്രതി പെണ്‍കുട്ടികളുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്നു എന്നതാണ്. മറ്റൊന്ന് കുട്ടികള്‍ പ്രതിയുടെ വീട്ടിലേക്ക് കളിക്കാനോ, ട്യൂഷനോ പോകാന്‍ സാഹചര്യം ഉണ്ടായിരുന്നു എന്നത് മാത്രമാണെന്ന് കോടതി വ്യക്തമാക്കി. 28 സാക്ഷികളില്‍ ഒരാള്‍ക്ക് പോലും പ്രതി കുറ്റം ചെയ്തത് സ്ഥിരീകരിക്കുന്ന തെളിവ് നല്‍കാനായിട്ടില്ല. സാക്ഷിമൊഴികള്‍ പരസ്പര വിരുദ്ധമാണ്. പൊലീസ് കൃത്രിമമായി ഉണ്ടാക്കിയ (പ്ലാന്റഡ്) സാക്ഷികള്‍ ആണോ ഇവയെന്നും കോടതി വിധിയില്‍ നിരീക്ഷിച്ചു.

ആത്മഹത്യ പ്രേരണ, ബലാല്‍സംഗം, പ്രകൃതി വിരുദ്ധ പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍, പട്ടികജാതി പട്ടിക വര്‍ഗ പീഡനം തുടങ്ങിയ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും കോടതി വിധിയില്‍ സൂചിപ്പിക്കുന്നു. പെണ്‍കുട്ടിക്ക് പ്രതികളിലൊരാള്‍ മൊബൈല്‍ വാങ്ങി നല്‍കിയെന്ന് പന്ത്രണ്ടാം സാക്ഷി വിചാരണവേളയില്‍ പറയുന്നുണ്ട്. എന്നാല്‍ 161 പ്രകാരം രേഖപ്പെടുത്തിയ മൊഴിയില്‍ ഇത് ഒഴിവാക്കിയിട്ടുണ്ട്. 2016 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ വീടിനടുത്ത് വാടകവീട്ടില്‍ താമസിച്ചിരുന്ന പ്രതി പീഡീപ്പിച്ചതായി സാക്ഷി മൊഴിയുണ്ട് എന്നാല്‍ ആ കാലയളവിന് ശേഷമാണ് വീട് വാടകയ്ക്ക് നല്‍കിയതെന്ന് ഉടമ കോടതിയില്‍ മൊഴി നല്‍കി.

പെണ്‍കുട്ടിയുടെയും പ്രതികളുടെയും വസ്ത്രങ്ങളുടെ രാസപരിശോധന നടത്തിയിരുന്നുവെന്നും ഈ വസ്ത്രങ്ങളില്‍ പ്രതിയുടെ രേതസ്സോ മറ്റ് ജീവദ്രവങ്ങളോ കണ്ടെത്താനായിട്ടില്ലെന്നും വിധിയില്‍ ചൂണ്ടിക്കാണിക്കുന്നു. ചില പ്രതികളെ തെളിവില്ലെങ്കിലും കുറ്റസമ്മതം നടത്തിയെന്ന് പറഞ്ഞാണ് അറസ്റ്റ് ചെയ്തതെങ്കിലും അറസ്റ്റിന് ശേഷമാണ് ഇവരുടെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ ശരീരത്തിലെ മുറിവ് അണുബാധ മൂലമാകാമെന്നും പോസ്റ്റ് മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍ നല്‍കിയ മൊഴിയില്‍ പറയുന്നുണ്ടെന്നും കോടതി വിധിയില്‍ സൂചിപ്പിച്ചു.

ഇളയപെണ്‍കുട്ടി പലതവണ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ മരണം കൊലപാതകമാണോയെന്ന് സാധ്യത അന്വേഷിക്കണം എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടറുടെ നിര്‍ദേശം അന്വേഷണ സംഘം അവഗണിച്ചു. ഇതില്‍ ദുരൂഹതയുണ്ടെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. കേസില്‍ പുനരന്വേഷണം വേണം. പൊലീസിനെ വിശ്വാസമില്ലെന്നും സിബിഐ തന്നെ അന്വേഷിക്കണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും കുട്ടികളുടെ അമ്മ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com