മഹാ ചുഴലിക്കാറ്റ് ഉച്ചയ്ക്ക് മുന്‍പ് ശക്തിപ്രാപിക്കും; ഉരുള്‍പൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത; അതീവ ജാഗ്രത നിര്‍ദേശം
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st October 2019 07:26 AM |
Last Updated: 31st October 2019 07:26 AM | A+A A- |

കൊച്ചി; അറബിക്കടലില്‍ രൂപംകൊണ്ട മഹാ ചുഴലിക്കാറ്റ് ഉച്ചയ്ക്ക് മുന്‍പ് ശക്തിപ്രാപിക്കും. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് മഴ കനക്കുകയാണ്. ഉരുള്‍പൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ടിരുന്ന അതിതീവ്ര ന്യൂനമര്‍ദമാണ് മഹാ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിച്ചത്.
കേരളത്തിലും ലക്ഷദ്വീപിലുമാണ് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേരള തീരത്ത് ശനിയാഴ്ച വരെ മീന്‍പിടിത്തും പൂര്‍ണമായി നിരോധിച്ചു. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശ താലൂക്കുകളായ കൊച്ചി, പറവൂര്‍, ചാവക്കാട്, കൊടുങ്ങല്ലൂര്‍ എന്നീ താലൂക്കുകളിലാണ് അവധി. കൂടാതെ എംജി സര്‍വകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ എല്ലാം മാറ്റി.
കേരളം മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്ത് രൂപം കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനിടയുണ്ട്. ചില സമയങ്ങളില്‍ ശക്തമായ കാറ്റും ചിലയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്.
അതിപ്രക്ഷുബ്ദാവസ്ഥയിലുള്ള കടലില്‍ ഒരു കാരണവശാലും പോകാന്‍ അനുവദിക്കില്ലെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കടല്‍ തീരത്ത് പോകുന്നതും ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്.
മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നാളെ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശമുണ്ട്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ലക്ഷദ്വീപില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട് ആണ്.