ഈ കരുതൽ മാതൃകാപരം; കെഎസ്ആർടിസി ജീവനക്കാർക്ക് സോഷ്യൽ മീഡിയയിൽ കൈയ്യടി 

ബെംഗളൂരു ക്രൈസ്റ്റ് കോളജിലെ എംഫിൽ വിദ്യാർത്ഥിയായ എൽസീനയായിരുന്നു യാത്രക്കാരി
ഈ കരുതൽ മാതൃകാപരം; കെഎസ്ആർടിസി ജീവനക്കാർക്ക് സോഷ്യൽ മീഡിയയിൽ കൈയ്യടി 

രാത്രി ബസിൽ നിന്നിറങ്ങിയ യാത്രക്കാരി ഒറ്റയ്ക്കാണെന്നറിഞ്ഞ് വീട്ടുകാർ എത്തുന്നത് വരെ കാവൽ നിന്ന  കെഎസ്ആർടിസി ബസ് ജീവനക്കാരെ അഭിനന്ദിച്ച് പൂഞ്ഞാർ എംഎൽഎ പി സി ജോർജ്. തന്റെ നിയോജകമണ്ഡലത്തിലെ പൊടിമറ്റത്ത് നടന്ന സംഭവം ഏറെ മാതൃകാപരമാണെന്നാണ് സംഭവം വിവരിച്ചുകൊണ്ട് ജോർജ് ഫേസ്ബുക്കിൽ കുറിച്ചത്. 

ബസിലെ കണ്ടക്ടറായ ആലുവ സ്വദേശി പി ഷാജുദ്ദിനും ഡ്രൈവർ കുമ്പളങ്ങി സ്വദേശി ഡെന്നീസ് സേവ്യറുമാണ് പെൺകുട്ടിക്ക് തുണയായത്. ബെംഗളൂരു ക്രൈസ്റ്റ് കോളജിലെ എംഫിൽ വിദ്യാർത്ഥിയായ എൽസീനയായിരുന്നു യാത്രക്കാരി. ഗവേഷണ ആവശ്യത്തിനായി എറണാകുളത്ത് എത്തിയ എൽസീന കുട്ടിക്കാനം മരിയൻ കോളജിൽ രാവിലെ 9 മണിക്ക്  എത്തേണ്ടതിനാൽ രാത്രി കുടുംബ സുഹൃത്തിന്റെ വീട്ടിലേക്കു വരികയായിരുന്നു. ബസ് എത്തി 15 മിനിറ്റിനു ശേഷം കുടുംബ സുഹൃത്തായ ഡോ. ചാക്കാച്ചൻ ഞാവള്ളിൽ കാറിലെത്തി എൽസീനയെ കൂട്ടിക്കൊണ്ടു പോയി. ഇതിന് ശേഷമാണ് ബസ് യാത്ര തുടർന്നത്.

സംഭവം ജോർജ് വിവരിച്ചതിങ്ങനെ: "സമയം ചൊവ്വാഴ്ച രാത്രി 11.30 ആയിട്ടുണ്ട്. എറണാകുളം - മധുര സൂപ്പർ ഫാസ്റ്റ് നിറയെ യാത്രക്കാരുമായി കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് കോളേജിന്‍റെ പടിക്കലെത്തി. വ്യാപാരികളുടെ ഹർത്താൽ ആയതിനാൽ നിരത്തിൽ ആളനക്കമോ തുറന്ന കടകളോ ഒന്നുമുണ്ടായിരുന്നില്ല. പതിവിലും പത്തു മിനിറ്റ് നേരത്തെ ബസ് സ്ഥലത്തെത്തുകയും ചെയ്തു.

എറണാകുളത്ത് നിന്ന് കയറിയ പെൺകുട്ടിക്ക് ഈ സ്റ്റോപ്പിൽ ആയിരുന്നു ഇറങ്ങേണ്ടിയിരുന്നത്. ഇറങ്ങേണ്ട സ്ഥലം അടുത്തപ്പോൾ പെൺകുട്ടി ഫോണിൽ വീട്ടിലേക്ക് ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. തുടർന്ന് ബസ് ഇറങ്ങി വീട്ടുകാർ വരുന്നതും കാത്ത് സ്റ്റോപ്പിൽ നിന്നു.

എന്നാൽ, ഒരു പെൺകുട്ടിയെ പെരുവഴിയിൽ ഇറക്കി കടന്നുപോകാൻ ബസിലെ കണ്ടക്ടറായ ആലുവ സ്വദേശി പി.ഷാജുദ്ദിനും ഡ്രൈവർ കുമ്പളങ്ങി സ്വദേശി ഡെന്നീസ് സേവ്യറിനും മനസു വന്നില്ല. വീട്ടുകാർ എത്തുന്നത് വരെ 20 മിനിറ്റോളം അവർ ആ പെൺകുട്ടിക്ക് കാവൽ തീർത്തു. വീട്ടുകാർ എത്തി അവരുടെ കൈയിൽ പെൺകുട്ടിയെ സുരക്ഷിതമായി ഏൽപിച്ചതിനു ശേഷമാണ് ബസ് യാത്ര തുടർന്നത്".

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com