മേയറെ മാറ്റണം : ഇന്ദിര അനുസ്മരണത്തിനിടെ എറണാകുളം ഡിസിസിയില്‍ വാഗ്വാദം, കയ്യാങ്കളി

ഡിസിസി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി അനുസ്മരണ ചടങ്ങിനിടെയാണ് സംഭവം
മേയറെ മാറ്റണം : ഇന്ദിര അനുസ്മരണത്തിനിടെ എറണാകുളം ഡിസിസിയില്‍ വാഗ്വാദം, കയ്യാങ്കളി

കൊച്ചി : കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ മാറ്റവുമായി ബന്ധപ്പെട്ട് എറണാകുളം ഡിസിസി സംഘടിപ്പിച്ച ചടങ്ങില്‍ കയ്യാങ്കളി. എറണാകുളം കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് നോര്‍മന്‍ ജോസഫാണ് മേയറെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തുവന്നത്. ഡിസിസി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി അനുസ്മരണ ചടങ്ങിനിടെയാണ് സംഭവം.

അനുസ്മരണ ചടങ്ങില്‍ മുതിര്‍ന്ന നേതാവ് എന്‍ വേണുഗോപാല്‍ സംസാരിച്ചതിന് പിന്നാലെയാണ് നോര്‍മന്‍ ജോസഫ്, സദസ്സിലുണ്ടായിരുന്ന കെവി തോമസിനോട് മേയറെ മാറ്റണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത്. മാഷേ ഈ മേയറുമായി ഇനിയും മുന്നോട്ടുപോകാനാകില്ല. മേയറെ മാറ്റാന്‍ ഇനിയെന്താണ് തടസ്സമെന്ന് നോര്‍മന്‍ ജോസഫ് ചോദിച്ചു. ഇന്ദിരാഗാന്ധി അനുസ്മരണ ചടങ്ങിനിടെ ഈ വിഷയം ഉയര്‍ന്നുവന്നത് നേതാക്കളെ അമ്പരപ്പിച്ചു.

കെ വി തോമസിന് പുറമെ, മുതിര്‍ന്ന നേതാക്കളായ കെ ബാബു, കെ പി ധനപാലന്‍, ലിനോ ജേക്കബ്, ലാലി വിന്‍സെന്റ്, ലൂഡി ലൂയിസ്, മേയര്‍ സൗമിനി ജെയിന്‍ തുടങ്ങിവരും ചടങ്ങിലുണ്ടായിരുന്നു. ഇതിനിടെ ക്ഷുഭിതനായ നോര്‍മന്‍ ജോസഫിനെ സമാധാനിപ്പിക്കാന്‍ ലിനോ ജേക്കബ് എത്തി. എന്നാല്‍ ലിനോയെ പിടിച്ചു തള്ളിയ നോര്‍മന്‍ ജോസഫ്, അദ്ദേഹത്തിന് നേരെ അസഭ്യവര്‍ഷവും നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

താന്‍ 25 വര്‍ഷമായി കോണ്‍ഗ്രസിന്റെ ബ്ലോക്ക് വൈസ് പ്രസിഡന്റാണ്. താന്‍ പറയുന്ന കാര്യങ്ങളെപ്പോലും മേയര്‍ സൗമിനി ജെയിന്‍ ഗൗനിക്കുന്നില്ല. ഇത്തരത്തില്‍ മേയര്‍ക്കെതിരെ നിരവദി പരാതികളുണ്ട്. ഈ മേയറുമായി ഇനിയും മുന്നോട്ടുപോകാനാകില്ല. മുമ്പ് കോണ്‍ഗ്രസ് നേതൃത്വം ലോക്‌സഭ തെരഞ്ഞെടുപ്പ്, നിയമസഭ തെരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് മേയര്‍ മാറ്റത്തെ തടഞ്ഞത്. ഇനി എന്താണ് തടസ്സമെന്നും നോര്‍മന്‍ ജോസഫ് ചോദിച്ചു.

തുടര്‍ന്ന് ലിഫ്റ്റിന് അടുത്തേക്ക് പോയ നോര്‍മന്‍ ജോസഫും ബൂത്ത് പ്രസിഡന്റ് ശശികുമാറും തമ്മില്‍ ഉന്തും തള്ളും വരെയുണ്ടായി. കയ്യാങ്കളി നടക്കുമ്പോള്‍ മേയര്‍ സൗമിനി ജെയിന്‍ ഒരു പ്രതികരണവും നടത്താതെ നിശബ്ദയായി ഇരിക്കുകയായിരുന്നു. ഇതോടെ മേയര്‍മാറ്റം എറണാകുളത്തെ കോണ്‍ഗ്രസില്‍ ശക്തമായ ചേരിപ്പോരിലേക്ക് വഴിമാറിയിരിക്കുകയാണ്. മേയര്‍മാറ്റ വിഷയത്തില്‍ ഇന്നലെ കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ തീരുമാനമെടുക്കാനായിരുന്നില്ല. തുടര്‍ന്ന് ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കെപിസിസി അധ്യക്ഷനെ യോഗം ചുമതലപ്പെടുത്തുകയായിരുന്നു.

അതിനിടെ മേയര്‍മാറ്റ ആവശ്യം ഉന്നയിച്ച് എറണാകുളം ഡിസിസി സംഘടിപ്പിച്ച ഇന്ദിര അനുസ്മരണത്തിനിടെ കയ്യാങ്കളിയിലേര്‍പ്പെട്ട ബോക്ക് വൈസ് പ്രസിഡന്റിനെ സസ്‌പെന്‍ഡ് ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റായ നോര്‍മന്‍ ജോസഫിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com