വാളയാറില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു; പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും

മരിച്ച പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കണം എന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികളുടെയും വിവിധ സാമൂഹ്യസംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്
വാളയാറില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു; പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും

പാലക്കാട്: വാളയാര്‍ കേസിലെ പ്രതികളെ വെറുതെവിട്ടതിനെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ മരിച്ച പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും. പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും അടക്കം വീഴ്ച പറ്റിയ കേസില്‍ തങ്ങള്‍ക്ക് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നത്. 

അതിനിടെ മരിച്ച പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കണം എന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികളുടെയും വിവിധ സാമൂഹ്യസംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. വാളയാര്‍ മുതല്‍ തിരുവനന്തപുരം വരെ ലോങ് മാര്‍ച്ച് സംഘടിപ്പിച്ച് പ്രതിഷേധിക്കാനുള്ള തീരുമാനത്തിലാണ് കെപിസിസി. കേസില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തുന്ന 100 മണിക്കൂര്‍ സമരത്തില്‍ ഇന്ന് സംസ്ഥാന നേതാക്കളും പങ്കെടുക്കും. 

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന അന്വേഷണോദ്യോഗസ്ഥന്റെ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചെന്ന വിവരം ഇന്നലെ വൈകിട്ടോടെ പുറത്തു വന്നിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ലത ജയരാജിനെ മാറ്റണമെന്ന് അന്വേഷണോദ്യോഗസ്ഥന്‍ ഡിവൈഎസ്പി സോജന്‍ 2017ല്‍ തന്നെ സര്‍ക്കാരിനോടാവശ്യപ്പെട്ടെങ്കിലും ഇത് സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്ന വിവരമാണ് പുറത്തുവന്നത്. പ്രോസിക്യൂട്ടറെ സഹായിക്കാന്‍ പൊലാസുദ്യോഗസ്ഥനെ നിയോഗിക്കണമെന്ന ആവശ്യം കോടതി നിരാകരിക്കുകയും ചെയ്തു. പ്രോസിക്യൂട്ടറുമായുള്ള ഭിന്നതയെ തുടര്‍ന്നായിരുന്നു രണ്ട് നീക്കവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com