ഇന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി; നിഷ മത്സരിക്കും;സമയമായിട്ടില്ലെന്ന്‌ ജോസഫ്

സ്ഥാനാര്‍ത്ഥിയുടെ പേര് ഇന്ന് വൈകീട്ട് യുഡിഎഫിന് കൈമാറും. പട്ടികയില്‍ ഒരാളുടെ പേര് മാത്രമെ ഉണ്ടാകുയുള്ളു 
ഇന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി; നിഷ മത്സരിക്കും;സമയമായിട്ടില്ലെന്ന്‌ ജോസഫ്

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ആവര്‍ത്തിച്ച് ജോസ് കെ മാണി. സ്ഥാനാര്‍ത്ഥിയുടെ പേര് ഇന്ന് വൈകീട്ട് യുഡിഎഫിന് കൈമാറും. പട്ടികയില്‍ ഒരാളുടെ പേര് മാത്രമെ ഉണ്ടാകുവെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയുവുമായി ആശയക്കുഴപ്പമില്ലെന്നും രണ്ടില ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ത്ഥി മത്സരിക്കും ജോസ് കെ മാണി പറഞ്ഞു.

അതേസമയം, പാലായില്‍ നിഷാ ജോസ് കെ.മാണി സ്ഥാനാര്‍ഥിയായാല്‍ രണ്ടില ചിഹ്നം നല്‍കേണ്ടതില്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം. നിഷയെ സ്ഥാനാര്‍ഥിയായി അംഗീകരിക്കാനാവില്ലെന്ന കടുത്ത നിലപാടിലാണ് ജോസഫ്. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ ഇന്ന് പ്രഖ്യാപനമുണ്ടാകില്ലെന്ന് ജോസഫ് പറഞ്ഞു. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമയം വേണമെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെന്നും ജോസഫ് പറഞ്ഞു. ചൊവ്വാഴ്ചയോടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷ.

പിജെ ജോസഫിന്റെ എതിര്‍പ്പ് തുടരുമ്പോഴും, പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നിഷ ജോസ് കെ. മാണിയാകുമെന്ന് ഏറക്കുറെ ഉറപ്പായി.

കേരള കോണ്‍ഗ്രസ് എമ്മിന് അവകാശപ്പെട്ട സീറ്റില്‍ ജോസ് കെ.മാണി വിഭാഗം നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിതന്നെ മത്സരിക്കുമെന്നാണ് യുഡിഎഫ്.നേതാക്കള്‍ നല്‍കുന്ന സൂചന. സ്ഥാനാര്‍ഥിനിര്‍ണയത്തിന് ജോസ്‌വിഭാഗം നിയോഗിച്ച ഏഴംഗസമിതിയും നിഷയുടെ സ്ഥാനാര്‍ഥിത്വത്തിന് പച്ചക്കൊടി കാട്ടി. എന്നാല്‍, പൊതുസമ്മതനെ കണ്ടെത്തണമെന്ന നിര്‍ദേശം അംഗീകരിച്ചാല്‍ സ്ഥാനാര്‍ഥി മാറാനും സാധ്യതയുണ്ട്.

കോട്ടയത്ത് ശനിയാഴ്ച പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളെയും സംസ്ഥാനഭാരവാഹികളെയും പ്രത്യേകംകണ്ട് തോമസ് ചാഴികാടന്‍ എം.പി.യുടെ നേതൃത്വത്തിലുള്ള സമിതി ഇക്കാര്യത്തില്‍ അഭിപ്രായംതേടി. നിഷ അല്ലെങ്കില്‍ ജോസ്.കെ.മാണി സ്ഥാനാര്‍ഥി ആകണമെന്ന അഭിപ്രായമാണ് ഇതില്‍ ഉയര്‍ന്നത്. മറ്റ് പേരുകള്‍ ഒന്നും നിര്‍ദേശിക്കപ്പെട്ടില്ലെന്നാണ് സമിതി അംഗം പറഞ്ഞത്. അതേസമയം, മലബാര്‍മേഖലയില്‍ നിന്നുള്ള ഭാരവാഹികള്‍ പേരുപറയാതെ പാര്‍ട്ടിതീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് അറിയിച്ചു.

പി.ജെ.ജോസഫ് വിഭാഗം, സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന മുതിര്‍ന്നനേതാവ് ഇ.ജെ. ആഗസ്തിയും സമിതിമുമ്പാകെ അഭിപ്രായംപറഞ്ഞതായി ജോസ് വിഭാഗത്തിലെ മുതിര്‍ന്ന നേതാവ് പറഞ്ഞു. കെ.എം. മാണിയുടെ മൂത്തമകള്‍ സാലിജോസഫിന്റെ പേര് ചിലകേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ അടിസ്ഥാനവുമില്ലെന്നും ഇദ്ദേഹം പറഞ്ഞു. ജോസ് കെ.മാണി മത്സരിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് കോണ്‍ഗ്രസ്‌നേതാക്കള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ നിഷയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പാക്കുകയാണ് ജോസ് വിഭാഗം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com