ഒടുവില്‍ വഴങ്ങി: യുഡിഎഫ് തീരുമാനം അംഗീകരിക്കുമെന്ന് പിജെ ജോസഫ്

പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ജോസ് ടോം പുലികുന്നേലിനെ അംഗീകരിക്കില്ലെന്ന നിലപാട് തിരുത്തി പിജെ ജോസഫ്.
ഒടുവില്‍ വഴങ്ങി: യുഡിഎഫ് തീരുമാനം അംഗീകരിക്കുമെന്ന് പിജെ ജോസഫ്

കോട്ടയം: പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ജോസ് ടോം പുലികുന്നേലിനെ അംഗീകരിക്കില്ലെന്ന നിലപാട് തിരുത്തി പിജെ ജോസഫ്. യുഡിഎഫ് ഏത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്ന് ജോസഫ് വ്യക്തമാക്കി. നേരത്തെ, ജോസ് ടോമിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് എതിരെ ജോസഫ് രംഗത്ത് വന്നിരുന്നു. പാര്‍ട്ടിയില്‍ അച്ചടക്ക നടപടി നേരിടുന്ന അംഗമാണ് ജോസ് എന്നാണ് ജോസഫ് വിഭാഗം വാദിച്ചത്. നിലവില്‍ പിജെ ജോസഫ് സസ്‌പെന്റ് ചെയ്ത നേതാവാണ് ജോസ് ടോം പുലികുന്നേല്‍. ജോസ് ടോമിന് പാര്‍ട്ടി ചിഹ്നമായ രണ്ടില അനുവദിക്കുമോ എന്ന മാധ്യമങ്ങളുടോ ചോദ്യത്തിന്  ജോസഫ് വ്യക്തമായ ഉത്തരം നല്‍കിയില്ല. 

എന്നാല്‍ രണ്ടില ചിഹ്നത്തിന് വേണ്ടി ആരുടെ മുന്നിലും തലകുനിക്കില്ലെന്നും തന്റെ ചിഹ്നം മഹാനായ മാണിസാര്‍ ആണെന്നും ജോസ് ടോം പുലികുന്നേല്‍ പറഞ്ഞു. കെഎം മാണിയുടെ ചിത്രം മാത്രം മതി വോട്ട് കിട്ടാനെന്നും ജോസ് കൂട്ടിച്ചേര്‍ത്തു. പാലായിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ പൂര്‍ണ അവകാശം ജോസ് കെ മാണിക്കാണ്. പാലാക്കാരെ സംബന്ധിച്ച് മാണിയുടെ തുടര്‍ച്ച ആരാണെന്ന് മാത്രമേ നോക്കു. മാണിയുടെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത പോലും തനിക്കില്ല. അതേസമയം അദ്ദേഹം കാട്ടിത്തന്ന വഴിയിലൂടെ സഞ്ചരിക്കും. സ്‌കൂള്‍ പഠന കാലത്ത് തുടങ്ങിയതാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള ബന്ധമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജോസ് ടോം പുലികുന്നേലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ദേശിച്ചത് ജോസ് കെ മാണി പക്ഷമാണ്. നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിജെ ജോസഫ് എതിര് നിന്നതോടെയാണ് ജോസ് ടോമിനെ മത്സരിപ്പിക്കാന്‍ ജോസ് കെ മാണി പക്ഷം തീരുമാനിച്ചത്. മാണി കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥികളുണ്ടാകില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കിയതിന് പിന്നാലെയാണ് ജോസ് ടോമിനെ മത്സരാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. നിഷ വിജയ സാധ്യതയില്ലാത്ത സ്ഥാനാര്‍ഥിയാണെന്ന് നേരത്തെ പിജെ ജോസഫ് പറഞ്ഞിരുന്നു.

കെ.എസ്.എസ്.സിയിലൂടെ രാഷ്ട്രീയജീവിതത്തിന് തുടക്കംകുറിച്ച ജോസ് ടോം പുലിക്കുന്നേല്‍ മാണി കുടുംബത്തിന്റെ വിശ്വസ്തനും എം.ജി. സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com