കോണ്‍ഗ്രസില്‍ നിന്നും ബിജെപി പാളയത്തിലെത്തി ; രാഷ്ട്രീയ തീച്ചൂളയില്‍ വിളഞ്ഞ വ്യക്തിത്വം

ഉത്തര്‍പ്രദേശ് സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാന്‍ ഏറെ പരിചയസമ്പന്നനായ രാഷ്ട്രീയ നേതാവാണ്
കോണ്‍ഗ്രസില്‍ നിന്നും ബിജെപി പാളയത്തിലെത്തി ; രാഷ്ട്രീയ തീച്ചൂളയില്‍ വിളഞ്ഞ വ്യക്തിത്വം

ന്യൂഡല്‍ഹി : സുപ്രിംകോടതി ന്യായാധിപനായിരുന്ന പി സദാശിവത്തില്‍ നിന്നും കേരളത്തിന്റെ ഗവര്‍ണര്‍ പദവി എത്തുന്നത് രാഷ്ട്രീയരംഗത്ത് തഴക്കം വന്ന നേതാവിലേക്ക്. ഉത്തര്‍പ്രദേശ് സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാന്‍ ഏറെ പരിചയസമ്പന്നനായ രാഷ്ട്രീയ നേതാവാണ്.

1951 ല്‍ ബുലന്ദ്ഷഹറിലാണ് ആരിഫ് മുഹമ്മദ് ഖാന്റെ ജനനം. വിദ്യാര്‍ത്ഥി നേതാവായിട്ടായിരുന്നു ആരിഫിന്‍രെ പൊതു പ്രവര്‍ത്തനത്തിന് തുടക്കം. സിയന്ന മണ്ഡലത്തില്‍ ബാരതീയ ക്രാന്തി പാര്‍ട്ടിയുടെ കീഴിലായിരുന്നു നിയമസഭയിലേക്ക് കന്നി പോരാട്ടം. പക്ഷെ പരാജയപ്പെട്ടു. എന്നാല്‍ 1977 ല്‍ 26-ാം വയസ്സില്‍ ആരിഫ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 

പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ആരിഫ് മുഹമ്മദ് ഖാന്‍, 1980 ല്‍ കാണ്‍പൂരില്‍ നിന്നും ലോക്‌സഭയിലേക്ക് വിജയിച്ചു. മുസ്ലിം പേഴ്‌സണല്‍ ലോ ബില്ലുമായി ബന്ധപ്പെട്ട് രാജീവ് ഗാന്ധിയുമായി ഇടഞ്ഞ ആരിഫ് മുഹമ്മദ് ഖാന്‍ 1986 ല്‍ കോണ്‍ഗസ് വിട്ടു. രാജീവ് ഗാന്ധി സര്‍ക്കാരില്‍ മന്ത്രിയായിരിക്കെയാണ് രാജി. 

തുടര്‍ന്ന് ജനതാദളില്‍ ചേര്‍ന്ന ആരിഫ് മുഹമ്മദ് ഖാന്‍ 1989 ല്‍ വീണ്ടും ലോക്‌സഭയിലെത്തി. വി പി സിങ്ങിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ സര്‍ക്കാരില്‍ കേന്ദ്ര വ്യോമയാന- ഊര്‍ജ്ജ വകുപ്പ് മന്ത്രിയായി. പിന്നീട് ജനതാദളില്‍ നിന്നും ബിഎസ്പിയില്‍ ചേക്കേറി. 

2004 ലാണ് ആരിഫ് മുഹമ്മദ് ഖാന്‍ ബിജെപി ക്യാംപിലെത്തുന്നത്. തുടര്‍ന്ന് കാസിര്‍ഗഞ്ജ് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. 2007 ല്‍ ബിജെപി ക്യാംപ് വിട്ടെങ്കിലും, മുത്തലാഖ് വിഷയത്തോടെ ബിജെപിയുമായി വീണ്ടും അടുത്തു. പിന്നീട് ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു. 

മുസ്ലിം സമുദായത്തിലെ പരിഷ്‌കരണ വാദികളിലൊരാളായാണ് ആരിഫ് മുഹമ്മദ് ഖാന്‍ അറിയപ്പെടുന്നത്. കശ്മീര്‍ സ്വയംഭരണാവകാശം എടുത്തുകളഞ്ഞതിലടക്കം കേന്ദ്രസര്‍ക്കാരിനെ ന്യായീകരിച്ച് ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com