ടിക്കറ്റിന് 3000 രൂപ വാങ്ങി യാത്രക്കാരെ പെരുവഴിയിലിറക്കി; ബസിന് ഒരു ലക്ഷം രൂപ പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്

ബംഗളുരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തിയ ബസാണ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്
ടിക്കറ്റിന് 3000 രൂപ വാങ്ങി യാത്രക്കാരെ പെരുവഴിയിലിറക്കി; ബസിന് ഒരു ലക്ഷം രൂപ പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: ഒരു ടിക്കറ്റിന് 3000 രൂപ വീതം വാങ്ങി യാത്രക്കാരെ പെരുവഴിയില്‍ ഇറക്കാന്‍ ശ്രമിച്ച സ്വകാര്യബസില്‍ നിന്ന് മോട്ടോര്‍ വാഹന വകുപ്പ് ഒരു ലക്ഷം രൂപ പിഴ ഈടാക്കി. ബംഗളുരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തിയ ബസാണ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്. ശനിയാഴ്ച ഉച്ചയോടെ ബസ് പാറശാലയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

32 യാത്രക്കാരുമായെത്തിയ ബസ് കളിയിക്കാവിളയ്ക്ക് സമീപം ഇഞ്ചിവിളയില്‍ എത്തിയപ്പോള്‍ സര്‍വീസ് അവസാനിച്ചുവെന്ന് പറഞ്ഞ് യാത്രക്കാരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം വരെയാണ് ടിക്കറ്റെടുത്തതെന്നും ഇറങ്ങില്ലെന്നും യാത്രക്കാര്‍ പറഞ്ഞതോടെ വാക്കേറ്റമായി. യാത്രക്കാര്‍ പൊലീസില്‍ വിവരമറിയിച്ചതോടെ ബസ് വീണ്ടും യാത്ര പുറപ്പെട്ടു. കുറച്ച് ദൂരം പോയ ശേഷം വീണ്ടും വാഹനം നിര്‍ത്തി. മറ്റൊരു ബസില്‍ പോകണമെന്ന് യാത്രക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ മാറിക്കയറില്ലെന്ന് യാത്രക്കാര്‍ പറഞ്ഞതോടെ ജീവനക്കാര്‍ ബസില്‍ നിന്നിറങ്ങി പോവുകയായിരുന്നു. 

യാത്രക്കാരുടെ പരാതിയില്‍ മോട്ടര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി നികുതി അടയ്ക്കാതെ സംസ്ഥാനത്തേക്ക് പ്രവേശിച്ചതിന് ഒരുലക്ഷം രൂപ പിഴ ചുമത്തി. ഈടാക്കിയ ടിക്കറ്റ് നിരക്ക് തിരിച്ച് നല്‍കാനും നിര്‍ദ്ദേശിച്ചു. ഓണ്‍ലൈനായി ടിക്കറ്റെടുത്തവര്‍ക്ക് മുഴുവന്‍ തുകയും ബാങ്ക്അക്കൗണ്ടിലേക്ക് മടക്കി നല്കിയ ശേഷമേ യാത്രക്കാരെല്ലാം പകരമെത്തിയ വാഹനത്തില്‍ കയറാന്‍ തയാറായുള്ളു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com