നഗരസഭ ചെയര്‍പേഴസണെ ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല; സിപിഎം-കോണ്‍ഗ്രസ് കയ്യാങ്കളി, എംഎല്‍എയുടെ സത്യഗ്രഹം

അത്താണി മുണ്ടംപാലം റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട്  സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി
നഗരസഭ ചെയര്‍പേഴസണെ ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല; സിപിഎം-കോണ്‍ഗ്രസ് കയ്യാങ്കളി, എംഎല്‍എയുടെ സത്യഗ്രഹം

കൊച്ചി: അത്താണി മുണ്ടംപാലം റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട്  സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഉദ്ഘാടനത്തിനെത്തിയ സ്ഥലം എംഎല്‍എ പിടി തോമസിനെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. സിപിഎം പ്രതിനിധിയായ തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണെ പരിപാടിയ്ക്ക് ക്ഷണിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

ഉദ്ഘാടന ചടങ്ങില്‍ സിപിഎം വാര്‍ഡ് കൗണ്‍സിലര്‍ സിഎ നിഷാദിനെ അധ്യക്ഷനാക്കിയിരുന്നെങ്കിലും ചെയര്‍പേഴ്‌സണായ ഷീല ചാരുവിനെ ക്ഷണിച്ചിരുന്നില്ല. ഇതോടെ വാര്‍ഡ് കൗണ്‍സിലറിന്റെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ചടങ്ങ് നടക്കുന്ന മുണ്ടംപാലം ജംഗ്ഷനിലേക്ക് പ്രതിഷേധവുമായി നീങ്ങി.  ഇത് യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞതോടെ വാക്കേറ്റത്തിലേക്കും കയ്യാങ്കളിയിലേക്കും നീങ്ങുകയായിരുന്നു. പ്രതിഷേധക്കാര്‍ ഫ്‌ലക്‌സ് ബോര്‍ഡുകളും കസേരകളും നശിപ്പിച്ചു. പിടി തോമസ് എംഎല്‍എയെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതോടെ എംഎല്‍എ സത്യഗ്രഹമിരുന്നു. 

തൃക്കാക്കര ചെയര്‍പേഴ്‌സണ്‍ ഷീല ചാരു കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നയാളാണ്. ഇതോടെ യുഡിഎഫിന് നഗരസഭ ഭരണവും നഷ്ടപ്പെട്ടു. ഇതിന്റെ വൈരാഗ്യമാണ് ചെയര്‍പേഴ്‌സണെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് സിപിഎം ആരോപിക്കുന്നത്. എന്നാല്‍ എല്ലാവരെയും ക്ഷണിച്ചിരുന്നെന്നും സിപിഎം മനപ്പൂര്‍വം ചടങ്ങ് അലങ്കോലപ്പെടുത്തുകയായിരുന്നുവെന്നും പിടി തോമസ് എംഎല്‍എ പറഞ്ഞു.

പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. എംഎല്‍എയെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് യുഡിഎഫ് മുണ്ടംപാലം ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. എംഎല്‍എയുടെ പരാതിയില്‍ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com