പാല പിടിച്ചിട്ടുതന്നെ കാര്യം; ചെങ്ങന്നൂര്‍ മോഡലുമായി സിപിഎം

വൈക്കം വിശ്വന്‍, കെജെ തോമസ്, മന്ത്രി എംഎം മണി എന്നിവര്‍ പാര്‍ട്ടിക്കുവേണ്ടിയുള്ള ഏകോപനം നിര്‍വഹിക്കും
പാല പിടിച്ചിട്ടുതന്നെ കാര്യം; ചെങ്ങന്നൂര്‍ മോഡലുമായി സിപിഎം

കൊച്ചി: പാലായില്‍ സിപിഎം സ്ഥാനാര്‍ത്ഥി മത്സരിക്കുമ്പോഴുള്ള അതേ തയ്യാറെടുപ്പുകള്‍ എന്‍സിപി സ്ഥാനാര്‍ത്ഥി മാണി സി കാപ്പനുവേണ്ടിയും സ്വീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. ചെങ്ങന്നൂര്‍ മോഡല്‍ ആയിരിക്കും സംഘടനാതലത്തില്‍ പരീക്ഷിക്കുക. 

മൂന്ന് സെക്രട്ടറിയേറ്റ് അംഗങ്ങളെ പാലായുടെ മേല്‍നോട്ട ചുമതല ഏല്‍പ്പിച്ചു. വൈക്കം വിശ്വന്‍, കെജെ തോമസ്, മന്ത്രി എംഎം മണി എന്നിവര്‍ പാര്‍ട്ടിക്കുവേണ്ടിയുള്ള ഏകോപനം നിര്‍വഹിക്കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പൊതുവായ ചുമതല ഏറ്റെടുക്കും. പാലായില്‍ മൂന്നിന് പ്രവര്‍ത്തക യോഗത്തില്‍ കോടിയേരി പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ ഇടതുനേതാക്കള്‍ പങ്കെടുക്കുന്ന മണ്ഡലം കണ്‍വെന്‍ഷന്‍ നാലിന് ചേരും. സംസ്ഥാന കമ്മറ്റിയിലെ ചില അംഗങ്ങളെയും പാലായിലേക്ക് നിയോഗിക്കും. പഞ്ചായത്തുകളുടെ ചുമതല സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ക്കായിരിക്കും. ചെങ്ങന്നൂരില്‍ സമാനമായ രീതിയിലാണ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്.

അതേസമയം പാലായില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. കേരളാ കോണ്‍ഗ്രസ് പിസി തോമസ് വിഭാഗവും നാഷണിലിസ്റ്റ് കേരളാ കോണ്‍ഗ്രസും പാലാ സീറ്റിന് ആവശ്യപ്പെട്ടെങ്കിലും  ബിജെപി തന്നെ മത്സരിക്കാനാണ് തീരുമാനം. പരിഗണിക്കാവുന്ന മൂന്ന് പേര്‍ അടങ്ങുന്ന പാനല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേന്ദ്രനേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com