'വെറുപ്പിന്റെ പ്രചാരകര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുന്ന അരച്ചങ്കെങ്കിലും ഉള്ള മുഖ്യമന്ത്രിയെ ആണ് നാട് ആവശ്യപ്പെടുന്നത്'

വിഭാഗീയത ഉണ്ടാക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ ഇതിനു മുന്‍പും ഇത്തരം നുണകളുടെ കെട്ടഴിച്ചു വിട്ടിട്ടുണ്ട്
'വെറുപ്പിന്റെ പ്രചാരകര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുന്ന അരച്ചങ്കെങ്കിലും ഉള്ള മുഖ്യമന്ത്രിയെ ആണ് നാട് ആവശ്യപ്പെടുന്നത്'

മലപ്പുറം : പേരാമ്പ്ര കോളേജില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ പാക് പതാക ഉയര്‍ത്തി എന്ന പ്രചാരണത്തിനെതിരെ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. സംഘികള്‍ ഇത്തരം നുണപ്രചരണം നടത്തുന്നതു ഇതാദ്യമായല്ല. വിഭാഗീയത ഉണ്ടാക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ ഇതിനു മുന്‍പും ഇത്തരം നുണകളുടെ കെട്ടഴിച്ചു വിട്ടിട്ടുണ്ട്. എം എസ് എഫിന്റെ പതാകയെ ആണ് പാകിസ്ഥാന്‍ പതാക ആയി ചിത്രീകരിക്കുന്നതെന്ന് ഫിറോസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ശരിക്കും ഭീഷണമായ ഇന്ത്യന്‍ അവസ്ഥയില്‍ സംഘപരിവാര്‍ ശക്തികളോട് പ്രതിരോധിച്ചു നില്‍ക്കുക എന്ന് പറഞ്ഞാല്‍ അവരുടെ നുണകളുടെ കോട്ടകള്‍ പൊളിച്ചടക്കുക എന്നതുകൂടെയാണ്. പേരാമ്പ്ര കോളേജ് വിഷയത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ കേരള പൊലീസ് സ്വന്തം പതാകയുമായി പ്രചരണം നടത്തിയ എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. യഥാര്‍ത്ഥത്തില്‍ സമൂഹത്തില്‍ ഭിന്നതയും പരസ്പര വിദ്വേഷവും ഉണ്ടാക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു പിണറായിയുടെ പൊലീസ് കേസെടുക്കേണ്ടിയിരുന്നത്.

ആര്‍ എസ് എസ്സിന് പൊലീസ് ഒത്താശ ചെയ്യുന്നു എന്ന് പരിതപിക്കുന്ന ഇരട്ട ചങ്കുള്ള മുഖ്യമന്ത്രിയെ അല്ല കേരളത്തിനാവശ്യം വെറുപ്പിന്റെ പ്രചാരകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന അരച്ചങ്കെങ്കിലും ഉള്ള മുഖ്യമന്ത്രിയെ ആണ് നാട് ആവശ്യപ്പെടുന്നത്. പി കെ ഫിറോസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : 


ഒരു വശത്ത് 19 ലക്ഷം മനുഷ്യരെ ഒറ്റയടിക്ക് ഇന്ത്യക്കാരല്ലാതാക്കിയിരിക്കുന്നു. വേറൊരു വശത്ത് പശു സംരക്ഷണത്തിന്റെ പേരിലും ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിലും മനുഷ്യരെ തല്ലികൊല്ലുന്നു. അപരവത്കരിക്കപ്പെടുന്നതിന്റെയും കൊല്ലപ്പെടുന്നതിന്റെയും ഭീതിയില്‍ മുസ്‌ലിംകള്‍ രാജ്യത്ത് കഴിഞ്ഞ് കൂടുന്നു. മതേതര വിശ്വാസികള്‍ ജാഗ്രതയോടെ നില്‍ക്കേണ്ട സമയമാണിത്. ഒഴുക്കന്‍ മട്ടില്‍ ജാഗ്രത എന്നു പറഞ്ഞാല്‍ പോലും പോര അതീവ്ര ജാഗ്രത എന്നു തന്നെ പറയേണ്ട കാലം.

അപ്പോഴാണ് ഇങ്ങ് പേരാംബ്രയിലെ ഒരു കോളേജില്‍ പാക്ക് പതാക ഉയര്‍ത്തി എന്ന പ്രചരണം സംഘ്പരിവാര്‍ നടത്തുന്നത്. എം.എസ്.എഫ് പതാക കാണിച്ചാണ് പാക് പതാക വീശി എന്ന പ്രചരണം അവര്‍ നടത്തിയത്. സംഘികള്‍ അങ്ങിനെയൊരു നുണപ്രചരണം നടത്തുന്നതു ഇതാദ്യമായല്ല. വിഭാഗീയത ഉണ്ടാക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ ഇതിനു മുന്‍പും ഇത്തരം നുണകളുടെ കെട്ടഴിച്ചു വിട്ടിട്ടുണ്ട്. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വീശിയ പാര്‍ട്ടി പതാക പാക്കിസ്ഥാന്‍ പതാക ആണെന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ട് രാജ്യത്തുടനീളം പ്രമുഖ ബിജെപി നേതാക്കളടക്കം പ്രചരണം നടത്തിയിരുന്നു. ഇപ്പോള്‍ എം എസ് എഫിന്റെ പതാകയെ ആണ് പാകിസ്ഥാന്‍ പതാക ആയി ചിത്രീകരിക്കുന്നത്.

ശരിക്കും ഭീഷണമായ ഇന്ത്യന്‍ അവസ്ഥയില്‍ സംഘപരിവാര്‍ ശക്തികളോട് പ്രതിരോധിച്ചു നില്‍ക്കുക എന്ന് പറഞ്ഞാല്‍ അവരുടെ നുണകളുടെ കോട്ടകള്‍ പൊളിച്ചടക്കുക എന്നത് കൂടെയാണ്. പ്രേരാംബ്ര കോളേജ് വിഷയത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ കേരള പൊലീസ് സ്വന്തം പതാകയുമായി പ്രചരണം നടത്തിയ എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. യഥാര്‍ത്ഥത്തില്‍ എം എസ് എഫിന്റെ പതാക പാകിസ്ഥാന്റെ പതാക ആണെന്ന കള്ളം പ്രചരിപ്പിച്ചുകൊണ്ട് സമൂഹത്തില്‍ ഭിന്നതയും ജനങ്ങളില്‍ പരസ്പര വിദ്വേഷവും ഉണ്ടാക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു പിണറായിയുടെ പൊലീസ് കേസെടുക്കേണ്ടിയിരുന്നത്.

ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ക്കെതിരെ രാജസ്ഥാന്‍ ഗവണ്മെന്റ് നിയമനിര്‍മാണം നടത്തുന്നു. ഗോ സംരക്ഷകര്‍ തല്ലിക്കൊന്ന പെഹ്‌ലുഖാന്റെ കേസില്‍ പ്രതികളെ വെറുതെ വിട്ടയച്ച സെഷന്‍സ് കോടതിയുടെ വിധിക്കു മേല്‍ രാജസ്ഥാന്‍ ഗവണ്മെന്റ് അപ്പീല്‍ പോകുന്നു. കേസില്‍ പുനരന്വേഷണം പ്രഖ്യാപിക്കുന്നു.
പാകിസ്ഥാന്‍ ചാരസംഘടനയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകരെ മധ്യപ്രദേശ് ഗവണ്മെന്റ് നിയമത്തിനു മുന്നിലേക്ക് കൊണ്ട് വരുന്നു. ധീരമായ നടപടികളുമായി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഫാഷിസ്റ്റു ശക്തികളെ വിറപ്പിക്കുമ്പോഴാണ് പിണറായി വിജയന്റെ കീഴിലുള്ള കേരള പൊലീസ് സംഘ് പരിവാര്‍ ആവശ്യങ്ങളുടെ കീഴെ ഒപ്പു വെക്കുന്നത്.

ആര്‍ എസ് എസ്സിന് പൊലീസ് ഒത്താശ ചെയ്യുന്നു എന്ന് പരിതപിക്കുന്ന ഇരട്ട ചങ്കുള്ള മുഖ്യമന്ത്രിയെ അല്ല കേരളത്തിനാവശ്യം വെറുപ്പിന്റെ പ്രചാരകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന അരച്ചങ്കെങ്കിലും ഉള്ള മുഖ്യമന്ത്രിയെ ആണ് നാട് ആവശ്യപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com