ചെക്ക് കേസ്: ഒത്തുതീര്‍പ്പിനില്ല; നാസിലിന്റെ സിവില്‍ കേസ് ദുബൈ കോടതി തള്ളിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി
By സമകാലികമലയാളം ഡെസ്‌ക് | Published: 02nd September 2019 08:12 PM |
Last Updated: 02nd September 2019 08:12 PM | A+A A- |

ഫയല്‍ ചിത്രം
ദുബായ്: തനിക്കെതിരെ നാസില്‍ അബ്ദുള്ള നല്‍കിയ സിവില്‍ കേസ് ദുബൈ തള്ളിയതായി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ചെക്ക് കേസിനെ നിയമപരമായിത്തന്നെ നേരിടുമെന്നും കേസ് ജയിച്ച് എല്ലാ സത്യങ്ങളും മാധ്യമങ്ങളെ ബോധ്യപ്പെടുത്തിയ ശേഷമേ യുഎഇ വിടൂ എന്നും തുഷാര്‍ പറഞ്ഞു. നാസിലിന് താന്‍ ചെക്ക് നല്‍കിയിട്ടില്ലെന്ന വാദം തുഷാര്‍ ആവര്‍ത്തിക്കുകയും ചെയ്തു. കേസില്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പ് നടത്തില്ല. കേസിനെ നാസില്‍ വര്‍ഗീയവത്കരിക്കുന്നത് ദൗര്‍ഭാഗ്യകരമെന്നും തുഷാര്‍ പറഞ്ഞു.
ചെക്ക് കേസില്‍ ഒത്തുതീര്‍പ്പ് വൈകുന്ന സാഹചര്യത്തിലാണ് പരാതിക്കാരനായ നാസില്‍ അബ്ദുള്ള ദുബൈ കോടതിയില്‍ കഴിഞ്ഞ ദിവസം സിവില്‍ കേസ് നല്‍കിയത്. തുഷാര്‍ വെള്ളാപ്പള്ളിക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. എന്നാല്‍ മതിയായ രേഖകളില്ലെന്ന് കാണിച്ച് ഈ കേസ് കോടതി തള്ളുകയായിരുന്നുവെന്ന് ഇന്ന് വൈകുന്നേരം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി അവകാശപ്പെട്ടു.