പിഎസ്‌സി തട്ടിപ്പ്: അന്വേഷണം വ്യാപിപ്പിക്കുന്നു; മൂന്നുവര്‍ഷത്തെ റാങ്ക് ലിസ്റ്റ് പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച്

പിഎസ്‌സി തട്ടിപ്പ്: അന്വേഷണം വ്യാപിപ്പിക്കുന്നു; മൂന്നുവര്‍ഷത്തെ റാങ്ക് ലിസ്റ്റ് പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച്

പിഎസ്‌സി പരീക്ഷ തട്ടിപ്പില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തെ വിവരങ്ങള്‍ പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച്.

കൊച്ചി: പിഎസ്‌സി പരീക്ഷ തട്ടിപ്പില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തെ വിവരങ്ങള്‍ പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച്. മൂന്നുവര്‍ഷത്തെ റാങ്ക് ലിസ്റ്റുകളുടെ പൂര്‍ണവിവരങ്ങള്‍ വേണമെന്ന് പിഎസ്‌സി സെക്രട്ടറിക്ക് അന്വേഷണ സംഘം കത്തുനല്‍കും. മറ്റു പരീക്ഷകളിലും സമാന തട്ടിപ്പു നടന്നോ എന്നാണ് അന്വേഷിക്കുന്നത്. പരീക്ഷാതട്ടിപ്പില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ട പശ്ചാതലത്തിലാണ് നടപടി. ഇതുവരെയുള്ള അന്വേഷണത്തിന്റെ പുരോഗതി കോടതിയെ അറിയിക്കും. കേസില്‍ കീഴടങ്ങിയ പ്രതി ഗോകുലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. 

നേരത്തെ കേസില്‍ സ്വതന്ത്ര ഏജന്‍സിയുടെ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സമീപകാലത്തെ എല്ലാ പിഎസ്‌സി നിയമനങ്ങളും അന്വേഷിക്കണമെന്നും എങ്കില്‍മാത്രമേ ആ സ്ഥാപനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാനാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കി. എസ്എഫ്‌ഐ നേതാക്കള്‍ പ്രതിയായ പരീക്ഷാ ക്രമക്കേടു കേസില്‍ നാലാംപ്രതി സഫീറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. 

പിഎസ്‌സി മുഖാന്തരം അനര്‍ഹര്‍ ജോലിയില്‍ കയറുന്നത് തടയണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. നിലവിലെ അവസ്ഥ നിരാശാജനകമാണ്. സ്വതന്ത്ര ഏജന്‍സിയുടെ നിഷ്പക്ഷമായ അന്വേഷണമാണ് ഇക്കാര്യത്തില്‍ വേണ്ടത്. എങ്കില്‍മാത്രമേ വിശ്വാസ്യത വീണ്ടെടുക്കാനാവൂ ഹൈക്കോടതി ചൂണ്ടിക്കാട്ടി.

പരീക്ഷാ ക്രമക്കേടു കേസില്‍ പ്രതികളായ എല്ലാവരും പത്തു ദിവസത്തിനുള്ളില്‍ അന്വേഷണ സംഘത്തിനു മുമ്പാകെ കീഴടങ്ങണമെന്ന് കോടതി നിര്‍ദേശിച്ചു. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. അതുകൊണ്ടുതന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com