മജീദിന് മുന്നില്‍ മോഹനന്‍ വൈദ്യരൊക്കെ എന്ത്!; രോഗികള്‍ക്ക് വ്യാജ മരുന്ന് നല്‍കി വധശിക്ഷ വിധിക്കാന്‍ ലൈസന്‍സുള്ള മരണ വ്യാപാരി, കുറിപ്പ്

വ്യാജ ചികിത്സ നടത്തി ഒന്നര വയസ്സുള്ള കുട്ടി മരിച്ച സംഭവത്തില്‍ പൊലീസ് നരഹത്യയ്ക്ക് കേസെടുത്ത മോഹനന്‍ വൈദ്യര്‍ ഫെയര്‍ ഫാര്‍മ ടിഎ മജീദിന് മുന്നില്‍ വെറും തൃണമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ ജേക്കബ് ലാസര്‍
മജീദിന് മുന്നില്‍ മോഹനന്‍ വൈദ്യരൊക്കെ എന്ത്!; രോഗികള്‍ക്ക് വ്യാജ മരുന്ന് നല്‍കി വധശിക്ഷ വിധിക്കാന്‍ ലൈസന്‍സുള്ള മരണ വ്യാപാരി, കുറിപ്പ്


വ്യാജ ചികിത്സ നടത്തി ഒന്നര വയസ്സുള്ള കുട്ടി മരിച്ച സംഭവത്തില്‍ പൊലീസ് നരഹത്യയ്ക്ക് കേസെടുത്ത മോഹനന്‍ വൈദ്യര്‍ ഫെയര്‍ ഫാര്‍മ ടിഎ മജീദിന് മുന്നില്‍ വെറും തൃണമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ ജേക്കബ് ലാസര്‍. 'ലോകത്ത് ആദ്യമായി എയിഡ്‌സിന് മരുന്ന് കണ്ടുപിടിച്ച മനുഷ്യന്‍ അതാണ് ഡോക്റ്റര്‍? മജീദ്, മലയാളി. ചുരുക്കത്തില്‍ ആധുനിക കാലത്തെ ആദ്യകാല മോഹനന്‍ വൈദ്യരുടെ കാരണവര്‍. മോഹനന്‍ വൈദ്യരെക്കാള്‍ ക്രൂരന്‍. പക്ഷെ അയാളോളം മണ്ടനല്ല.- ജേക്കബ് ലാസര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

ടിഎ മജീദിനെക്കുറിച്ച് ബേക്കബ് ലാസര്‍ എഴുതിയ കുറിപ്പ് വായിക്കാം

മോഹനൻ വൈദ്യരൊക്കെ എന്ത്?


മജീദ് ബേസിക്കലി മൈനിങ്ങ് എഞ്ചിനിയറായിരുന്നു. പണത്തോടുള്ള ആർത്തി കൊണ്ട് ആദ്യം ഒരു ഫിനാൻസ് കമ്പനി തുടങ്ങി അത് ഉദ്യേശിച്ചപ്പോലെ കത്തിയില്ല .. അങ്ങിനെയിരിക്കെ ഫെയർ ടെക്സ്റ്റൈൽ എന്ന തുണിക്കട തുടങ്ങി. എറണാകുളം ബ്രോഡ്‌വെയിലേക്ക് കയറിയാൽ ആദ്യം കാണുന്നത് ഫെയർ ടെക്‌സ്റ്റൈൽസ് ആണ്. നാലു സാരി പത്ത് തോർത്ത് അണ്ടർവെയറിനുള്ള വരയൻ തുണികൾ . ഇത്രയുമായിരുന്നു അവിടെ ഉണ്ടായിരുന്നത് . പക്ഷെ പ്രസിദ്ധൻ ആയത് അയാളുടെ തുണിക്കടയുടെ പേരിൽ അല്ല . എഞ്ചിനീയർ എന്ന പേരിലും അല്ല . ഡോക്റ്റർ മജീദ് എന്നറിയപ്പെടാൻ ആയിരുന്നു നിയോഗം . നമ്മുടെ പത്താം ക്ലാസുകാരൻ കെമിക്കൽ എഞ്ചിനീയർ മോഹനൻ വൈദ്യരുടെ അതേ നിയോഗം .

ലോകത്ത് ആദ്യമായി എയിഡ്സിന് മരുന്ന് കണ്ടുപിടിച്ച മനുഷ്യൻ അതാണ് ഡോക്റ്റർ ? മജീദ് . മലയാളി . ചുരുക്കത്തിൽ ആധുനിക കാലത്തെ ആദ്യകാല മോഹനൻ വൈദ്യരുടെ കാരണവർ. മോഹനൻ വൈദ്യരെക്കാൾ ക്രൂരൻ . പക്ഷെ അയാളോളം മണ്ടൻ അല്ല . അയാളുടെ വീട് എളമക്കര പോകും വഴി കാണാം . കൊട്ടാരസമാനമാനമായ വീട് . വീടിന്റെ പേര് " വൈറസ്സ് ''

തൊണ്ണൂറുകളുടെ തുടക്കത്തിൽ മജീദിന്റെ മാനേജറുടെ ഭാര്യ ആലീസ് മഞ്ഞപ്പിത്തം ബാധിച്ച് ലിസി ഹോസ്പിറ്റലിൽ മരണത്തോട് മല്ലിടിച്ച് കഴിയുന്നു. ആരോ പറഞ്ഞ് കടവന്തറയിലുള്ള പത്മനാഭൻ വൈദ്യരുടെ അടുത്ത് ചെന്ന് വൈദ്യരുടെ കാമിലാരി എന്ന ലിവർ ടോണിക് വാങ്ങി കൊണ്ട് വന്ന് കൊടുക്കുന്നു. ലിസി ഹോസ്പിറ്റലിലെ ഡോ. ജോസഫ് കുര്യന്റെ ചികിത്സയും വൈദ്യരുടെ കാമിലാരിയും അതോ രണ്ടും കൂടിയോ ആയുസ്സ് നീട്ടി കിട്ടിയ ആലീസ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടു. മജീദിന്റെ മനസ്സിൽ ലഡ്ഡു പ്പൊട്ടി. !!! ......
"കരളിന് കാവൽ കമിലാരി " എന്ന ആയുർവേദ മരുന്നിന്റെ കേരളത്തിലെ വിതരണം മജീദ് ഏറ്റെടുക്കുന്നു. മരുന്നിന്റെ പേരു് Liv QR എന്ന് മോഡേൺ ആക്കുന്നു. ഇനി നിങ്ങൾക്ക് ധൈര്യമായി മദ്യം കഴിക്കാം Liv QR കരൾ സംരക്ഷിക്കും എന്ന രീതിയിലായിരുന്നു പത്രങ്ങളിൽ പരസ്യം .മദ്യപാനികൾ മദ്യത്തോടൊപ്പം Liv QR ഉം കഴിച്ചു. കച്ചവടം പൊടിപൊടിച്ചു. ഇതിനിടെ വൈദ്യരുടെ നാല് ജീവനക്കാരെ സ്വാധീനിച്ച് ആയുർവേദ മരുന്ന് കൂട്ട് മോഷ്ടിച്ച് സ്വന്തമായി ഉൽപാദനവും വിതരണവും തുടങ്ങി. വൈദ്യരുടെ മരുന്നിൽ മജീദിന് പൂർണ വിശ്വാസം ആയിരുന്നു. ഈ കാലയളവിൽ തിരുവനന്തപുരം കിളിമാനൂർ സ്വദേശിനിയായ ചിത്രയ്ക്കും കുഞ്ഞിനും എയ്ഡ്സ് ബാധിച് സമൂഹ്യ വിലക്ക് ഉണ്ടാകുന്നത്. ആരും ഇവരുടെ അടുത്ത് പോകാത്ത സമയത്ത് മജീദ് ഒരു രക്ഷകനായി അവതരിക്കുന്നു. ഇതിനിടെ Liv QR , Immuno QR ആയി അവതരിക്കുന്നു. Immuno QR ആണ് എയ്ഡ്സിനുള്ള മരുന്നായി അവതരിപ്പിച്ചത്.. അത് കഴിച്ച് ചിത്രയുടേയും കുഞ്ഞിന്റേയും അസുഖം മാറിയതായി പ്രസ്താവിക്കുന്നു . ചിത്രയെ ബാബുവിനെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നു.

മജീദ് ദേശീയ പ്രശസ്തനാകുന്നു. 2000 - 2001 ൽ കേരളത്തിലെ ഏറ്റവും വലിയ നികുതി ദായകനാകുന്നു. തൊട്ട് പുറകിൽ കൊച്ചൊസേപ്പ് ചിറ്റലിപ്പിള്ളി. അന്ന് മജീദിന് 100 കോടി വിറ്റ് വരവ്. എറണാകുളം ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് മാതൃകാ നികുതി ദായകനായി പ്രഖ്യാപിക്കാനൊരുങ്ങുന്നു. 
15 കോടിയിൽ പരം നികുതി അടച്ച വർഷം. 2000 ൽ ചിത്ര മരിക്കുന്നു. അന്ന് സൂര്യ ടിവിൽ ആനുകാലിക വിഷയങ്ങൾ അവതരിപ്പിച്ചിരുന്ന NTV യിൽ ശ്രി. എം.ജി. അനീഷിന്റെ (ഇപ്പോൾ ഏഷ്യ നെറ്റ് ) മജീദിന്റെ തട്ടിപ്പുകൾ തുറന്ന് കാട്ടുന്ന പരിപാടി വരുന്നു. തുടർ പരമ്പര വാർത്തകൾ കേരളശബ്ദത്തിലും 
(ചെറുകര സണ്ണി ലൂക്കോസും അജയൻ ഓച്ചൻന്തുരുത്തും) മാധ്യമത്തിലും( സന്തോഷ് ബാബു... ഇപ്പോൾ ദേശാഭിമാനി ) മറ്റ് രണ്ടാം നിര പത്രങ്ങളിലും വരുന്നു. മജീദിന്റെ പരസ്യ വരുമാനം കിട്ടികൊണ്ടിരുന്ന പ്രധാന പത്രങ്ങൾ വാർത്തകൾ കൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിച്ചു.

2001 ൽ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടിസ് ന് വേണ്ടി വിളയോടി വേണുഗോപാലും ഭാരതീയ യുക്തിവാദി സംഘത്തിന് വേണ്ടി സി.ഐ.ഉമ്മനും കൂടി ഹൈക്കോടതിയിൽ മരുന്ന് നിരോധിക്കാൻ അഡ്വ. കെ. ജയകുമാർ മുഖേനെ പൊതുതാൽപര്യ ഹർജി നൽകി. ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് മൂന്നാം നാൾ മജീദിന്റെ മുഴുവൻ മരുന്ന് ഉൽപാദനവും വിതരണവും പരസ്യവും നിരോധിക്കുന്നു. മജീദ് സുപ്രീം കോടതിയെ സമീപിക്കുന്നു. എന്നാൽ സുപ്രീം Immuno QR ഒഴികെ മറ്റ് രോഗങ്ങൾക്കുള്ള മരുന്നുകൾ ഉൽപാദിപ്പിക്കാൻ അനുമതി നൽകുന്നു. 
അന്ന് കിട്ടിയ അനുമതിയുടെ ബലത്തിൽ ഇപ്പോഴും ശവംതീനിയായി ജീവിക്കുകയാണ് മജീദ് . Immuno QR പുതിയ പേരീൽ അവതരിച്ചു. അതാണ് CFS QR .
മരിക്കാൻ കിടക്കുന്നവന് മരുന്നിന്റെ പേരിന് പ്രസക്തിയില്ല. മരുന്നിന് പേരുണ്ടെങ്കിലും ഇല്ലെങ്കിലും അവനത് വാങ്ങി കഴിക്കും. അതിനവൻ ലക്ഷങ്ങൾ മുടക്കും .ജീവിക്കാനുള്ള ആഗ്രഹത്തിന് മുന്നിൽ മരുന്നിന്റെ പേരുകൾ അപ്രസ്ക്ത്മാകും. ചികിത്സകന്റെ പേരിന് മുന്നിലും പിറകിലുമുള്ള ഡിഗ്രികൾ പോലും അപ്പോൾ അപ്രസക്തം.

ഫെയർ ഫാർമ ടി.എ.മജീദ് ഇപ്പോഴും ഇരകളെ കാത്ത് നിൽക്കുന്നു.

കാൻസർ : വെറും 200 ദിവസം കൊണ്ട് മജീദ് മാറ്റും. ഒരു ബോട്ടിലിന് വെറും 1300/- ആണ് വില. കാൻസർ മാറാൻ 32 ബോട്ടിൽ കഴിക്കണം മരുന്നിന്റെ പേര് CFS QR.

കൊളസ്ട്രോൾ : വെറും 100 ദിവസം കൊണ്ട് മാറും. 16 ബോട്ടിൽ കഴിക്കണം. ഒരു ബോട്ടിലിന് 600/- രൂപ. മരുന്നിന്റെ പേര് Cholesterol QR

ക്ഷയം: ക്ഷയത്തിനുള്ള മരുന്ന് കഴിച്ചാൽ ശ്വാസ നാളം ശുദ്ധിയാകുമെന്ന് മാത്രമല്ല ക്ഷയവും മാറും. 100 ദിവസം കൊണ്ട് ടിബി പമ്പ കടക്കും. ഒരു ബോട്ടിലിന് വെറും 425 രൂപ മാത്രം. മരുന്നിന്റെ പേര് Eyasm QR.

ആൻറി വൈറൽ ഡിസീസ് : (എയ്ഡ്സിന് മജീദ് ഇട്ട പുതിയ പേരാണ് ) CFS QR 200 ദിവസം കഴിക്കണം കൂടാതെ ക്ഷയത്തിനുള്ള Eyasm QR 100 ദിവസം കഴിക്കണം മേമ്പൊടിക്ക് 100 ദിവസം Cholesterol QR 100 കഴിച്ചാൽ രോഗം മാറും.

കരൾ രോഗം: കരൾവീക്കം, മഞ്ഞപ്പിത്തം , ഹെപ്പറ്റൈറ്റിസ് B യും C യും മാറാൻ മജീദ് നിർദ്ദേശിക്കുന്നത് CFS QR 200 ദിവസം cholestrel QR 100 ദിവസം കെടാതെ Eyasm QR 100 ദിവസം

(CFS QR 1300/- Per Bottle, 16 ബോട്ടിൽ, 600/- per Bottle വിലയുള്ള കൊളൊസ്ട്രോൾ QR 12 ബോട്ടിൽ കൂടാതെ 425/- വിലയുള്ള 8 ബോട്ടിൽ Eyasm QR).

തയ്റോയ്ഡ്: CFS QR നാല് ബോട്ടിൽ അറുപത് ദിവസം കഴിച്ചാൽ മാറും.

സ്പിനോമെലാലി,:
ഡിസ്ലെക്സിയ : പോലുള്ള ജനിതക തകരാറുകൾക്കും CFS QR 100 ദിവസം കഴിച്ചാൽ മതി.
വൃക്ക : മാറ്റി വയ്ക്കൽ ശസ്ത്രക്രിയ ഒഴിവാക്കാം വെറും 100 ദിവസം CFS QR ഉം Cholesterol QR കൂടിയ കോമ്പിനേഷൻ തെറാപ്പി കൊണ്ട് രോഗം മാറ്റി കൊടുക്കും.

Dimensia , Alzheimers,Depression : നും CFS QR തന്നെ.

ഈ ലിസ്റ്റ് തീരുന്നില്ല. എല്ലാ മാറാ വ്യാധികൾക്കും മജീദ് വശം ഡ്രഗ്സ് കൺട്രോളർന്മാർ അനുവദിച്ച ലൈസൻസുകളുള്ള മരുന്നുണ്ട് . പല രോഗങ്ങൾക്കും ഒരെ മരുന്നും മറ്റ് മരുന്നുകളുടെ കൂട്ടും ചേർത്ത് വിൽക്കുന്ന സൂപ്പർ മാനാണ് മജീദ്. ചുരുക്കൽ രോഗികൾക്ക് വ്യാജ മരുന്ന് നൽകി വധശിക്ഷ വിധിക്കാൻ ലൈസൻസുള്ള ഏക മരുന്ന് (മരണ വ്യാപാരി ) വ്യാപാരി .

മജീദിന് മുമ്പിൽ മോഹനൻ വൈദ്യന്മാർ വെറും തൃണം ..

അഭ്യർത്ഥന: മജീദിന്റെ ലൈസൻസ് റദ്ദ് ചെയ്യുന്നതു വരെ ഈ പോസ്റ്റ് ഷെയർ ചെയ്യണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com