മന്ത്രി ജി സുധാകരന്റെ പരിപാടിക്ക് പുനെയില്‍ പൊലീസ് അനുമതി നിഷേധിച്ചു; ആര്‍എസ്എസ് സമ്മര്‍ദ്ദമെന്ന് ആരോപണം

പുനെയില്‍ കേരള പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ പരിപാടിക്ക് പൊലീസ് അനുമതി നിഷേധിച്ചു
മന്ത്രി ജി സുധാകരന്റെ പരിപാടിക്ക് പുനെയില്‍ പൊലീസ് അനുമതി നിഷേധിച്ചു; ആര്‍എസ്എസ് സമ്മര്‍ദ്ദമെന്ന് ആരോപണം

പുനെ: പുനെയില്‍ കേരള പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ പരിപാടിക്ക് പൊലീസ് അനുമതി നിഷേധിച്ചു. ശനിയാഴ്ച വൈകീട്ട് നിഗഡി ശ്രീകൃഷ്ണക്ഷേത്രത്തിലെ പാഞ്ചജന്യം ഹാളില്‍ നടക്കേണ്ടിയിരുന്ന കവിസംഗമത്തിനാണ് അനുമതി നിഷേധിച്ചത്. പരിപാടിയുടെ ഉദ്ഘാടകനായിരുന്നു മന്ത്രി. പൊലീസ് നടപടി ആര്‍എസ്എസ് സമ്മര്‍ദംമൂലമാണെന്ന് ആരോപണമുണ്ട്.

ആദ്യം വേദി നിശ്ചയിച്ചിരുന്നത് നിഗഡിപ്രാധികരണിലുള്ള വീര്‍സവര്‍ക്കര്‍ സദനിലായിരുന്നു. എന്നാല്‍, ചില കേന്ദ്രങ്ങളില്‍നിന്നുള്ള ഭീഷണിയെത്തുടര്‍ന്ന് ഹാളിന്റെ ഉടമ 'ബുക്കിങ്' റദ്ദാക്കിയിരുന്നു.തുടര്‍ന്നാണ് ശ്രീകൃഷ്ണക്ഷേത്രത്തിലെ പാഞ്ചജന്യം ഹാളിലേക്ക് പരിപാടി മാറ്റിയത്. എന്നാല്‍, വൈകീട്ട് മൂന്നുമണിയോടെയാണ് പോലീസ് പാഞ്ചജന്യം ഹാളില്‍ പരിപാടി നടത്താനുള്ള അനുവാദം റദ്ദാക്കിയെന്ന് അറിയിക്കുന്നത്. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം അമ്പതോളം പൊലീസുകാര്‍ ക്ഷേത്രത്തിലെത്തിയിരുന്നു.

തുടര്‍ന്ന് വേദി, പരിപാടിയുടെ സംഘാടകനായ 'വാഗ്‌ദേവത' മാനേജിങ് എഡിറ്ററും ജില്ലാ കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ എന്‍ ജി ഹരിദാസിന്റെ ഓഫീസ് പരിസരത്തേക്ക് മാറ്റി. നിശ്ചയിച്ചതിലും രണ്ടുമണിക്കൂര്‍ വൈകി ആരംഭിച്ച പരിപാടി മന്ത്രി സുധാകരന്‍ ഉദ്ഘാടനംചെയ്തു.

ശബരിമല വിഷയത്തില്‍ മന്ത്രി സുധാകരന്‍ എടുത്ത നിലപാടില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള ചില സംഘടനകള്‍ നേരത്തേ ഈ പരിപാടിക്കെതിരേ രംഗത്തുവന്നിരുന്നു.പൊലീസിനെ ഉപയോഗിച്ച് പരിപാടിക്ക് അനുമതി നിഷേധിച്ചതിനെക്കുറിച്ച് മഹാരാഷ്ട്ര ആഭ്യന്തരവകുപ്പ് അന്വേഷിക്കണമെന്ന് ജി സുധാകരന്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com