വട്ടിയൂര്‍ക്കാവില്‍ കുമ്മനം മതി; മണ്ഡലം കമ്മിറ്റിയുടെ നിര്‍ദേശം സംസ്ഥാന നേതൃത്വത്തിന്, പട്ടികയില്‍ ആറു പേരുകള്‍

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍  കുമ്മനം രാജശേഖരന്‍ ബിജെപി സ്ഥാനാര്‍ഥിയാവണമെന്ന് മണ്ഡലം കമ്മിറ്റിയുടെ നിര്‍ദേശം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍  കുമ്മനം രാജശേഖരന്‍ ബിജെപി സ്ഥാനാര്‍ഥിയാവണമെന്ന് മണ്ഡലം കമ്മിറ്റിയുടെ നിര്‍ദേശം. കുമ്മനത്തിന്റെ പേര് ഒന്നാമതായി നിര്‍ദേശിച്ച പട്ടിക മണ്ഡലം കമ്മിറ്റി സംസ്ഥാന തെരഞ്ഞെടുപ്പു സമിതിക്കു കൈമാറി.

കുമ്മനം ഉള്‍പ്പെടെ ആറു പേരുടെ പട്ടികയാണ് മണ്ഡലം കമ്മിറ്റി കൈമാറിയിട്ടുള്ളത്. ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷാണ് പട്ടികയില്‍ രണ്ടാമത് ഉള്ളത്. മണ്ഡലം കമ്മിറ്റിയുടെ ഭൂരിഭാഗം പേരും കുമ്മനം രാജശേഖരന്റെ പേരാണ് നിര്‍ദേശിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആയിരിക്കെ മിസോറം ഗവര്‍ണര്‍ ആയി നിയമിതനായ കുമ്മനം, സ്ഥാനം രാജിവച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ശശി തരൂരിനോടു പരാജയപ്പെട്ടെങ്കിലും മികച്ച പ്രവര്‍ത്തനമാണ് കുമ്മനം കാഴ്ചവച്ചത്. ഇത് ഉപതെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി വിലിയിരുത്തുന്നത്.

വിവി രാജേഷ്, ജെആര്‍ പദ്മകുമാര്‍, പികെ കൃഷ്ണദാസ്, കെ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളും മണ്ഡലം കമ്മിറ്റി മുന്നോട്ടുവച്ച പട്ടികയിലുണ്ട്. സാധ്യതകള്‍ വിലയിരുത്തിയാവും ഇതില്‍ സംസ്ഥാന തെരഞ്ഞെടുപ്പു സമിതി തീരുമാനമെടുക്കുക. മൂന്നു പേരുകളാവും സംസ്ഥാന സമിതി കേന്ദ്ര നേതൃത്വത്തിന് നിര്‍ദേശിക്കുകയെന്നാണ് സൂചന.

കെ മുരളീധരന്‍ പാര്‍ലമെന്റ് അംഗമായ ഒഴിവിലാണ് വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. കഴിഞ്ഞ തവണ മുരളീധരനോടു മത്സരിച്ച കുമ്മനം രണ്ടാമത് എത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com