അപായച്ചങ്ങല വലിച്ച് ട്രെയിനില്‍ നിന്ന് ഇറങ്ങി ഓടി; ചെന്നുപെട്ടത് ആര്‍പിഎഫിന് മുന്നില്‍; മുന്നൂറോളം പേരെ ചോദ്യം ചെയ്ത് ആളെ കണ്ടെത്തി

ഇത് സ്ഥിരം പരിപാടിയാണെങ്കിലും ഇത്തവണ ട്രെയിന്‍ 2 മണിക്കൂര്‍ ലേറ്റായതാണ് ഇവര്‍ക്ക് പാരയായത്
അപായച്ചങ്ങല വലിച്ച് ട്രെയിനില്‍ നിന്ന് ഇറങ്ങി ഓടി; ചെന്നുപെട്ടത് ആര്‍പിഎഫിന് മുന്നില്‍; മുന്നൂറോളം പേരെ ചോദ്യം ചെയ്ത് ആളെ കണ്ടെത്തി

ആലുവ; മുന്നൂറോളെ പേരെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചയാളെ കണ്ടെത്തി ആര്‍പിഎഫ്. ഇന്നലെ ആലുവ റെയില്‍വേ സ്റ്റേഷനിലാണ് സംഭവമുണ്ടായത്. ബംഗാളില്‍ നിന്നുള്ള ആയിരക്കണക്കിനു തൊഴിലാളികള്‍ കേരളത്തിലേക്കു വരുന്നതു ഹൗറ-എറണാകുളം എക്‌സ്പ്രസാണ് ഇതര സംസ്ഥാന തൊഴിലാളികളില്‍ ഒരാള്‍ അപായ ചങ്ങല വലിച്ച് നിര്‍ത്തിച്ചത്. ഇത് സ്ഥിരം പരിപാടിയാണെങ്കിലും ഇത്തവണ ട്രെയിന്‍ 2 മണിക്കൂര്‍ ലേറ്റായതാണ് ഇവര്‍ക്ക് പാരയായത്. 
 
ആലുവയില്‍ ട്രെയിനിനു സ്‌റ്റോപ് ഇല്ലാത്തതിനാല്‍ ബംഗാളില്‍ നിന്നു വരുന്നവര്‍ ഇവിടെ എത്തുമ്പോള്‍ അപായച്ചങ്ങല വലിക്കുകയാണ് പതിവ്. ട്രെയിന്‍ നിര്‍ത്തുമ്പോള്‍ കൂട്ടത്തോടെ ഇറങ്ങിയോടും. രാവിലെ 5.50നാണ് ട്രെയിന്‍ എത്തുക. പ്ലാറ്റ്‌ഫോമില്‍ ആ സമയത്തു പരിശോധകര്‍ കുറവായിരിക്കും. ഇന്നലെ 2 മണിക്കൂര്‍ വൈകി 8നാണ് ട്രെയിന്‍ എത്തിയത്. എന്നാല്‍ ഈ സമയത്ത് പരിശോധന കര്‍ശനമായിരുന്നു. ട്രെയില്‍ നിന്ന് പതിവുപോലെ ഇവര്‍ ഇറങ്ങി ഓടിയെങ്കിലും ചെന്നുപെട്ടത് ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ മുന്നിലായിരുന്നു. 

രണ്ടായിരത്തോളം പേര്‍ ഇറങ്ങിയതില്‍ നിന്ന് കയ്യില്‍കിട്ടിയവരെയെല്ലാം ഉദ്യോഗസ്ഥര്‍ പൊക്കി. റെയില്‍വേ സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ ടെറസ്സില്‍ കൊണ്ടുപോയി ആര്‍പിഎഫ് ചോദ്യം ചെയ്തു. ഒടുവില്‍ ചങ്ങല വലിച്ചയാള്‍ കുറ്റം സമ്മതിച്ചു.ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ജാമ്യത്തില്‍വിട്ടു. റെയില്‍വേ മജിസ്‌ട്രേട്ടിന്റെ അടുത്ത സിറ്റിങ്ങില്‍ ഹാജരാകാന്‍ നോട്ടിസ് നല്‍കി. 6 മാസം തടവോ 1000 രൂപ പിഴയോ രണ്ടും ഒരുമിച്ചോ ആണ് ശിക്ഷ. 
 
ഹൗറ എക്‌സ്പ്രസിനു പണ്ട് ആലുവയില്‍ സ്‌റ്റോപ്പുണ്ടായിരുന്നു. അതു നിര്‍ത്തലാക്കിയത് ഇതര സംസ്ഥാന തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. എറണാകുളം വരെ ബസില്‍ പോയാണ് അവര്‍ ട്രെയിന്‍ കയറുന്നത്. മടക്കയാത്രയിലും അവിടം വരെ പോകാനുള്ള ബുദ്ധിമുട്ടോര്‍ത്താണു ചങ്ങല വലിക്കുന്നത്. സ്‌റ്റോപ് പുനഃസ്ഥാപിച്ചാല്‍ പ്രശ്‌നം പരിഹരിക്കാം. ആര്‍പിഎഫ് ഇന്നലെ കസ്റ്റഡിയിലെടുത്ത എല്ലാവരും എറണാകുളം വരെയുള്ള ടിക്കറ്റെടുത്തിരുന്നു. ചങ്ങല വലിച്ചതിനെ തുടര്‍ന്ന് അര മണിക്കൂര്‍ വൈകിയാണ് ഹൗറ എക്‌സ്പ്രസ് ആലുവയില്‍ നിന്നു പുറപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com