'ജാതിഹിന്ദുത്വത്തെ പ്രീണിപ്പിക്കാനുള്ള കുഴലൂത്താണെങ്കില്‍ സര്‍ക്കാര്‍ പദവിയും ഖജനാവിലെ ശമ്പളവും പറ്റി അതു വേണ്ട'

വാക്കിലിത്ര വിഷ(വംശവൈര)മെങ്കില്‍ ശ്വാസത്തിലും പ്രവൃത്തിയിലുമതു കാണാതെ വരില്ല
'ജാതിഹിന്ദുത്വത്തെ പ്രീണിപ്പിക്കാനുള്ള കുഴലൂത്താണെങ്കില്‍ സര്‍ക്കാര്‍ പദവിയും ഖജനാവിലെ ശമ്പളവും പറ്റി അതു വേണ്ട'

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ഒരു വിവാഹത്തില്‍ വധുവിന്റെ പേര് ഹിന്ദുപേരല്ല എന്ന കാരണത്തില്‍ വിവാഹ രജിസ്‌ട്രേഷന്‍ തടഞ്ഞ സംഭവത്തില്‍ ഗുരുവായൂര്‍ നഗരസഭയിലെ ഉദ്യോഗസ്ഥനെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് എഴുത്തുകാരന്‍ ഡോ. ആസാദ്. ഏതു പേരു സ്വീകരിക്കാനും വ്യക്തികള്‍ക്ക് അവകാശമുണ്ട്. പേരിന് മതമില്ലെന്ന് മതേതര രാജ്യത്തെ ഉദ്യോഗസ്ഥരെ ആരാണ് പഠിപ്പിക്കുക. അഥവാ ഇത് ജാതിഹിന്ദുത്വത്തെ പ്രീണിപ്പിക്കാനുള്ള കുഴലൂത്താണെങ്കില്‍ സര്‍ക്കാന്‍ പദവിയും ഖജനാവിലെ ശമ്പളവും പറ്റി അതു വേണ്ടെന്ന് ആസാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഗുരുവായൂര്‍ നഗരസഭയിലാണ് വിവാഹരജിസ്‌ട്രേഷനെച്ചൊല്ലി വിവാദമുണ്ടായത്. കഴിഞ്ഞ 24ന് ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വിവാഹിതരായ ദീപക് രാജ്ക്രിസ്റ്റീന ദമ്പതിമാരുടെ രജിസ്‌ട്രേഷനാണ് മുടങ്ങിയത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന അന്തരിച്ച കെ. ജയചന്ദ്രന്റെയും കോഴിക്കോട്ടെ അഭിഭാഷക ആനന്ദകനകത്തിന്റെയും മകളാണ് ക്രിസ്റ്റീന. തിങ്കളാഴ്ച രാവിലെയാണ് ഇവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനെത്തിയത്.

രജിസ്‌ട്രേഷനുവേണ്ട എല്ലാ രേഖകളും ഇവര്‍ ഹാജരാക്കി. അച്ഛനും അമ്മയും ഹിന്ദുവാണെന്ന് തെളിയിക്കുന്ന രേഖകളും കാണിച്ചു. ഇതെല്ലാം പരിശോധിച്ച ഉദ്യോഗസ്ഥന്‍ വധുവിന്റെ പേരിലാണ് ഉടക്കിയത്. സര്‍ട്ടിഫിക്കറ്റില്‍ അവരുടെ മുഴുവന്‍ പേര് ക്രിസ്റ്റീന എമ്പ്രെസ്സ് എന്നാണ്. ഇത് ക്രിസ്ത്യന്‍പേരാണെന്നും ഹിന്ദുവിവാഹനിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥന്റെ വാദം.

കുറിപ്പന്റെ പൂര്‍ണരൂപം


ഗുരുവായൂര്‍ നഗരസഭ കേരളത്തിലല്ലെന്നു തോന്നുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പേരു തടസ്സമാണത്രെ. നഗരസഭകള്‍ക്കുമേലുണ്ടല്ലോ ഒരു മന്ത്രാലയം. ഒരു മന്ത്രിയും. അടിയന്തര നടപടി വേണ്ട കാര്യമാണ്. ആ ഉദ്യോഗസ്ഥന്‍ ഏതു നിയമമാണ് പിന്തുടരുന്നതെന്ന് അറിയണം. അര്‍ഹമായ ഇടമനുവദിച്ച് അയാളെ മാറ്റിയിരുത്തണം.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ഒരു വിവാഹത്തില്‍ വധുവിന്റെ പേര് ഹിന്ദുപേരല്ല എന്നാണത്രെ അദ്ദേഹത്തിന്റെ കണ്ടുപിടുത്തം. വാര്‍ത്തയില്‍ കണ്ടതു സത്യമാണെങ്കില്‍ വളരെ ഗൗരവമുള്ള വിഷയമാണിത്. ഏതു പേരു സ്വീകരിക്കാനും വ്യക്തികള്‍ക്ക് അവകാശമുണ്ട്. പേരിന് മതമില്ലെന്ന് മതേതര രാജ്യത്തെ ഉദ്യോഗസ്ഥരെ ആരാണ് പഠിപ്പിക്കുക? അഥവാ ഇത് ജാതിഹിന്ദുത്വത്തെ പ്രീണിപ്പിക്കാനുള്ള കുഴലൂത്താണെങ്കില്‍ സര്‍ക്കാന്‍ പദവിയും ഖജനാവിലെ ശംബളവും പറ്റി അതു വേണ്ട.

നമ്മുടെ നവോത്ഥാനം സൃഷ്ടിച്ചത് ഇത്തരം വികൃത സ്വത്വങ്ങളെയാണല്ലോ! മറ്റൊരാളുടെ കഥ സാമൂഹിക മാധ്യമങ്ങളിലുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലുള്ള ആകാശവാണിയിലെ ഉദ്യോഗം ഒരാളെ പഠിപ്പിച്ചതു അന്യമതത്തെ ഉന്മൂലനം ചെയ്യണമെന്നാണ്! അവരുടെ കയ്യില്‍നിന്നു വെള്ളം വാങ്ങി കുടിക്കരുത്. സമീപത്തുകൂടി നടക്കാന്‍ പോലും ശ്രദ്ധിക്കണം. വാക്കിലിത്ര വിഷ(വംശവൈര)മെങ്കില്‍ ശ്വാസത്തിലും പ്രവൃത്തിയിലുമതു കാണാതെ വരില്ല.

കേരളത്തിനെന്തു രോഗമാണ് ബാധിക്കുന്നതെന്ന് ഇവരെ നോക്കിയാലറിയാം. പരീക്ഷണ ജന്തുക്കളായി ഇവരെ കാണുകയും അകറ്റി പോറ്റുകയും വേണം. ആപത്ത് വരുമ്പോള്‍ ഇവരുടെ ഉള്‍പ്പുളകം നമുക്കുള്ള മുന്നറിയിപ്പാവും. വടക്കെങ്ങോ ഒരു ചെകുത്താന്‍ പിറന്നിരിക്കുന്നു എന്ന കേട്ടുകേള്‍വിയാണ് രോഗകീടങ്ങള്‍ക്കു തിമര്‍പ്പാവുന്നത്. പ്രതിരോധമരുന്ന് നൂറ്റാണ്ടുമുമ്പു കണ്ടെത്തിയതിന്റെ ബാക്കിയുണ്ടെങ്കില്‍ അതിപ്പോഴാണ് പുറത്തു കാണേണ്ടത്. പ്രയോഗിക്കേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com